കോവിഡ് ഒരു അനിവാര്യമായ വിധി ആണെങ്കിൽ നെഞ്ചും വിരിച്ചു പോയി നേരിട്ടു കൂടെ? അതല്ലേ ഹീറോയിസം?; എത്രയും നേരത്തെ കോവിഡ് കിട്ടിയാൽ ആ ടെൻഷൻ കഴിഞ്ഞു, ഇനി ഇന്ന് വരുമോ നാളെ വരുമോ എന്നാലോചിച്ചു ടെൻഷൻ അടിക്കേണ്ട, ഫ്രീ ആയില്ലേ’!; ഡോക്ടറുടെ കുറിപ്പ് വൈറല്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, July 5, 2020

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഡോ വികെ ഷമീറിന്റെ കുറിപ്പ് വൈറലാകുന്നു.

കുറിപ്പ് വായിക്കാം…

കോവിഡ് ഒരു അനിവാര്യമായ വിധി ആണെങ്കിൽ നെഞ്ചും വിരിച്ചു പോയി നേരിട്ടു കൂടെ? അതല്ലേ ഹീറോയിസം?

എത്രയും നേരത്തെ കോവിഡ് കിട്ടിയാൽ ആ ടെൻഷൻ കഴിഞ്ഞു, ഇനി ഇന്ന് വരുമോ നാളെ വരുമോ എന്നാലോചിച്ചു ടെൻഷൻ അടിക്കേണ്ട, ഫ്രീ ആയില്ലേ’.

കേരളത്തിലെ കോവിഡ് എണ്ണം കൂടി വരുമ്പോൾ കേൾക്കുന്ന ചില വർത്തമാനങ്ങൾ ആണ് ഇത്. കേൾക്കുമ്പോൾ ശരിയെന്നു തോന്നും.

എന്തിനാണ് കോവിഡിനെ വീണ്ടും വീണ്ടും നാം വൈകിക്കാൻ ശ്രമിക്കുന്നത്?

ഒരു കാര്യം പണ്ടേ പറയുന്നതാണ്, പരമാവധി സൗകര്യങ്ങൾ ഉണ്ടാക്കാൻ ഉള്ള സമയം വേണം. വെന്റിലേറ്ററും ഐസിയുവും തയാറാക്കി നിർത്താനുള്ള സമയം. അതിനി പറയുന്നില്ല.

ഏതു രോഗം ആയാലും അതിന്റെ തുടക്കകാലത്ത് ഉണ്ടാക്കുന്ന അപകടം കാലം കഴിയും തോറും കുറഞ്ഞു വരും എന്നതാണ് നമ്മെ ചരിത്രം പഠിപ്പിക്കുന്നത്. അതാണ്‌ ശാസ്ത്രത്തിന്റെ ഒരു ഏർപ്പാട്. ഉദാഹരണത്തിന് HIV എടുക്കാം. 1980 കളിൽ HIV എന്നാൽ മരണമായിരുന്നു. പിന്നീട് ആയുസ്സ് നീട്ടി കൊടുക്കൽ ആയി. ഇപ്പോൾ അത് രോഗിക്ക് ഏതാണ്ട് നോർമൽ ജീവിതം എന്ന പോലെ ആയി. മലമ്പനി ആയാലും കോളറയായാലും ക്ഷയമായാലും കുഷ്ഠമായാലും ഇതു തന്നെയായിരുന്നു അവസ്ഥ. ശാസ്ത്രം തല പുകയ്ക്കുന്നതിന് അനുസരിച്ചു രോഗത്തിന് കാഠിന്യം കുറഞ്ഞു വരികയും പലപ്പോഴും രോഗം ഒരു പ്രശ്നമേ അല്ലാതെ മാറുകയും ചെയ്യുന്നത് നിത്യ കാഴ്ചയാണ്.

