സ്വന്തം അനിയന്‍ ജയിലറയില്‍ കിടന്ന് മരിച്ചതിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ചേട്ടന്റെ ഉപവാസ സമരം ; രണ്ട് വര്‍ഷമായിട്ടും ശ്രീജിത്തിന്റെ സമരം അധികാരികളുടെ കണ്ണ് തുറപ്പിച്ചില്ല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, January 11, 2018

അനിയന് വേണ്ടി കഴിഞ്ഞ 700 ദിവസമായി സമരം ചെയ്യുന്ന ചേട്ടന്‍. സ്വന്തം അനിയന്‍ ജയിലറയില്‍ കിടന്ന് മരിച്ചതിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടേറിയേറ്റിന്റെ പടിക്കല്‍ കഴിഞ്ഞ രണ്ടോളം വര്‍ഷമായി സമരം ചെയ്യുന്നത്. ഈ വിഷയം ചൂണ്ടികാട്ടിയത് ‘Human Being-മനുഷ്യന്‍’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ്. ഈ ഫേസ്ബുക്ക് ഗ്രൂപ്പിലെ ശ്രീജിത്തിന്റെ സമരത്തെ കുറിച്ചുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ‘#JusticeDelayedIsJusticedenied’ എന്ന ഹാഷ്ടാഗോടെയാണ് ഗ്രൂപ്പില്‍ ഈ പോസ്റ്റ് നല്‍കിയിരിക്കുന്നത്.

പാറശ്ശാല പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തില്‍ യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു . 2014 മെയ് 19ന് തിരുവനന്തപുരം പാറശാല പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിന് ക്രൂരമായ പീഡനം ഏറ്റിട്ടുണ്ടെന്നും ശരീരം മുഴുവന്‍ ക്ഷതം ഏറ്റതായും പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ വെച്ച് ശ്രീജിവ് വിഷം കഴിച്ചതാണ് മരണകാരണമെന്ന പൊലീസിന്റെ വാദം അതോറിറ്റി തള്ളി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ സഹായങ്ങളും ലഭിക്കാതെ വന്നപ്പോളാണ് ചേട്ടന്‍ ശ്രീജിത്ത് സെക്രട്ടേറിയേറ്റിന്റെ പടിക്കല്‍ സമരം ആരംഭിച്ചത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനെ കുറിച്ച് പ്രത്യേകസംഘം അന്വേഷിക്കണമെന്നുമായിരുന്നു അതോറിറ്റി ഉത്തരവിട്ടിരുന്നു. ഇതുകൂടാതെ ശ്രീജിവിന്റെ അമ്മയ്ക്ക് 10 ലക്ഷം നല്‍കണം .ഈ തുക കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചിരുന്നു.അതോറിറ്റിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയാണ് അന്വേഷണം.

വിപിന്‍ ഷീല ഗോപാല്‍ എന്ന യുവാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീജിത്തിന്റെ കഥനകഥയെപ്പറ്റി വിവരിക്കുന്നു.

“മരിച്ചിട്ടും എന്റെ കുട്ടിയെ എന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്” എന്ന് വിലപിച്ചു മരിച്ചു പോയ ഈച്ചരവാര്യരെ മലയാളികൾ ഒരിക്കലും മറക്കില്ല. കസ്റ്റഡിമരണം എന്ന സാങ്കേതിക പദത്തിൽ ഒതുങ്ങിപ്പോയ ഒരു കൊലപാതകം.

ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇന്ന് 735 ഓളം ദിനരാത്രങ്ങൾ പിന്നിടുന്നു. 5 ദിവസമായി വീണ്ടും നിരാഹാരം ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. ഒടുങ്ങാത്ത നിശ്ചയദാർഢ്യത്തിന്റെ, കറയറ്റ സഹോദരസ്നേഹത്തിന്റെ ഉത്തമോദാഹരണമായ അദ്ദേഹം ഇന്ന് മരണം കാത്തു സെക്രട്ടേറിയറ്റ് പടിക്കൽ കിടക്കുന്നു.

