രഞ്ജി ട്രോഫി: സൗരാഷ്ട്രയെ വീഴ്ത്തി വിദര്‍ഭയ്ക്ക് കിരീടം

സ്പോര്‍ട്സ് ഡസ്ക്
Thursday, February 7, 2019

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭയ്ക്ക് തുടര്‍ച്ചയായ രണ്ടാം കീരീടം. ഫൈനലില്‍ സൗരാഷ്ട്രയെ 78 റണ്‍സിന് കീഴടക്കിയാണ് വിദര്‍ഭ കിരീടത്തില്‍ മുത്തമിട്ടത്. 206 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ദിനം ക്രീസിലിറങ്ങിയ സൗരാഷ്ട്രയുടെ ഇന്നിംഗ്സ് 127 റണ്‍സില്‍ അവസാനിച്ചു.

ആറു വിക്കറ്റ് വീഴ്ത്തിയ ഇടം കൈയന്‍ സ്പിന്നര്‍ ആദിത്യ സര്‍വതെയും മൂന്ന് വിക്കറ്റെടുത്ത അക്ഷയ് വാഖറെയും ചേര്‍ന്നാണ് സൗരാഷ്ട്രയെ തകര്‍ത്തത്. മത്സരത്തിലാകെ 11 വിക്കറ്റും 49 റണ്‍സും നേടിയ സര്‍വതെയാണ് കളിയിലെ താരം. സ്കോര്‍ വിദര്‍ഭ 312, 200, സൗരാഷ്ട്ര 307, 127.

52 റണ്‍സെടുത്ത വിശ്വരാജ് ജഡേജ മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ സൗരാഷ്ട്രക്കായി ചെറുത്തുനിന്നത്. കഴിഞ്ഞ രണ്ടു സീസണിലും പരാജയമറിയാതെയാണ് വിദര്‍ഭ കിരീട നേട്ടത്തിലെത്തിയത്. ആദിത്യ സര്‍വതെയുടെ ഓള്‍ റൗണ്ട് പ്രകടനമാണ് വിദര്‍ഭയ്ക്ക് ജയമൊരുക്കിയത്. മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സിലും ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയെ പുറത്താക്കിയതും സര്‍വതെയായിരുന്നു.

രഞ്ജി ട്രോഫി ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആറാമത്തെ ടീമാണ് വിദര്‍ഭ. മുംബൈ, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഡല്‍ഹി ടീമുകളാണ് മുമ്പ് കിരീടം നിലനിര്‍ത്തിയവര്‍. 2012-2013 സീസണിലും, 2015-2016 സീസണിലും ഫൈനലിലെത്തിയ സൗരാഷ്ട്രയ്ക്ക് ആകട്ടെ ഇത് മൂന്നാമത്തെ ഫൈനല്‍ തോല്‍വിയായി.

×