Advertisment

പല ലെവലിൽ ഉള്ള ചോദ്യങ്ങൾ, എല്ലാത്തിനും ഒറ്റ മറുപടി;"ഞാൻ ഇവിടെത്തന്നെ ഉണ്ട് ഡോക്ടർജി "! ആ മറുപടി തരുന്ന ആശ്വാസം ഉണ്ടല്ലോ, ആ ആശ്വാസമാണ് ബാക്കി ഉള്ള ഉറക്കം; നഴ്‌സുമാരുടെ ചോര കൊണ്ടും മാംസം കൊണ്ടും താങ്ങിനിര്‍ത്തുന്ന ആശുപത്രികള്‍; ഡോക്ടറുടെ വൈറല്‍ കുറിപ്പ്‌

New Update

നഴ്‌സുമാരെ പ്രകീര്‍ത്തിച്ച് കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ഷെമീര്‍ വികെ. ആശുപത്രികളിലെ കോവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്ലേ മേക്കേഴ്‌സ് ആണ് നഴ്‌സുമാരെന്ന് അദ്ദേഹം കുറിക്കുന്നു.

Advertisment

publive-image

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ഞങ്ങളുടെ കോവിഡ് ആശുപത്രിയെ താങ്ങി നിർത്തുന്ന കുറച്ചു തൂണുകൾ ഉണ്ട്. കല്ല് കൊണ്ടോ മരം കൊണ്ടോ തീർത്തവയല്ല, മാംസം കൊണ്ടും ചോര കൊണ്ടും തീർത്തവ. ആശുപത്രി രേഖകളിൽ അവരുടെ പേര് നഴ്സ് എന്നായിരിക്കും, പക്ഷേ അവർ വെള്ള ഉടുപ്പിട്ട് വെള്ള തൊപ്പിയും വെച്ച് ഒരു സൂചിയുമായി മന്ദം മന്ദം നടന്നു വരുന്ന നമ്മുടെ ഭാവനയിലെ നഴ്സ് അല്ല. അവരുടെ ജോലിക്കോ ജോലി സമയത്തിനോ കൃത്യമായ നിർവചനം കണ്ടിട്ടുമില്ല.

രാത്രി രണ്ടു മണിക്ക് ആംബുലൻസിൽ രോഗിയെ അയക്കുന്നു എന്ന് പെരിഫറിയിൽ നിന്നും സന്ദേശം ലഭിച്ചാൽ അറിയാതെ വിളിച്ചു പോകുന്നത് അവരെയാണ്.

"റൂം റെഡി ആണോ"

"ട്രൈയാജിൽ കാര്യങ്ങൾ ഒക്കെ ആണോ"

"പുതിയ വാർഡ് തുറന്നോ"

"ഐ സി യു ഷിഫ്റ്റ്‌ ചെയ്യുന്നത് എന്തായി "

"വെന്റിലേറ്റർ?"

പല ലെവലിൽ ഉള്ള ചോദ്യങ്ങൾ. എല്ലാത്തിനും ഒറ്റ മറുപടി.

"ഞാൻ ഇവിടെത്തന്നെ ഉണ്ട് ഡോക്ടർജി "

ആ മറുപടി തരുന്ന ആശ്വാസം ഉണ്ടല്ലോ, ആ ആശ്വാസമാണ് ബാക്കി ഉള്ള ഉറക്കം. ആ വാചകത്തിലെ ആത്മവിശ്വാസമാണ് നമ്മുടെ മനസ്സമാധാനം.

ആംബുലൻസിൽ നിന്നും രോഗിയെ ഇറക്കാനും ട്രോളി തള്ളാനും അവർക്ക് യൂണിഫോമിന്റെ നിറം ഒരു പ്രശ്നം ആയിരുന്നില്ല. ഐസൊലേഷന്റെ അകത്തു നിന്നും വിളി, മാനസിക രോഗം ഉള്ള, വയലന്റ് ആയ, ഒരു കോവിഡ് രോഗിക്ക് മരുന്ന് കൊടുക്കണം, ഉടനെ പി പി ഇക്കുള്ളിൽ കയറി അകത്തേക്ക്. അവിടെ റോൾ സെക്യൂരിറ്റിയുടെ. ഒരു മൃതശരീരം പാലക്കാട്‌ എത്തിക്കണം, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അവിടെ കാത്തു നിൽക്കും.