ഒന്നുകിൽ ഞാൻ ഉടനെ മരിക്കും, അല്ലെങ്കിൽ ഒരു മനസികരോഗിയായി പോകും.. ഈ മെഡിറ്റേഷനും ഒക്കെ കൊണ്ട് അധികനാള് എന്റെ മനസ്സിന് പിടിച്ചു നിൽകാൻ സാധിക്കുമെന്ന് തോന്നുന്നില്ല എന്ന് സ്വയം വരച്ച ബുദ്ധചിത്രം നോക്കി അദ്ദേഹം പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി…

ശ്രീജിത്തേട്ടൻ പറയുന്നു ;

“എന്റെ അനിയനെ ഒരു പട്ടിയെ അടിച്ചുകൊല്ലുന്ന ലാഘവത്തോടെ കൊന്നുകളഞ്ഞ അവർ ശിക്ഷിക്കപ്പെടണമെന്നു ഇനി ഞാൻ ആഗ്രഹിക്കുന്നില്ല.ആഗ്രഹിച്ചിട്ട് കാര്യമില്ല എന്ന് എനിക്ക് മനസ്സിലായി.. പകരം, ഇനി ഇതുപോലെ ഒരു ദുർവിധി ആർക്കും ഉണ്ടാകാൻ പാടില്ല. മനുഷ്യജീവന് പുല്ലുവില കല്പിക്കുന്ന ആർക്കും ഇനി ഇപ്രകാരം ചെയ്യാൻ പോലും ധൈര്യം ഉണ്ടാകാൻ പാടില്ലാത്തക്കവിധം ഒരു നിയമം എങ്കിലും കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം.അതിനുവേണ്ടി ഞാൻ എന്റെ ജീവൻ വെടിയാൻ തയ്യാറാണ്..

ഞാൻ ഇതേ അവസ്ഥ തുടർന്നാൽ ഉടൻ മരിച്ചുപോകും. മൂത്രത്തിൽ കൂടി രക്തം ഒക്കെ പലപ്പോഴായി വന്നുകൊണ്ടിരിക്കുന്നു..ആന്തരിക അവയവങ്ങൾ ഒക്കെ എന്നേ കേടായിക്കാണും.
എന്റെ അനിയന് വേണ്ടി ചോദിക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.. എനിക്ക് വേണ്ടി ചോദിക്കാൻ ഇനി വയ്യാത്ത അമ്മ മാത്രം. പലപ്രാവശ്യം മുഖ്യമന്ത്രി ഉൾപെടെ ഉള്ള അധികാരികളെ തീരെ സുഖമില്ലാത്ത എന്റെ അമ്മ തനിയെ പോയി കണ്ടു. നാളെ ഞാൻ മരിച്ചാൽ അമ്മ എനിക്ക് വേണ്ടി ഈ സെക്രട്ടേറിയറ്റ് പടിക്കൽ എന്റെ അതെ മാർഗ്ഗം സ്വീകരിക്കും.

അങ്ങനെ ചെയ്‌താൽ, രണ്ടിന്റെ അന്ന് അമ്മയും മരിച്ചുപോകും. പിന്നെ കൂടിപ്പോയാൽ ഏതെങ്കിലും പാർട്ടിക്കാരോ സംഘടനയോ ചേർന്ന് ഒരു പ്രകടനം നടത്തുമായിരിക്കും. അന്നത്തോടുകൂടി ഈ വിഷയം അവസാനിക്കുകയും ചെയ്യും. അതാണ്‌ ഇതിനകത്തുള്ള ആൾക്കാർ ഉൾപെടെ പലർക്കും വേണ്ടതും. അല്ലെങ്കിൽ ഞാൻ കടുത്ത മാനസിക സമ്മർദ്ദം മൂലം ഒരു മനോരോഗിയായിമാറും.. പലപ്പോഴും എനിക്ക് അങ്ങനെ ആകുന്നുണ്ടെന്നു തോന്നാറുണ്ട്. അപ്പോഴും ഞാൻ ഒരു ഭ്രാന്താശുപത്രിയിൽ ആയാൽ, അതായാലും മതിയല്ലോ അവർക്ക്…. ”

