ബിജെപി റാഞ്ചാനൊരുങ്ങിയ കോണ്‍ഗ്രസ് ‘സ്രാവിനെ’ ചെന്നിത്തല ‘കൈ’പ്പിടിയിലൊതുക്കി ! വിജയന്‍ തോമസ്‌ മുല്ലപ്പള്ളി ഉത്ഘാടകനായ യുഡിഎഫ് വേദിയില്‍. ബിജെപി നീക്കം പിന്നെയും പാളി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, December 5, 2018

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയ കെ.‍ടി.ഡി.സി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ വിജയന്‍തോമസ് ഇന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വേദിയില്‍. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉത്ഘാടനം ചെയ്ത യു ഡി എഫ് സായാഹ്ന ധര്‍ണ്ണയിലാണ് വിജയന്‍ തോമസ്‌ ഇന്ന് പങ്കെടുത്ത് പ്രസംഗിച്ചത് .

ബിജെപി നേതാവ് ഓ രാജഗോപാല്‍ പ്രതിനിധീകരിക്കുന്ന നേമം മണ്ഡലത്തിലെ യു ഡി എഫ് പരിപാടിയില്‍ തന്നെ അദ്ദേഹം പങ്കെടുത്തുവെന്നതും ശ്രദ്ധേയമായി. ഇതോടെ വിജയന്‍ തോമസ്‌ ബി.ജെ.പിയിലേക്കെന്ന പ്രചരണം അപ്രസക്തമായി .

ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വുമായി വിജയന്‍തോമസ് ചര്‍ച്ച നടത്തിയെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ ദേശീയ നിര്‍വാഹസമിതിയംഗം, മിസോറമിന്റ ചുമതല എന്നിവ വിജയന്‍ തോമസിന് ബി.ജെ.പി വാഗ്ദാനം ചെയ്തെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അദ്ദേഹം ഡല്‍ഹിയില്‍ ബിജെപി നേതാക്കളെ എന്തിനു കണ്ടു എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കോവളത്ത് നിന്നുള്ള കെ.പി.സി.സി അംഗമായ വിജയന്‍ തോമസുമായി വാര്‍ത്ത പുറത്തുവന്ന ഉടന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ട് അനുനയ ചര്‍ച്ചകള്‍ നടത്തിയിരുന്നു . ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയ കാര്യം കെ.പി.സി.സി പ്രസിഡ‍ന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കഴിഞ്ഞയാഴ്ച വിജയന്‍ തോമസ് നേരിട്ട് കണ്ട് അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു .

ഇന്ന് ബിജെപി – സിപിഎം ബന്ധത്തിനെതിരെകൂടി യു ഡി എഫ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതോടെ ഇത്തരം അഭ്യൂഹങ്ങള്‍ അവസാനിച്ചു. വമ്പന്‍ സ്രാവുകള്‍ ഉടന്‍ ബിജെപിയില്‍ എത്തുമെന്ന് പ്രചരിപ്പിച്ചു കാത്തിരിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിനും ഇത് കനത്ത തിരിച്ചടിയായി .

×