Advertisment

ജയലളിതയുടെ മുന്‍ തോഴി ശശികലയുടെ ലക്ഷ്യം ഇനി തമിഴകത്തിന്‍റെ നായികയാകാന്‍ ! ജയില്‍ മോചനം ആഘോഷമാക്കി ശശികല ആരാധകര്‍. പ്രതിരോധം തീര്‍ക്കാന്‍ പിണക്കങ്ങള്‍ മാറ്റി ഒറ്റക്കെട്ടായി മുഖ്യമന്ത്രി പളനിസ്വാമിയും പനീര്‍ശെല്‍വവും. മന്ത്രിമാരെ ഉള്‍പ്പെടെ വലവീശി ശശികല. വരും ദിവസങ്ങള്‍ തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും !

New Update

publive-image

Advertisment

ചെന്നൈ: മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച നേതാവുമായിരുന്ന ജയലളിതയുടെ  മുന്‍ തോഴി വികെ ശശികല പുറത്തിറങ്ങിയതോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ക്ക് സാധ്യതയേറി.

തന്ത്രപരമായ നീക്കങ്ങളോടെ അണ്ണാ ഡിഎംകെ പിടിച്ചെടുക്കാന്‍ ഒരു ശ്രമംകൂടി നടത്തുക, അല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ജയലളിതയുടെ ആരാധകരായ പാര്‍ട്ടി പ്രവര്‍ത്തകരെ തങ്ങളുടെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കുക എന്നിവയാണ് ശശികലയുടെ ലക്ഷ്യം. ഇവരുടെ അനന്തിരവന്‍കൂടിയായ ടിടിവി ദിനകരന്‍ എംഎല്‍എ മാത്രമാണ് ഇപ്പോള്‍ ശശികല പക്ഷത്തുള്ള പ്രമുഖ നേതാവ്. അതേസമയം ശശികലയുടെ നീക്കങ്ങളെ യഥാസമയം പ്രതിരോധിക്കുന്നതില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഇതിന്‍റെ ഭാഗമായി ഇന്ന് ഉച്ചയോടെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ജയില്‍ മോചിതയായ ശശികലയെ സ്വീകരിക്കാന്‍ പോയ അണ്ണാ ഡിഎംകെയുടെ രണ്ട് ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കിയിട്ടുണ്ട്. ചില പ്രാദേശിക നേതാക്കള്‍ക്കെതിരെയും പാര്‍ട്ടിതല നടപടി സ്വീകരിച്ചിട്ടുണ്ട്.

അതിനാല്‍ തന്നെ തുടര്‍ നീക്കങ്ങള്‍ എവിടെനിന്ന് ആരംഭിക്കണമെന്ന ആലോചനയിലാണ് ശശികല ക്യാമ്പ്. ജയില്‍വാസം ആഘോഷമാക്കി മാറ്റി ശശികലയ്ക്ക് വന്‍ വരവേല്‍പാണ് ഇന്ന് ആരാധകര്‍ നല്‍കിയത്. വരും ദിവസങ്ങളില്‍ ശശികലയ്ക്കായി സംസ്ഥാനമൊട്ടുക്കും വന്‍ വരവേല്‍പ് ഒരുക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ടിടിവി ദിനകരന്‍റെ നേരിട്ടുള്ള നേല്‍നോട്ടത്തിലാണ് പുരോഗമിക്കുന്നത്.

വരും ദിവസങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ചില മുതിര്‍ന്ന നേതാക്കളെ തങ്ങളുടെ ക്യാമ്പിലെത്തിക്കാനാണ് ശശികലയുടെ നീക്കമെന്നാണ് സൂചന. ഏതാനും മുതിര്‍ന്ന നേതാക്കളെ സ്വന്തം പക്ഷത്തു കൊണ്ടുവന്നാല്‍ മാത്രമേ ബദല്‍ നീക്കങ്ങള്‍ വിജയിക്കുകയുള്ളുവെന്ന് ശശികലയ്ക്കറിയാം. പളനിസ്വാമിയും പനീര്‍ശെല്‍വവും ഭയക്കുന്നതും അതുതന്നെയാണ്. അതിനാല്‍ തന്നെ തമിഴ്നാട് രാഷ്ട്രീയത്തില്‍ വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്.

 

chennai news
Advertisment