കുറച്ചു മാസങ്ങളായി എന്റെ ഉറക്കം കെടുത്തുന്ന, എന്നേ പോലെയുള്ളവർ എത്രത്തോളം നിസ്സഹായർ ആണെന്നും മനസ്സിലാക്കി തന്നോണ്ട് ഇരിക്കുന്ന ഒരു അവസ്ഥയാണ് ശ്രീജിത്തേട്ടന്റെ… അദ്ദേഹത്തോടൊപ്പം നിൽക്കുക എന്നത് എന്റെയും കർത്തവ്യം ആണെന്ന് മനസിലാക്കികൊണ്ട്, ചെയ്യാൻ കഴിയുന്നതൊക്കെ എന്നാൽവിധം ഞാൻ ചെയ്യുന്നു. പക്ഷെ എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയിപ്പോകുകയാണോ എന്ന് ആലോചിക്കുമ്പോൾ ഒരു അങ്കലാപ്പ്.

അടിവസ്ത്രത്തിൽ വിഷം ഒളിപ്പിച്ചു വച്ച് ലോക്കപ്പിൽ നിന്ന് അത് കഴിച്ച് ആത്മഹത്യ ചെയ്തു എന്ന് പൊലീസ് വരുത്തിത്തീർത്ത ആ കസ്റ്റഡി മരണം വാദിപക്ഷക്കാരുടെ നിസ്സാരതയൊന്നു കൊണ്ടു മാത്രം ഗൗനിക്കപ്പെടാതെ പോയി.

പൊലീസ് ലോക്കപ്പിൽ ഒരു കൊതുകു ചാകുമായിരുന്നെങ്കിൽ കിട്ടുമായിരുന്ന ശ്രദ്ധ പോലും ശ്രീജീവിന്റെ മരണത്തിനു കിട്ടിയില്ല.അവൻ കേവലം നിസ്വനായ ഒരു കൂലിപ്പണിക്കാരനായിരുന്നു. അവന്റെ പിന്നിൽ അണിനിരക്കാൻ കൊടിയേന്തിയ നേതാക്കളോ സമുദായക്കാരോ
ഒരു തരത്തിലുമുള്ള ആക്ടിവിസ്റ്റുകളോ ഉണ്ടായിരുന്നില്ല.

വിധവയായ, ഇപ്പോഴും കാര്യങ്ങൾ നേരെ ചൊവ്വേ അറിയാത്ത ഒരമ്മയും തന്റെ അനിയനെ സ്വന്തം പ്രാണനേക്കാൾ സ്നേഹിച്ച ഒരു ഏട്ടനും മാത്രമേ അവന്റെ ഓർമ്മകളിൽ ജീവിക്കാനും അവയ്ക്കു വേണ്ടി പ്രാണൻ നഷ്ടപ്പെടുത്താനും നിലനിൽക്കുന്നുള്ളു..

കഴിഞ്ഞ 736 ദിവസങ്ങളായി ഒറ്റയ്ക്കു സമരം ചെയ്യുകയാണദ്ദേഹം. ഇപ്പോൾ കുറച്ചു ദിവസങ്ങളായി നിരാഹാരത്തിലും.
വെള്ളം മാത്രം കുടിക്കുന്നുണ്ട്..
കിടക്കുകയായിരുന്നില്ല കിടന്നു പോവുകയായിരുന്നു ശ്രീജിത്തേട്ടൻ എപ്പോഴും..

തന്റെ പൊന്നോമനയായ അനുജനെ, ജീവൻ പുല്ലാണെനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ മുന്നിൽ എന്ന് വെല്ലുവിളിക്കാൻ അവനെ പ്രേരിപ്പിച്ചത് അത്യുദാത്തമായ ഏത് മാനസിക ഭാവമായിരിക്കാം ?
2016 ജൂൺ 26 ന് കേരള ശബ്ദത്തിൽ ആ ലോക്കപ്പു മരണത്തെക്കുറിച്ച് ഒട്ടൊക്കെ വിശദമായ വാർത്ത കൊടുത്തിരുന്നു.