അതിന്റെ ചിഹ്നങ്ങൾ കോവിഡിലും കണ്ടു തുടങ്ങിയിട്ടുണ്ട് എന്നതാണ് കോഴിക്കോട്ടെ അനുഭവം. മൂന്നു മാസം മുൻപ് കോവിഡ് ന്യൂമോണിയ വന്നവർക്ക് ഐ സി യൂ വിൽ കൊടുത്ത ചികിത്സ പോലെ അല്ല ഇപ്പോൾ കൊടുക്കുന്നത്. വെറും ഒരു വൈറസ് ഉണ്ടാക്കുന്ന തകരാറുകൾക്ക് അപ്പുറം, രക്തക്കുഴലുകളെ ബാധിച്ച് രക്തപ്രവാഹം കുറച്ചാണ് പല അവയവങ്ങളും നശിപ്പിക്കുന്നത് എന്ന് നമുക്ക് അന്നറിയില്ല. എന്നാൽ ഇന്ന് ആ ഘടകങ്ങൾ പരിശോധിച്ചറിയാൻ ഉള്ള ടെസ്റ്റുകൾ (D dimer പോലത്തെ) കോവിഡ് ന്യൂമോണിയയിൽ സ്ഥിരമായി ചെയ്തു തുടങ്ങി. ഫലങ്ങൾക്ക് അനുസരിച്ചു രക്തത്തിലെ ക്ലോട്ട് അലിയിക്കുന്ന ഹെപ്പാരിൻ പോലത്തെ മരുന്നുകളും ഉപയോഗിച്ച് തുടങ്ങി.

രക്തത്തിലെ ഓക്സിജന്റെ അളവ് വളരെ കുറഞ്ഞു നിൽക്കുമ്പോഴും രോഗിക്ക് വളരെ ആക്റ്റീവ് ആയി നിൽക്കാൻ കഴിയുന്നു എന്നത് കോവിഡ് ന്യൂമോണിയയുടെ മറ്റൊരു പ്രത്യേകത. Happy Hypoxia എന്നാണ് അതിനെ ലോക വ്യാപകമായി വിളിച്ചു പോരുന്നത്. നമ്മുടെ ഐസിയൂ വിൽ അഡ്മിറ്റ്‌ ആയ പല ആളുകളും ഓക്സിജന്റെ അളവ് 90 ഇൽ താഴെ ഉള്ളപ്പോഴും വളരെ ഉന്മേഷത്തോടെ സംസാരിക്കുന്നതും വീട്ടിലേക്ക് ഫോൺ ചെയ്യുന്നതും കാണാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ ഓക്സിജൻ നോർമൽ ആക്കാൻ ഉള്ള പരമ്പരാഗത ചികിത്സകളിൽ കോവിഡ് ന്യൂമോണിയയുടെ കാര്യത്തിൽ മാറ്റം വേണമെന്ന ചിന്ത സ്വീകരിച്ചു തുടങ്ങി.

ഓക്സിജൻ കൊടുത്തു കൊണ്ടിരിക്കുന്ന രോഗിയുടെ പൊസിഷൻ പല രീതിയിലും മാറ്റുക (സാധാരണ മലർത്തി കിടക്കുന്നതിൽ നിന്ന് കമഴ്ത്തിയും മറ്റും) എന്നത് മുൻപ് വളരെ അപൂർവമായി മാത്രം ഉപയോഗിച്ചിരുന്ന ഒരു മാർഗം ആയിരുന്നു. പത്തോ പതിനഞ്ചോ കൊല്ലം മുൻപ് കമഴ്ത്തി കിടത്തി ഓക്സിജൻ കൊടുക്കുക എന്നത് ഭാവനയിൽ പോലും കാണാൻ കഴിയുമായിരുന്നില്ല. എന്നാൽ കോവിഡിൽ അതും ഒരു സാധാരണ കാര്യം ആയി മാറി. നേരിട്ട് വെന്റിലേറ്റർ ചികിത്സയിലേക്ക് പോകുന്നതിനു മുൻപ് മിനുട്ടിൽ വളരെ കൂടുതൽ അളവിൽ ഓക്സിജൻ നൽകാൻ കഴിയുന്ന HFNC പോലത്തെ സംവിധാനങ്ങൾ ഉപയോഗിച്ചു തുടങ്ങി. ഇവരിൽ പലർക്കും വെന്റിലേറ്റർ സഹായം വേണ്ടി വന്നില്ല.

വൈറസിന്റെ നേരിട്ടുള്ള ആക്രമണത്തേക്കാൾ എത്രയോ വലിയ ആഘാതം ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളും വൈറസിന്റെ ഘടകങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആണ് ഉണ്ടാകുന്നത് എന്നതാണ് മറ്റൊരു തിരിച്ചറിവ്. അതിനാൽ വൈറസിനെ നശിപ്പിക്കാനുള്ള മരുന്നുകൾക്ക് അപ്പുറം പ്രതിരോധ സംവിധാനങ്ങൾ ക്രമീകരിക്കുന്ന മരുന്നുകൾ കോവിഡ് സങ്കീർണതകളിൽ പ്രധാനം ആകാമെന്നും ഒരു പുതിയ അറിവ് വികസിച്ചു വന്നു.

