Advertisment

അല്‍ഫോണ്‍സ് പുത്രനെയോര്‍ത്ത് താന്‍ ലജ്ജിക്കുന്നു: അല്‍ഫോണ്‍സ് പുത്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വി.കെ പ്രകാശ്

author-image
ഫിലിം ഡസ്ക്
Updated On
New Update

പ്രേമം, നേരം സിനിമകളിലൂടെ പ്രശസ്തനായ സംവിധായകൻ അൽഫോൺസ് പുത്രനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വി.കെ പ്രകാശ്. വികെ പ്രകാശ്-അനൂപ് മേനോൻ ചിത്രം ട്രിവാൻഡ്രം ലോഡ്ജിനെ കുറിച്ച് ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശത്തെ വിമർശിച്ചാണ് വി.കെ പ്രകാശ് ഫേസ്ബുക്കിൽ കുറിപ്പ് പ്രസിദ്ധീകരിച്ചത്. അൽഫോൺസ് പുത്രനെയോർത്ത് താൻ ലജ്ജിക്കുന്നുവെന്നും, സ്വന്തം മേഖലയോടുള്ള അനാദരവാണ് അദ്ദേഹം കാട്ടിയതെന്നും വി.കെ പ്രകാശ് കുറിച്ചു.

Advertisment

publive-image

2013ൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖമാണ് വി.കെ പ്രകാശിനെ പ്രകോപിപ്പിച്ചത്. 'നല്ല സിനിമകൾക്ക് വേണ്ടിയാണ് മലയാള സിനിമ മാറിയിരിക്കുന്നതെന്നും, ഏതാനും ചില ചിത്രങ്ങളിൽ മാത്രമാണ് മോശം ഘടകങ്ങൾ ഉള്ളതെന്നുമായിരുന്നു അനൂപ് മേനോൻ തിരക്കഥയെഴുതിയ ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ ചിത്രങ്ങളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള അൽഫോൺസ് പുത്രൻറെ പരാമർശം.

'ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രം യു സർട്ടിഫിക്കറ്റ് കൊടുത്ത് വിട്ടതാണ് ഒരു പ്രശ്നം. അതിലായിരുന്നു ഇത്തിരി 'എ' ഡയലോഗ്സുണ്ടായിരുന്നത്. അത് 'യു' സർട്ടിഫിക്കറ്റ് കൊടുത്തത് സെൻസറുക്കാരോട് ചോദിക്കേണ്ട കാര്യമാണ്. രണ്ടാമത് പറഞ്ഞത് ഹോട്ടൽ കാലിഫോർണിയ, അനൂപ് മേനോൻറെ സിനിമകൾക്കാണല്ലോ പൊതുവേ ഈ ലേബലുള്ളത്. ആഷിഖ് അബുവിൻറെ സിനിമകൾക്കോ, സമീർ താഹിറിൻറെ സിനിമകളിലോ വിനീത് ശ്രീനിവാസൻറെ സിനിമകളിലോ വൃത്തികേടില്ല, ഈ അനൂപ് മേനോൻറെ സിനിമകൾ മാത്രമല്ലല്ലോ ന്യൂ ജനറേഷൻ സിനിമകൾ. ഈ മൂന്ന് നാല് സിനിമകൾ വെച്ച് മലയാള സിനിമ തരം താഴ്ന്നു പോയി എന്ന് പറയുന്നവരോട് എനിക്കും വലിയ താൽപര്യമില്ല'- എന്നാണ് അൽഫോൺസ് പുത്രൻ മുൻപ് പറഞ്ഞിരുന്നത്.

ട്രിവാൻഡ്രം ലോഡ്ജ് സിനിമക്ക് 'യു' സർട്ടിഫിക്കറ്റല്ല, യു.എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നതെന്നും ഈ ചിത്രത്തിന് എന്തിനാണ് യു.എ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ആ സമയത്ത് തന്നെ സെൻസർ ഓഫീസർ വ്യക്തമാക്കിയതായും വി.കെ പ്രകാശ് മറുപടി നൽകി. ചില സിനിമകൾ സംവിധായകൻറെ പേരിലും, മറ്റു ചില സിനിമകൾ തിരക്കഥാകൃത്തിൻറെ പേരിലും അറിയപ്പെടുന്നത് എങ്ങനെയാണെന്നും തികച്ചും അനാദരവാണ് സ്വന്തം മേഖലയോട് അൽഫോൺസ് പുത്രൻ കാണിച്ചതെന്നും അദ്ദേഹത്തെ ഓർത്ത് ലജ്ജിക്കുന്നുവെന്നും വി.കെ.പി തൻറെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഈ അഭിമുഖം എപ്പോൾ പുറത്തുവന്നതാണെന്ന് അറിയില്ലെന്നും, എപ്പോഴായാലും അത് മോശമായിപ്പോയെന്നും അദ്ദേഹം പറയുന്നുണ്ട്.

Advertisment