ഒരു പൊലീസ് സബ് ഇൻസ്പെക്ടറുടെ ബന്ധുവിന്റെ മകളുമായി
ആഴമേറിയ പ്രണയത്തിൽ ആയിരുന്നു ശ്രീജീവ് എന്ന യുവാവ്..
മറ്റൊരു വിവാഹം നിശ്ചയിച്ച പെൺകുട്ടി പ്രണയാധിക്യം മൂലം അവന്റെ കൂടെ ഒളിച്ചോടുകയോ മറ്റോ ചെയ്യാതിരിക്കാൻ വീട്ടുകാർ കണ്ട ഉപായമണ്
ശ്രീജീവിനെ ഒരു മോഷണക്കേസിൽ കുടുക്കി അകത്താക്കുക എന്നത്.

മാത്രമല്ല വിഷം കഴിച്ചു മരിച്ചു എന്ന പ്രസ്താവന വിശ്വാസ്യതയില്ലാത്തതായിരുന്നു.
ദേഹമാസകലം മർദ്ദനം ഏറ്റ പാടും വീർത്തു വിങ്ങിയ വൃഷണങ്ങളുമായാണ് അനിയന്റെ മൃതദേഹം കുടുംബക്കാർക്ക് ലഭിക്കുന്നത്. (കേരള ശബ്ദത്തിൽ വന്ന വാർത്തയുടെ സാരം)

തന്റെ അനുജന്റെ കസ്റ്റഡി മരണം സി.ബിഐ യെക്കൊണ്ട് അന്വേഷിപ്പിക്കാനും പ്രതികളെ കണ്ടെത്തി ശിക്ഷിക്കാനും, കൂടെ ഇനിയാർക്കും ഈ സഹോദരങ്ങളുടെ ദുർഗതി വരാതിരിക്കാനായി ശക്തവും വ്യക്തവുമായ ഒരു നിയമസംവിധാനം കസ്റ്റഡിമരണകേസുകളിൽ കൊണ്ടുവരാനും കൂടിയാണ് ഈ ജ്യേഷ്ഠൻ തനിക്ക് ആകെയുള്ള സ്വത്തായ സ്വന്തം ജീവൻ പണയപ്പെടുത്തി സമരത്തിൽ തുടരുന്നത്.ഒരു അനാഥാലയത്തിൽ വളർന്ന അദ്ദേഹത്തിന് മറ്റു എന്ത് സ്വത്ത് ആണ് കൈമുതലായി ഉണ്ടാകുക?

ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചെന്ന ഒരു വാർത്ത ഇറങ്ങിയതല്ലാതെ തുക അവർക്ക് ലഭിച്ചിട്ടില്ല (അതിനെപ്പറ്റി ഞാൻ അദ്ദേഹത്തോട് തിരക്കിയതുമില്ല, കാരണം അതിനു പ്രസക്തി ഇല്ല )
ഇനി അത് ലഭിച്ചുവെങ്കിൽത്തന്നെ തന്റെ അനുജന് 10 ലക്ഷം രൂപ വിലയിടാൻ അവനെ അത്രമേൽ സ്നേഹിച്ചിരുന്ന ആ സഹോദരന് ഒരിക്കലും കഴിയില്ല..

തന്റെ പ്രിയപ്പെട്ട അനുജനു വേണ്ടി പട്ടിണി മരണം വരിക്കുന്ന ആ സഹോദരന്റെ സ്നേഹത്തിന് വില നിശ്ചയിക്കാൻ ആർക്കാണ് അർഹത ?

തലസ്ഥാന നഗരിയിൽ, ഭരണസിരാ കേന്ദ്രത്തിന്റെ മതിൽക്കെട്ടിനു പുറത്ത് ഒരാഴ്ച, ഏറിയാൽ 10 ദിവസത്തിനകം
ശ്രീജിത്തേട്ടൻ പട്ടിണി കിടന്ന് ചത്തേക്കാം. ഒരു തെരുവുനായ ചാകുന്നതു പോലെ.

