Advertisment

വിസ്മയയുടെ മരണം: കിരണിന്റെ വീട്ടിൽ ഡമ്മി പരിശോധന; മരണദിവസം നടന്ന സംഭവങ്ങൾ പുനരാവിഷ്‌കരിച്ചു; നിര്‍വികാരനായി കിരണ്‍

New Update

publive-image

Advertisment

കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ വീട്ടിൽ അന്വേഷണ സംഘത്തിന്റെ ഡമ്മി പരിശോധന. മരണദിവസം ശുചിമുറിയിൽ നടന്ന സംഭവങ്ങൾ അന്വേഷണസംഘം പുനരാവിഷ്‌കരിച്ചു. സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും പൊലീസ് തുറന്ന് പരിശോധിച്ചു.

വിസ്മയയെ ശൗചാലയത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതും ഇതിനുശേഷം കിരൺകുമാർ ചെയ്തകാര്യങ്ങളുമെല്ലാം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്കരിച്ചു. വാതിൽ ചവിട്ടിത്തുറന്നതും പിന്നീടുണ്ടായ കാര്യങ്ങളും കിരൺകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആവർത്തിച്ചുകാണിച്ചു. ഇതെല്ലാം പൊലീസ് സംഘം ക്യാമറയിൽ ചിത്രീകരിക്കുകയും ചെയ്തു. പൊലീസ് സർജനും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.

വിസ്മയയുടെ മരണം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണസംഘത്തിന് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആ പശ്ചാത്തലത്തിലാണ് സംശയ ദൂരീകരണത്തിനായി പൊലീസ് സർജൻ കെ ശശികലയുടെ സാന്നിധ്യത്തിൽ ഡമ്മി പരിശോധന നടത്തിയത്.

തറനിരപ്പിൽ നിന്ന് 185 സെൻറീമീറ്റർ ഉയരത്തിലായിരുന്നു വിസ്മയ തൂങ്ങി നിന്നത്. 166 സെൻറീമീറ്റർ ഉയരമുള്ള വിസ്മയക്ക് ഈ നിലയിൽ ആത്മഹത്യ സാധ്യമാണോ എന്ന് പൊലീസ് ചോദിച്ചറിഞ്ഞു. ഡമ്മി പരിശോധനയുടെ വീഡിയോയും ചിത്രീകരിച്ചു. വിശദമായ പരിശോധനയ്ക്കുശേഷം അന്വേഷണസംഘം അന്തിമ തീരുമാനത്തിൽ എത്തും.

അതിനിടെ, വിസ്മയയെ താൻ അഞ്ച് തവണ മർദിച്ചതായി കിരൺകുമാർ മൊഴി നൽകിയിട്ടുണ്ട്. വിസ്മയ മരിച്ചദിവസം മർദിച്ചിട്ടില്ലെന്നും മൊഴിയിൽ പറയുന്നു. തികച്ചും നിർവികാരനായാണ് പ്രതി സ്വന്തം വീട്ടിലടക്കം തെളിവെടുപ്പിനെത്തിയത്. നാളെ പ്രതിയെ വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിച്ചു തെളിവെടുക്കും.

vismaya
Advertisment