Advertisment

പൊങ്ങച്ചക്കാരും ശത്രുസംഹാരികളുമായ മലയാള സിനിമയിലെ നക്ഷത്ര രൂപികള്‍ ഇതൊന്നറിയണം- വിനയന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വൈര്യനിര്യാതന ബുദ്ധിയോടു കൂടി മറ്റുള്ളവരെ വിലക്കാനും കാലഹരണപ്പെട്ടവരാക്കിമാറ്റാനും നടക്കുന്ന 'മിടുക്കന്‍മാര്‍' തിരക്കഥാകൃത്ത് എ.കെ. സാജനേപ്പോലെ ഒന്നു പുനര്‍ചിന്തനം നടത്തിയാല്‍ നന്നായിരിക്കുമെന്ന് സംവിധായകന്‍ വിനയന്‍ .

ഏറെക്കാലമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന തിരക്കഥാകൃത്ത് സാബ് ജോണിനെ അന്വേഷിച്ച് കണ്ടെത്താന്‍ എ.കെ. സാജന്‍ നടത്തിയ ഒരു യാത്രയെക്കുറിച്ച് മാതൃഭൂമി വാരാന്തപതിപ്പില്‍ വന്ന ഒരു ലേഖനത്തെ അടിസ്ഥാനമാക്കിയാണ് വിനയന്റെ പ്രതികരണം.

പണത്തിന്റെയും പ്രശസ്തിയുടെയും, ഗ്ലാമറിന്റെയും വര്‍ണ്ണാഭമായ ലോകത്തുനിന്ന് പൊങ്ങച്ചം പറയുകയും തങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നവരുടെ കൈതന്നെ മുറിച്ചുകളയുകയും ചെയ്യുന്ന നക്ഷത്ര രൂപികളായ സിനിമാക്കാര്‍ സാബ് ജോണിന്റെ കഥ ഒന്നു വായിക്കേണ്ടതാണെന്ന് വിനയന്‍ പറഞ്ഞു .

വിനയന്റ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

എ. കെ സാജന് അഭിനന്ദനങ്ങള്‍..

മലയാളസിനിമയില്‍ നിറഞ്ഞുനിന്നിരുന്ന പ്രതിഭാധനനായ തിരക്കഥാകൃത്ത് സാബ് ജോണിനെ 19 വര്‍ഷത്തിനു ശേഷം തമിഴ്‌നാട്ടിലെ ഒരുള്‍ഗ്രാമത്തില്‍ നിന്ന് മറ്റൊരു തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ സാജന്‍ കണ്ടെത്തിയത് തന്റെ നാളുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ്.

സാബ് ജോണെഴുതിയ ചാണക്യനും, വ്യൂഹവും, ഗുണയും, സൂര്യമാനസവും അതുപോലുള്ള നിരവധി രചനകളും സിനിമയെ സ്‌നേഹിക്കുകയും പഠിക്കുകയും ചെയ്യുന്ന ആര്‍ക്കും പ്രിയപ്പെട്ടതാണ്.

ദാരിദ്ര്യത്തിന്റെയും ജീവിതദു:ഖത്തിന്റെയും തീരാച്ചുഴിയില്‍ അകപ്പെട്ട് തന്നിലേക്കുതന്നെ ചുരുങ്ങി, ആത്മഹത്യയുടെ വഴി നിരവധി തവണ ചിന്തിച്ചിരുന്നു എന്നു സ്വയം പറയുന്ന സാബ് ജോണിന്റെ കഥ അതീവ ഹൃദയസ്പര്‍ശിയായി ഇന്നത്തെ മാതൃഭുമിയില്‍ ശരത്കൃഷ്ണയും, എ.കെ സാജനും കൂടി എഴുതിയിരിക്കുന്നു.

ഇതാണ് സിനിമ, ഇതാണ് സിനിമയെന്ന മായിക പ്രപഞ്ചത്തിന്റെ മറ്റൊരു മുഖം.. പണത്തിന്റെയും പ്രശസ്തിയുടെയും, ഗ്ലാമറിന്റെയും വര്‍ണ്ണാഭമായ ലോകത്തുനിന്ന് പൊങ്ങച്ചം പറയുകയും തങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നവരുടെ കൈതന്നെ മുറിച്ചുകളയുകയും ചെയ്യുന്ന നക്ഷത്ര രൂപികളായ സിനിമാക്കാര്‍ സാബ് ജോണിന്റെ കഥ ഒന്നു വായിക്കേണ്ടതാണ്.

മാത്രമല്ല.. സിനിമാസംഘടനകളേ സിനിമാക്കാര്‍ക്കു വേണ്ടി ഉപയോഗിക്കാതെ ആ പദവി സ്വയം ആസ്വദിക്കുന്ന സംഘടനാ നേതാക്കളോടും ഒരു വാക്ക് പറയാനുണ്ട്.

ഇതുപോലെ ഒത്തിരിക്കാലം സിനിമയില്‍ സര്‍ഗ്ഗധനരായി നിന്നിട്ട് ഇന്ന് സിനിമാക്കാരന്‍ എന്ന പേര് തന്നെ ഒരു ഭാരമായി മാറിയിരിക്കുന്ന അശരണരും ദരിദ്രരുമായ ധാരാളം ചലച്ചിത്ര പ്രവര്‍ത്തകരുണ്ട്.

പ്രത്യേകിച്ച് സിനിമാ ടെക്‌നീഷ്യന്‍മാരുടെ ഇടയില്‍. ശ്രീ എ.കെ സാജനേപ്പോലെ മനുഷ്യത്വ പരമായ സംഘടനാ പ്രവര്‍ത്തനം നടത്തിയാല്‍ അതില്‍ കുറേപ്പേരെ എങ്കിലും ആത്മഹത്യയുടെ ഇരുളടഞ്ഞ ഗുഹാമുഖത്തു നിന്നും തിരിച്ചു വിളിക്കാന്‍ പറ്റും.

വൈര്യ നിര്യാതനബുദ്ധിയോടു കൂടി മറ്റുള്ളവരെ വിലക്കാനും കാലഹരണപ്പെട്ടവരാക്കിമാറ്റാനും നടക്കുന്ന 'മിടുക്കന്‍മാര്‍' ഒന്നു പുനര്‍ചിന്തനം നടത്തിയാല്‍ നന്ന്.

malayala cinema
Advertisment