Advertisment

വിജിലന്‍സ് റെയ്ഡിനെച്ചൊല്ലിയുള്ള തര്‍ക്കം സിപിഎമ്മിനെ വിഭാഗീയതയിലേക്ക് നയിക്കുന്നോ ? ഐസക്കിനെയും ആനത്തലവട്ടത്തെയും തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയുടെ നീക്കം സിപിഎമ്മിന് പുതിയ പ്രതിസന്ധി; പോലീസ് ഉപദേഷ്ടാവിനെതിരായ പാര്‍ട്ടി നീക്കം മുളയിലേ നുള്ളി മുഖ്യമന്ത്രി ! കെഎസ്എഫ്ഇയിലെ വിജിലന്‍സ് നടപടിയില്‍ പാര്‍ട്ടിയില്‍ അതൃപ്തരുടെ എണ്ണം കൂടുന്നു. ആനത്തലവട്ടത്തിന്റെയും ഐസക്കിന്റെയും നീക്കം കണ്ണൂര്‍ വിരുദ്ധ ലോബിയുടെ പിന്തുണയോടെയെന്നും സംശയം; സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്കെതിരായ നീക്കത്തിന്റെ തുടക്കമോ വിജിലന്‍സിന്റെ ' വട്ട് ' വിവാദം

New Update

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നാലെ സിപിഎമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. വിജിലന്‍സിനെയും പൊലീസ് ഉപദേശകനെയും പിന്തുണച്ചും തോമസ് ഐസക്കിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി രംഗത്ത് വന്നതോടെയാണ് പാര്‍ട്ടിയില്‍ പുതിയ പ്രതിസന്ധി രൂപപ്പെട്ടത്.

Advertisment

publive-image

മുഖ്യമന്ത്രിയെ പിന്തുണച്ചാല്‍ മറ്റുള്ളവരെ തള്ളിപ്പറയേണ്ട അവസ്ഥയിലേക്ക് പാര്‍ട്ടി നേതൃത്വം എത്തും. തല്‍ക്കാലം ഇതു ഗുണകരമാവില്ല. ഇനി മുഖ്യമന്ത്രിയെ തിരുത്താന്‍ ശ്രമിച്ചാല്‍ അതു ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങളെ നയിക്കും. ഇതോടെ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നിര്‍ണായകമാകുകയാണ്.

പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്യുന്നതുവരെ നേതാക്കള്‍ പരസ്യ പ്രതികരണം നടത്തരുതെന്നു നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ ശേഷം പരസ്യ പ്രതികരണത്തിലേക്ക് കടന്നാല്‍ മതിയെന്ന ധാരണ ഇന്നലെ തന്നെ സിപിഎം നേതൃതലത്തില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി റെയ്ഡിനെ ന്യായീകരിച്ചതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായി.

കഴിഞ്ഞ ദിവസം വിജിലന്‍സിനെതിരെ ആഞ്ഞടിച്ച ആനത്തലവട്ടം ആനന്ദന്‍ ഇന്നലെ ഒരക്ഷരം മിണ്ടിയില്ല. തോമസ് ഐസക്കാകട്ടേ കടുത്ത നിലപാടില്‍ നിന്നും പിന്നാക്കം പോയി. വിജിലന്‍സ് അന്വേഷിക്കരുതെന്നു പറഞ്ഞിട്ടില്ല. ഇനി അവരുടെ അന്തിമ റിപ്പോര്‍ട്ട് വരട്ടേ അപ്പോള്‍ നോക്കാം എന്നായിരുന്നു ഐസക്കിന്റെ പ്രതികരണം.

വിജിലന്‍സ് ചെയ്തതെല്ലാം ശരിയെന്നു പറഞ്ഞ മുഖ്യമന്ത്രി ഉപദേശകനേയും സംരക്ഷിക്കാന്‍ തീരുമാനിച്ചതോടെ പാര്‍ട്ടി നേതൃത്വം വെട്ടിലായിരിക്കുകയാണ്. വിജിലന്‍സ് റെയ്ഡില്‍ നിലപാട് വ്യക്തമാക്കാത്ത സിപിഎമ്മിന് മുന്നില്‍ കടുത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്.

മുഖ്യമന്ത്രിയെ അംഗീകരിച്ചാല്‍ ധനമന്ത്രിയേയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ട ആനന്ദനെയും തള്ളിപ്പറയേണ്ടി വരും. എല്ലാ വിവാദങ്ങള്‍ക്കും കാരണമായ പൊലീസ് ഉപദേഷ്ടാവിന് പിന്നില്‍ മുഖ്യമന്ത്രി ഉറച്ച് നില്‍ക്കുന്നത് കൊണ്ട് അദ്ദേഹത്തേയും തള്ളിപ്പറയാനാകില്ല.

മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം നില്‍ക്കുമോ, ധനമന്ത്രിയുടേയും ആനത്തലവട്ടത്തിന്റേയും വിമര്‍ശനങ്ങളിലെ വസ്തു പരിശോധിക്കാന്‍ സിപിഎം തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. വിവാദത്തില്‍ ഇതുവരെ ഔദ്യോഗിക നിലപാട് സിപിഎം വ്യക്തമാക്കിയിട്ടുമില്ല.

അതിനിടെ സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തില്‍ ഇന്ന് അവൈലബിള്‍ സെക്രട്ടേറിയറ്റ് ചേരുമെന്ന സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ അതിനു ശേഷം ഒരു പത്രക്കുറിപ്പിലൂടെ പാര്‍ട്ടി നിലപാട് വിശദീകരിക്കാനും സാധ്യതയുണ്ട്.

cm pinarayi
Advertisment