Advertisment

മുംബൈയില്‍ നിന്നും 153 യാത്രക്കാരുമായി പറന്ന വിസ്താര ഫ്‌ളൈറ്റിന് ലഖ്‌നൗവില്‍ അടിയന്തര ലാന്റിങ് ; വിമാനത്തില്‍ ബാക്കിയായത് 10 മിനിറ്റ് നേരത്തെ യാത്രക്ക് കൂടിയുള്ള ഇന്ധനം മാത്രം ; ഉചിതമായ തീരുമാനത്തില്‍ ഒഴിവായത് വന്‍ വിമാന ദുരന്തം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് 153 യാത്രക്കാരുമായി പറന്ന വിസ്താര ഫ്‌ളൈറ്റിന് ലഖ്‌നൗവില്‍ അടിയന്തര ലാന്റിങ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ലാന്റിങ് സാധ്യമാകാതിരുന്ന വിമാനം ഇന്ധനം തീരാന്‍ വെറും പത്ത് മിനുട്ട് മാത്രം ബാക്കി നില്‍ക്കെയാണ് ലഖ്‌നൗവില്‍ അടിയന്തര ലാന്റിങ് നടത്തിയത്.

Advertisment

publive-image

ഇന്ധനം ഏതാണ്ട് തീരാറായ അവസ്ഥയായിരുന്നെന്നും പത്ത് മിനുട്ട് യാത്രയ്ക്ക് കൂടിയുള്ള ഇന്ധനം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും വിസ്താര എയര്‍ലൈന്‍സ് പ്രതികരിച്ചു.

ഡല്‍ഹിയില്‍ ലാന്റിങ്ങിന് ശ്രമിച്ചെങ്കിലും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് സാധിച്ചില്ല. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ നിര്‍ദേശമനുസരിച്ച് വിമാനം ലഖ്‌നൗവിലേക്ക് തിരിച്ചു. എന്നാല്‍ മോശം കാലാവസ്ഥ കാരണം അവിടേയും ലാന്റിങ് സാധ്യമായില്ല.

തുടര്‍ന്ന് കാണ്‍പൂരിലോ പ്രയാഗ്രാജിലോ ലാന്റിങ്ങിന് ശ്രമിച്ചു. പ്രയാഗ് രാജിലേക്ക് യാത്രക്കിടെ ലഖ്‌നൗ എ.ടി.എസ് പൈലറ്റുമായി ബന്ധപ്പെടുകയും ലഖ്‌നൗവില്‍ കാലാവസ്ഥ അനുകൂലമായിട്ടുണ്ടെന്ന സന്ദേശം കൈമാറുകയും ചെയ്തു. തുടര്‍ന്ന് വിമാനം വീണ്ടും ലഖ്‌നൗവിലേക്ക് തിരിച്ചുവിടുകയും അടിയന്തര ലാന്റിങ് നടത്തുകയുമായിരുന്നു. – വിസ്താര എയര്‍ലൈന്‍സ് പ്രതികരിച്ചു.

ലഖ്‌നൗ എയര്‍പോര്‍ട്ടില്‍ വിമാനം ലാന്റ് ചെയ്യുമ്പോള്‍ എയര്‍ക്രാഫ്റ്റില്‍ വെറും 300 kg ഇന്ധനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. യാത്രയില്‍ ഇന്ധനം തീരുന്നതായി തിരിച്ചറിഞ്ഞ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് ” ഫ്യുവല്‍മെയ്‌ഡെ’ സന്ദേശം കൈമാറുകയായിരുന്നു. ഇന്ധനം തീരാറാവുന്ന സന്ദര്‍ഭങ്ങളില്‍ പൈലറ്റ് കൈമാറുന്ന അടിയന്തര സന്ദേശമാണ് ഇത്.

വേണ്ടത്ര ഇന്ധനം വിമാനത്തില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ യാത്രാസമയം നീണ്ടതാണ് ഇത്തരമൊരു പ്രതിസന്ധിയ്ക്ക് കാരണമായതെന്നുമാണ് അധികൃതര്‍ പ്രതികരിച്ചത്. യാത്രക്കാരുടെ സുരക്ഷ മാത്രമാണ് ആ സമയത്ത് നോക്കിയതെന്നും വിസ്താര എയര്‍ലൈന്‍സ് പ്രതികരിച്ചു.

Advertisment