Advertisment

ഇടപ്പാടിയിലെ 'ആശാനച്ഛന്' നാടിന്റെ അന്ത്യാഞ്ജലി

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : ഇടപ്പാടി നിവാസികള്‍ക്കും പരിചയമുള്ള മറ്റെല്ലാവര്‍ക്കും 'ആശാനച്ഛന്‍' ആയിരുന്ന അന്തരിച്ച ഇടപ്പാടി വെട്ടത്ത് വി.കെ. ശ്രീധരന് (വെട്ടത്തു കുഞ്ഞേട്ടന്‍-84) നാടിന്റെ അന്ത്യാഞ്ജലി. സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട നൂറുകണക്കിനാളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിനു സമീപത്തെ വെട്ടത്തു വീട്ടില്‍ എത്തിയത്.

കോട്ടയം ജില്ലയില്‍ ആദ്യമായി മീനച്ചില്‍ താലൂക്കില്‍ ചെത്തു തൊഴിലാളി യൂണിയന്‍ (എ.ഐ.റ്റി.യു.സി) സ്ഥാപിച്ച നേതാക്കളില്‍ പ്രമുഖനായിരുന്നൂ, പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ 'സഖാവ് വെട്ടത്തു കുഞ്ഞേട്ടന്‍' എന്നറിയപ്പെട്ടിരുന്ന ശ്രീധരന്‍.

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രസന്നിധിയിലാണ് മീനച്ചില്‍ താലൂക്കിലെ ചെത്തു തൊഴിലാളി യൂണിയന്റെ രൂപീകരണമുണ്ടായത് എന്നതും പ്രത്യേകതയാണ്.

ദീര്‍ഘകാലം ചെത്തുതൊഴിലാളിയായിരുന്ന ശ്രീധരന്‍ പിന്നീട് ഈ തൊഴില്‍ മേഖലയില്‍ നിന്ന് പിന്മാറി ഇടപ്പാടിയിലെ ആദ്യകാല കളരി ആശാനായി മാറി. നൂറുകണക്കിന് കുട്ടികള്‍ക്ക് അറിവിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു കൊടുത്ത ആശാനെ കുട്ടികള്‍ 'ആശാനച്ഛന്‍' എന്നാണ് വിളിച്ചിരുന്നത്. ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രമുള്‍പ്പെടെയുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ശ്രീധരന്‍ പൊതുപ്രവര്‍ത്തനത്തിലും സജീവമായിരുന്നു.

അസുഖം മുലം ശയ്യാവലംബിയായിരുന്നിട്ടും കഴിഞ്ഞ പ്രളയകാലത്ത് ദുരിതത്തില്‍പ്പെട്ട നിരവധി കുടുംബങ്ങളെ വീട്ടില്‍ വിളിച്ചു വരുത്തി സഹായധനം നല്‍കാനും ശ്രീധരന്‍ തയ്യാറായി. ലണ്ടനില്‍ ഉന്നത ഉദ്യോഗസ്ഥനായ മൂത്ത മകന്‍ വി.എസ്. സുധാകരന്റെ സഹായത്തോടെ നിരവധി പേര്‍ക്ക് ശ്രീധരന്‍ ധനസഹായം നല്‍കി.

മീനച്ചില്‍ താലൂക്കിലെ ആദ്യകാല തൊഴിലാളിയൂണിയന്‍ നേതാവും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനും കളരിയാശാനുമായിരുന്ന വെട്ടത്ത് വി.കെ. ശ്രീധരന്റെ നിര്യാണം നാടിന് തീരാ നഷ്ടമാണെന്ന് കെ.എം. മാണി എം.എല്‍.എ., ജോസ് കെ. മാണി എം.പി., പി.സി. ജോര്‍ജ്ജ് എം.എല്‍.എ. തുടങ്ങിയവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വി.കെ. ശ്രീധരന്റെ നിര്യാണത്തില്‍ എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ എ.ജി. തങ്കപ്പന്‍, കണ്‍വീനര്‍ അഡ്വ. കെ.എം. സന്തോഷ്‌കുമാര്‍, കമ്മറ്റി അംഗങ്ങളായ ഷാജി കടപ്പൂര്, ഉല്ലാസ് മതിയത്ത്, സതീശ് മണി, ഷിബു കല്ലറയ്ക്കല്‍, സജി മുല്ലയില്‍, രാജന്‍ കൊണ്ടൂര്‍, അനീഷ് ഇരട്ടയാനി, മീനച്ചില്‍ യൂണിയന്‍ സംരക്ഷണ സമിതി കൂട്ടായ്മ രക്ഷാധികാരി ഡോ. സതീശ് ബാബു , പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഡോ. സെലിന്‍ റോയി, വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, എന്‍.എസ്.എസ്. മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍, കിഴതടിയൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി. കാപ്പന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

pala news
Advertisment