Advertisment

തരംഗമായ വീഡിയോയിലെ അന്ധന് സഹായ ഹസ്തവുമായി സൗഹൃദവേദി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

തിരുവല്ല:കഴിഞ്ഞ ചില ദിവസങ്ങളായി ഇന്ത്യയിലും വിദേശങ്ങളിലുമായി വൈറൽ ആയ വീഡിയോയിലും തുടർന്ന് മാധ്യമങ്ങളിലും 'വൃദ്ധൻ ' എന്ന് വിശേഷിപ്പിച്ച വ്യക്തിയായ അന്ധന് സഹായഹസ്തവുമായി സൗഹൃദ വേദി.

Advertisment

സാമൂഹ്യ പ്രവർത്തകൻ ഡോ. ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിൽ സൗഹൃദ വേദി ചീഫ് കോർഡിനേറ്റർ സിബി സാം തോട്ടത്തിൽ,കെ.എസ്.ആർ.ടി.സി. കണ്ടക്ടർ സുരേഷ് പി.ഡി,സൗഹൃദ വേദി സെക്രട്ടറി വിൻസൻ പൊയ്യാലുമാലിൽ,കൺവീനർ സുരേഷ് വാസവൻ എന്നിവർ ചേർന്ന് ആണ് 'വൃദ്ധ'നായ തിരുവല്ല കറ്റോട് തലപാലയിൽ ജോസിൻ്റെ (62) വീട്ടിൽ എത്തിയത്.

publive-image

22 വർഷങ്ങൾക്ക് മുമ്പാണ് കണ്ണിൻ്റെ കാഴ്ചശക്തി കുറയുവാൻ തുടങ്ങിയത്.രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ശരിയായ തുടർ ചികിത്സ നടത്തുവാൻ കഴിയാഞ്ഞതുമൂലം 12 വർഷമായി 100% അന്ധനാണ്.

ചോർന്നൊലിച്ച് ഏത് സമയവും താഴെ വീഴാവുന്ന നിലയിൽ നിന്ന വീടിൻ്റെ അവസ്ഥ കണ്ട് ഒരു സന്നദ്ധ സംഘടന ഒരു വീട് വാഗ്ദാനം ചെയ്തു.വീടിൻ്റെ നിർമ്മാണം തുടക്കം കുറിച്ചെങ്കിലും 10 വർഷമായി നിർമ്മാണം പാതി വഴിയിലാണ്.കാരുണ്യത്തിൻ്റെ ഉറവ വറ്റാത്തവർ നല്കിയ സഹായം കൊണ്ട് മാത്രം ഘട്ടം ഘട്ടം ആയി പണികൾ നടത്തുന്നുണ്ടെങ്കിലും ഇനിയും പൂർത്തിയാക്കാൻ 5 ലക്ഷം രൂപ കൂടി വേണ്ടി വരും.

ജോസിൻ്റെ ഭാര്യ സിസിൽ ജോസ്‌ ആസ്മ രോഗിയാണ്.മുടിവെട്ട് തൊഴിലാളിയായ മൂത്തമകൻ്റെ ഏക വരുമാനം കൊണ്ടാണ് 7 അംഗ കുടുംബം പുലർത്തുന്നത്.1300 രൂപ ക്ഷേമ പെൻഷൻ ആയി ലഭിക്കുന്നെണ്ടെങ്കിലും മരുന്നിന് പോലും തികയുന്നില്ല. ഇളയ മകൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഓൺലൈൻ പഠനത്തിന് ഉപയോഗിക്കാവുന്ന മൊബൈൽ ഫോണോ ടെലിവിഷനോ ഇല്ല. വയറിംങ്ങ് പൂർത്തിയാകാത്തതുമൂലം വൈദ്യുതി കണക്ഷൻ വീടിനുള്ളിലേക്ക് മാറ്റിയിട്ടില്ല.

ഒരു മണിക്കൂറോളം ദുരിതകഥ കേട്ട സൗഹൃദ വേദി പ്രവർത്തകർ അക്കൗണ്ട് നമ്പർ ആവശ്യപെട്ടപ്പോൾ കറ്റോട് എസ്.ബി.ഐ.യിലെ അക്കൗണ്ട് നമ്പർ നല്കിയെങ്കിലും അതും പ്രവർത്തന രഹിതമായിരുന്നു.തുടർന്ന് അവർ തിരികെ വരുമ്പോൾ കറ്റോട് SBI ബാങ്ക് ഡെപ്യൂട്ടി മാനേജർ ശ്രീ.സ്വപ്നലാലുമായി ബന്ധപ്പെടുകയും അദ്ദേഹം നല്കിയ നിർദ്ദേശപ്രകാരം ഒരു ചെറിയ തുക നിക്ഷേപിച്ച് ദീർഘനാളായി പ്രവർത്തനരഹിതമായി കിടന്ന ബാങ്ക് അക്കൗണ്ട് ആക്ടീവ് ആക്കി..

നടുറോഡിൽ വഴിയറിയാതെ നിന്ന ഈ 'വൃദ്ധ'നെ സഹായിക്കുന്നതിന് ബസിൻ്റെ പുറകെ ഓടി ചെന്ന് വണ്ടി നിർത്തിയ ജോളി സിൽക്സ് ജീവനക്കാരി സുപ്രിയയ്ക്ക് അനുമോദന - സഹായ പ്രവാഹമാണ്.. യു.ആർ.എഫ് വേൾഡ് റിക്കോർഡിൻ്റെ ഹ്യൂമാനിറ്റേറിയൻ അവാർഡിന് പോലും അർഹയാകുകയും ചെയ്തു.ജോഷ്വ അത്തിമൂട്ടിൽ പകർത്തിയ ആ രംഗം 60 ലക്ഷത്തിലധികം പേർ ആണ് ഇതിനോടകം കണ്ടത്..

സുമനസ്സുകൾ കനിഞ്ഞാൽ വീടിൻ്റെ പണിയും മകളുടെ പഠനവും പൂർത്തിയാക്കാൻ സാധിക്കും.നമ്മുടെ ചെറിയ ഒരു സഹായം വഴിമുട്ടി നില്ക്കുന്ന ഇവർക്ക് വലിയ ആശ്വാസമാകും.

video
Advertisment