Advertisment

കൊച്ചിപ്പെണ്ണേ… ചുന്ദരിപ്പെണ്ണേ…’ !കൊച്ചിപ്പെണ്ണിനൊരു പ്രേമഗീതം!

author-image
ഫിലിം ഡസ്ക്
Updated On
New Update

കൊച്ചിപ്പെണ്ണിനൊരു പ്രേമഗീതം

Advertisment

publive-image

അറബിക്കടലിൻ്റെ റാണിക്ക് ഗാനത്തിൻ്റെ ഭാഷയിലൊരു പ്രേമലേഖനം കിട്ടി. ‘ചുന്ദരിപ്പെണ്ണേ, ചിങ്കാരിപ്പെണ്ണേ’ എന്നൊക്കെ വിളിച്ചൊരു നാടൻ പ്രേമലേഖനം. എന്നാലതു വെറുമൊരു പ്രണയാഭ്യർത്ഥനയല്ല. കൊച്ചിയുടെ വീറും വാശിയും നിറഞ്ഞ ഐതിഹ്യങ്ങളെ അകമഴിഞ്ഞാദരിച്ചുകൊണ്ടുള്ള പ്രണയമാണ്.

ചീനവലയിൽ നെയ്തെടുക്കുന്ന ജീവിതങ്ങളോടുള്ള സഹാനുഭൂതി നിറഞ്ഞ പ്രണയമാണ്. വാക്കുകളിലൊതുങ്ങാത്ത വിസ്മയങ്ങൾ അനുനിമിഷം സൃഷ്ടിക്കുന്ന കൊച്ചിയെന്ന മായാജാലക്കാരിയോടുള്ള അഭിനിവേശം നിറഞ്ഞ പ്രണയമാണ്.

രത്നങ്ങൾക്കിടയിൽ എന്നും ജ്വലിക്കും വജ്രംപോലെ മലയാളികൾ എന്നുമോർക്കുന്ന ഗാനങ്ങൾമാത്രം പാടിയിട്ടുള്ള ജി. വേണുഗോപാൽ എന്ന ഗായകൻ സംഗീതസംവിധാനം നിർവഹിച്ചതാണ് ‘കൊച്ചിപ്പെണ്ണേ… ചുന്ദരിപ്പെണ്ണേ…’ എന്ന ഗാനം. വേണുഗോപാൽ എന്ന ആർദ്രഗായകൻ്റെ ഉള്ളിൽനിന്ന് ഉള്ളിലേക്ക് യാത്രചെയ്യുന്ന ആലാപനശൈലിതന്നെയാണ് ഈ ഗാനത്തിൻ്റെ ഭാവവും.

ബാംഗ്ലൂരിലെ ഒരു എൻ്റർടെയിൻമെൻ്റ് കമ്പനിയുടെ സാരഥികൂടിയായ ബിന്ദു പി. മേനോനാണ് കൊച്ചിപ്പെണ്ണിന്റെ വരികൾ രചിച്ചിരിക്കുന്നത്. ‘ കായൽ കൊലുസിൻ്റെ താളത്തിലാടുന്നോ ‘ എന്ന വരിയിൽനിന്നറിയാം ഈ കൊച്ചുഗാനംരചിച്ച ബിന്ദുവിൻ്റെ കവിതയുടെ വലിയ സൗന്ദര്യം.

ഹൃദ്യ ഗിരീഷ് എന്ന എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തു ഐ.ടി മേഖലയിൽ ജോലിചെയ്യുന്ന ഗിരീഷ് ഗോപിനാഥിന്റെയും രാജി സരോജിനിയുടെയും മകളാണ് ഹൃദ്യ. വളരേ പ്രസന്നവും നിഷ്കളങ്കവും ഭാവപൂർണവുമായ ശബ്ദവും ആലാപനവുമാണ് ഈ മിടുക്കിയുടേത്. ആലാപനത്തിൽ ജി.വേണുഗോപാൽ പുലർത്തുന്ന മനോ, ശബ്ദനിയന്ത്രണം ഈ ഗാനത്തിൽ ഹൃദ്യ കൃത്യമായി പകർത്തി.

വേണുഗോപാലിൻ്റെ തന്നെ നേതൃത്വത്തിലുള്ള ഹൃദയവേണു ക്രീയേഷൻസ് അവതരിപ്പിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ക്രീയേറ്റീവ് ആൻഡ് ലോജിസ്റ്റിക് സപ്പോർട്ട് ബ്ലിസ്സ്‌റൂട്സ്(Blissrootz) മീഡിയയാണ്.

കഴിഞ്ഞില്ല, ഇനിയാണ് ഏറ്റവും വലിയ കൗതുകം. കൊച്ചിയോടുള്ള പ്രണയം ആത്മാർത്ഥമാണോ എന്നറിയണ്ടേ ? അതെ. നൂറുതമാനവും. കാരണം എന്തെന്നല്ലേ ? ഈ ഗാനത്തിൻ്റെ പിന്നിലുള്ളവരാരും കൊച്ചിക്കാരല്ല എന്നതുതന്നെ. സംഗീതസംവിധായകനായ വേണുഗോപാൽ തിരുവനന്തപുരത്തുകാരനാണെന്ന് എല്ലാവർക്കുമറിയാം.

രചയിതാവ് ബിന്ദു മേനോൻ ഒറ്റപ്പാലംകാരിയാണ്. ജീവിക്കുന്നത് ബാംഗ്ലൂരും. ഗായിക ഹൃദ്യ തിരുവനന്തപുരത്തും ഗാനം പുറത്തിറക്കിയ ബ്ലിസ്റൂട്ട്സ് മീഡിയ ഉടമ രൂപേഷ് ജോർജ് ദുബായിലും. കൊച്ചി എന്ന നഗരത്തോടുള്ള പ്രണയമാണ് ഇവരെ ഒന്നിപ്പിച്ചത്. ഗാനത്തിലുള്ളതുപോലെ, ‘

ദൂരങ്ങൾ താണ്ടിയീ തീരത്തടുക്കുന്ന

ഒരായിരം കിളികളിലൊരു കിളി ഞാൻ’ എന്ന നിഷ്കളങ്കമായ ആരാധന കൊച്ചിയോട് പുലർത്തുന്ന വരാണ് ഗാനം സൃഷ്ടിച്ചിരിക്കുന്നതെന്നർത്ഥം. കൊച്ചിയുടെ വൈശിഷ്ട്യത്തിന് മറ്റൊരു തെളിവുവേണ്ടല്ലോ !

കൊച്ചിപ്പെണ്ണ് കേൾക്കുംതോറും നമുക്കും തോന്നുന്നു,

‘കണ്ടോട്ടെ കേട്ടോട്ടെ നിൻ വിസ്മയങ്ങളിൽ

പാറിപ്പറക്കട്ടെ ഇന്നു ഞാനും…..’

കൊച്ചിപ്പെണ്ണിനെ കാണാം, കേൾക്കാം…

Advertisment