അതാണ് സ്റ്റിറോയ്ഡ്, ടോസിലീസുമാബ് തുടങ്ങിയ മരുന്നുകൾ കോവിഡിൽ ഉപയോഗിക്കാൻ കാരണം. പണ്ട് ടോസിലീസുമാബ് എന്ന മരുന്നൊക്കെ കൊടുക്കുക എന്നത് എത്രയോ നാളത്തെ ചർച്ചകൾക്കും ശ്രമങ്ങൾക്കും ശേഷമാണ് നടന്നതെങ്കിൽ ഇന്ന് നമ്മുടെ ഐ സി യു വിൽ രോഗി ഗുരുതരാവസ്ഥയിലേക്ക് പോകുമ്പോൾ മണിക്കൂറുകൾ കൊണ്ടാണ് നൽകാൻ കഴിയുന്നത്.

പൂർണമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വളരെ പ്രതീക്ഷ തരുന്ന മറ്റൊരു ചികിത്സയാണ് പ്ലാസ്മ. പൊതുവെ എളുപ്പവും താരതമ്യേന ചെലവ് കുറഞ്ഞതുമായ ചികിത്സയാണിത്. പ്ലാസ്മയിലൂടെ കൂടുതൽ ആളുകളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുമെന്ന് തന്നെയാണ് വിശ്വാസം. ഈ ചികിത്സയും നമുക്ക് ഇപ്പോൾ എളുപ്പത്തിൽ ലഭ്യമായിത്തുടങ്ങി.

രോഗത്തിന്റെ തുടക്കകാലത്ത് നൽകുന്ന ഇന്ത്യയിൽ ലഭ്യമല്ലാതിരുന്ന ഫാവിപിറവിർ പോലെ ഉള്ള ആന്റിവൈറൽ മരുന്നുകൾ പലതും ഇപ്പോൾ എളുപ്പത്തിൽ ലഭിക്കാൻ തുടങ്ങി.

ഇതെല്ലാം മരുന്നുകളുടെ കാര്യം ആണെങ്കിൽ അതിനേക്കാൾ പ്രധാനം ആണ് ചികിൽസിക്കുന്നവരുടെ ആത്മവിശ്വാസം. നമുക്ക് പരിചയമില്ലാത്ത രോഗം ചികിത്സിക്കുമ്പോഴുള്ള വെപ്രാളം ഇപ്പോൾ കോവിഡ് ചികിത്സയിൽ ഇല്ല. പി പി ഇ കിറ്റും മറ്റു സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ചുള്ള ചികിത്സ ആരോഗ്യ പ്രവർത്തകർക്ക് പുതുമയുള്ളതല്ലാതായി. ആശുപത്രിയും അതിനനുസരിച്ച് രൂപഭാവമാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. ഇവയെല്ലാം കോവിഡ് ചികിത്സയുടെ ഫലം കൂടുതൽ അനുകൂലമാക്കാനാണ് സാധ്യത.

കോവിഡിനെ തോൽപ്പിക്കാനുള്ള ഗവേഷണങ്ങൾ ഇപ്പോഴും ഊർജ്ജിതമായി നടന്നു കൊണ്ടിരിക്കുന്നു. ദിവസം കഴിയും തോറും നമ്മുടെ അറിവും നമ്മുടെ കയ്യിലുള്ള ആയുധങ്ങളും വിശാലമായിക്കൊണ്ടിരിക്കുന്നു. അതിനാൽ ഇന്ന് കോവിഡ് കിട്ടുന്നതിനേക്കാൾ നല്ലതായിരിക്കും നാളെ കിട്ടുന്നത്. ഒരു മാസം കഴിഞ്ഞിട്ടാണെങ്കിൽ നിങ്ങളുടെ അപകട സാധ്യത അതിലും കുറയും.

അങ്ങനെ ദിവസം നീട്ടിക്കൊണ്ടുപോകാൻ കഴിഞ്ഞാൽ ഒരു പക്ഷേ നിങ്ങൾക്ക് കോവിഡ് കിട്ടാനുള്ള സാധ്യതയും കുറഞ്ഞു വരാം. കാരണം വാക്സിൻ വരുന്നവരേയോ ഹേർഡ് ഇമ്യൂണിറ്റി വരുന്നവരേയോ നിങ്ങൾക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞാലോ? വൈറസിന്റെ വീര്യം കാലക്രമേണ കുറഞ്ഞാലോ? എല്ലാം കൊണ്ടും കോവിഡിനെ കഴിയുന്നത്ര കാലം അകറ്റി നിർത്തുന്നതു തന്നെ ബുദ്ധി.

×