ചെന്നൈ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ 800ല്‍ നിന്ന് പിന്‍വാങ്ങിയ നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കു നേരെ ബലാത്സംഗ ഭീഷണി. ചിത്രത്തില്‍നിന്നു പിന്‍മാറുന്നതായി സൂചിപ്പിച്ച് ഇട്ട ട്വിറ്റര്‍ സന്ദേശത്തിലാണ് ട്രോളിന്റെ രൂപത്തില്‍ ബലാത്സം്ഗ ഭീഷണി വന്നത്. ഇതിനെത്തുടര്‍ന്ന് വിജയ് സേതുപതി പൊലീസില്‍ പരാതി നല്‍കി.
ലങ്കന്‍ തമിഴ് വംശജരുടെ വേദന വിജയ് സേതുപതിയെ അറിയിക്കും എന്ന മുന്നറിയിപ്പോടെയാണ് ബലാത്സംഗ ഭീഷണിയുള്ള ട്രോള്‍. വ്യാജ അക്കൗണ്ടില്‍നിന്നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത മകളുടെ ചിത്രം ട്വീറ്ററിലൂടെ പ്രചരിപ്പിക്കുന്നതായും വിജയ് സേതുപതി പരാതിയില്‍ പറയുന്നു. പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം വന്‍ വിവാദമായതോടെയാണ് വിജയ് സേതുപതി പിന്‍വാങ്ങിയത്. മുരളീധരന്‍ തന്നെ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ വിജയ് സേതുപതിയോട് ആവശ്യപ്പെട്ടതോടെയാണ് താരം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.