വീണ്ടും പി പി ഇ യും ഇട്ടു ശരീരത്തിന് കാവലായി ആംബുലൻസിൽ പാലക്കാട്‌ വരെ. കോവിഡ് പോസിറ്റീവ് സ്റ്റാഫിന് പോസിറ്റീവ് ആയ തിരുവനന്തപുരത്തുള്ള കുഞ്ഞിനോടൊപ്പം എത്തണം. കുഞ്ഞ് അമ്മയില്ലാതെ വെള്ളം പോലും കുടിക്കുന്നില്ല. ഇത്രയും ദൂരം ഒറ്റക്ക് വിടാനും കഴിയില്ല. വീണ്ടും ഇറുകിയ N95 മാസ്കും ഗ്ലൗസും ഒക്കെയായി തിരുവനന്തപുരം വരെ.

പുതുതായി ജോലിയിൽ കയറിയ ജൂനിയർ സ്റ്റാഫിനുള്ള ഇൻട്രൊഡക്ഷൻ ക്ലാസ്സ്, ആദ്യമായി ജോലിക്കെത്തിയ ജൂനിയർ ഡോക്ടർമാർക്ക് സാമ്പിൾ എടുക്കാനും ഫോം പൂരിപ്പിക്കാനും സഹായം, പി പി ഇ യിൽ അരങ്ങേറ്റം കുറിക്കുന്നവർക്ക് മൈക്രോപോർ കൊണ്ടുള്ള ലാസ്റ്റ് ടച്ച്, പേ വാർഡിൽ കിടക്കുന്ന രോഗിക്ക് ചോറിനു പകരം ചപ്പാത്തി, ജൂനിയർ സ്റ്റാഫിന്റെ താമസസ്ഥലത്തിനുള്ള നെട്ടോട്ടം, അവരിൽ ഒരാൾക്ക് പനി വരുമ്പോൾ ഉള്ള വേവലാതി, 24 മണിക്കൂർ കൊണ്ട് വാർഡ് ഐ സി യു ആക്കി മാറ്റുന്ന മായാജാലം......

ഇങ്ങനെ അറിയുന്നതും അറിയാത്തതും, പറയുന്നതും പറയാത്തതുമായി എന്തൊക്കെ ജോലികൾ! ഇതൊക്കെ കൂടാതെയാണ് അത്യാസന്ന നിലയിൽ ഉള്ള രോഗികളുടെ ശുശ്രൂഷയും മോണിറ്ററിങ്ങും, പലപ്പോഴും പത്തും ഇരുപതും പേരുടെ ജോലി ചെയ്തു തീർക്കാൻ ഒന്നും രണ്ടും പേര്.

എന്തിനും ഏതിനും ഒരു വിളിപ്പുറത്ത് ഓടിയെത്താൻ ഇവരുണ്ടായിരുന്നു. കോവിഡ് വന്ന മുതൽ ഇന്നു വരെ. പലരും ഐസൊലേഷനോട് ചേർന്ന മുറികളിൽ തന്നെ വാസം. മറ്റു നേരംപോക്കുകളോ, ഉല്ലാസങ്ങളോ ഒന്നും ഇല്ലാതെ.

കോവിഡ് ചികിത്സാ സ്ഥലം ഒരു ഫുട്ബോൾ ഗ്രൗണ്ട് ആണെങ്കിൽ ഇവർ ടീമിലെ പ്ലേ മേകേർസ് ആണ്. കളിക്കാരെ ഒരുമിപ്പിച്ചും, പ്രോത്സാഹിപ്പിച്ചും, പാസ്സ് കൊടുത്തും അത്യാവശ്യ ഘട്ടത്തിൽ ഗോൾ അടിച്ചും വിശ്രമമില്ലാതെ കളത്തിൽ നിറഞ്ഞു കളിക്കുന്ന പ്ലേ മേക്കേഴ്‌സ്.

ഞങ്ങളെ പോലെ ഉള്ളവർക്ക് കോവിഡ് ചികിത്സ ഏകോപിപ്പിച്ചു കൊണ്ട് പോകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ 100% ക്രെഡിറ്റും ഇവർക്കുള്ളതാണ്. ഏതെങ്കിലും ഒരു കാര്യം തന്റെ ജോലി അല്ലെന്നോ, തന്റെ ജോലി സമയമല്ലെന്നോ അവർക്ക് മറുപടി പറയാമായിരുന്നു. അങ്ങനെ ഒരു ഉത്തരം തരാൻ അവർ ശ്രമിച്ചിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതവും രോഗികളുടെ ജീവിതവും എത്ര ദുഷ്കരമായേനെ എന്ന് പറയാതെ വയ്യ.

viral fb post
Advertisment