അവന്റെ അനുജനെ കൊലപ്പെടുത്തിയ പൊലീസുകാർ മാത്രമാണോ അതിനുത്തരവാദി? അതിനെ തിരിഞ്ഞു നോക്കാതെ ജീവിതം ആഘോഷിക്കുന്ന നമ്മുടെ റോളെന്താണ് ഇതിൽ?
എവിടെപ്പോയി മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യ നീതി വകുപ്പുകാരും?

കുറ്റബോധം കൊണ്ട് കൂനിപ്പോകുന്നുണ്ട് ഞാൻ. ഈ ഫേസ് ബുക്ക് പോസ്റ്റ് ഒരദ്ഭുതവും കൊണ്ടു വരില്ല എന്നറിയാം.

അദ്ദേഹത്തിനു ആവശ്യം, നമ്മുടെ സഹതാപമോ ഒന്നുമല്ല, പകരം നല്ല ഒരു media support ആണ് … പാർവതിയുടേം മമ്മൂട്ടിയുടേം വരെ വിഷയങ്ങൾ മാധ്യമചർച്ചക്കു സ്ഥാനം പിടിക്കുന്നു.ഈ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടു പോലും വളരെ കുറച്ചുപേർ മാത്രമാണ് ഇതിനെ പറ്റി അന്വേഷിക്കുക എങ്കിലും ചെയ്യാമെന്നോ അല്ലെങ്കിൽ ഇത് പണ്ട് 2 വർഷങ്ങൾക്കു മുൻപ് ഞങ്ങൾ റിപ്പോർട്ട്‌ ചെയ്തതാണല്ലോ എന്നെങ്കിലും പ്രതികരിക്കുന്നത്.. പലരുടെയും പ്രതികരണങ്ങൾ കേൾകുമ്പോൾ വിഷമവും ദേഷ്യവും പുച്ഛവും ഒക്കെ തോന്നിയിട്ടുണ്ട്…

പ്രതിസ്ഥാനത്ത് പൊലീസ് ആണെന ഒറ്റക്കാരണത്താൽ ഈ സമരം പരാജയപ്പെടും എന്നുറപ്പാണ്.
താരപരിവേഷം ഇല്ലാത്തതിനാൽ മാധ്യമങ്ങൾ ഏറ്റെടുക്കില്ല എന്നും .

രാഷ്ട്രീയ പാർട്ടികളുടെയും ജാതിമത സംഘടനകളുടെയും കൊടി പിടിക്കാതെ സമരത്തിനു ഇറങ്ങുന്ന ഏതൊരു പൗരനും ഈ ഒരു അനാദരവേ പൊതുസമൂഹത്തിൽ നിന്നും അധികാരികളിൽ നിന്നും ലഭിക്കു എന്ന നഗ്‌നയാഥാർഥ്യം കൂടിയാണ് ഈ ഒറ്റയാൾപോരാട്ടം നമുക്ക് മനസിലാക്കി തരുന്നത്. ഈ ഗതിയിലാണോ നമ്മുടെ ജനാധിപത്യ വ്യവസ്ഥ മുന്നോട്ട് പോകേണ്ടത്..?

അദ്ധേഹത്തിന്റെ ആവശ്യപ്രകാരം തന്നെയാണ്, ഞാൻ ഈ പോസ്റ്റ് ഇടുന്നത് എന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു..

ശ്രീജിത്തേട്ടൻ കൂട്ടിച്ചേർക്കുന്നു ;
“വെറുതെ കിടന്നു ചത്തുപോയാൽ എന്തുനടക്കാൻ ആണ്, എല്ലാരും അറിയട്ടെ, എന്തൊക്കെയാ നടന്നത് എന്നും നമ്മളൊക്കെ തലയിൽ കയറ്റിവച്ച നമ്മുടെ പല നേതാക്

കളും എത്രത്തോളം നീചമായിട്ടാണ് എന്റെ കാര്യത്തിൽ പ്രതികരിക്കുന്നതെന്നും….”

 

×