Advertisment

ദുബായിലെ സാധാരണക്കാര്‍ക്ക് വി എം സതീഷ്‌ പാവപ്പെട്ടവന്‍റെ അംബാസിഡറായി. തെറ്റ് കാണിച്ചപ്പോള്‍ ജോയി ആലുക്കാസിനോടും പിണങ്ങി. കടക്ക് പുറത്തെന്ന്‍ ആദ്യം കേട്ടതും അത് നടക്കില്ലെന്ന് മറുപടി കൊടുഞ്ഞതും സതീശുതന്നെ. ഒരു നന്മ മരംകൂടി വിടപറഞ്ഞപ്പോള്‍ അവസാനമായി പറയാന്‍ ബാക്കിയായത്

New Update

മരണമെത്തുന്ന നേരത്ത് നീഎന്റെ അരികിൽ ഒത്തിരി നേരം ഇരിക്കണേ - മലയാള മാധ്യമപ്രവർത്തകരിലെ തെമ്മാടി നമ്മെ വിട്ടു പിരിഞ്ഞപ്പോൾ ചെയ്യാൻ ബാക്കി വെച്ച കുറെ കർത്തവ്യങ്ങൾ പകരക്കാരനില്ലാതെ അനാഥാവസ്ഥയിൽ . ഒരു നന്മ മരം കൂടി അകാലത്തിൽ കരിഞ്ഞുണങ്ങി .

Advertisment

publive-image

അവസാന നാളുകളില്‍ വി എം സതീഷ് ശരിക്കും വിഷമത്തിലായിരുന്നു . പ്രതീക്ഷിച്ചതുപോലെയുള്ള സഹായഹസ്തങ്ങൾ കൂടെ നിന്നവരിൽ നിന്നും കിട്ടാതെ വന്നപ്പോഴും വളരെ പ്രതീക്ഷയോടെ എത്തിപ്പിടിച്ച ഒരു നല്ല ജോലി കൂടെയുള്ളവരാൽ തട്ടിത്തെറിപ്പിക്കപ്പെട്ടപ്പോഴും സതീഷിന്റെ ഉള്ളിന്റെ ഉള്ളിൽ തീച്ചൂളകൾ ഉണ്ടായിരുന്നു എന്നത് കുറച്ചുപേർക്കെങ്കിലും അറിയാം .

വളരെയേറെ നല്ല കാര്യങ്ങൾ മാത്രം ചെയ്തിരുന്ന ഒരു വ്യക്തി മിന്നുന്നതെല്ലാം പൊന്നല്ല എന്നത് തിരിച്ചറിയുവാൻ ഏറെ വൈകിപ്പോയി. ശരിക്കും സതീഷ് പെട്ടുപോയത് സൗദിയിലെ ഒരു തട്ടിപ്പുകാരന്‍റെ പിആർ കമ്പനിയുടെ വാഗ്ദാനങ്ങളിലായിരുന്നു.

സൗദിയിൽ ഏതോ ഒരു ഷെയ്‌ഖിന് കാലുതിരുമ്മി കൊടുക്കുന്ന ഇയാള്‍ പെട്ടെന്ന് ദുബായിലേക്ക് ചേക്കേറുകയും കിർഗിസ്ഥാൻ കഥകൾ കൊണ്ട് മലയാള മാധ്യമപ്രവർത്തകരെ ഒന്നടങ്കം വിലക്കുവാങ്ങുകയുമായിരുന്നു . ഒന്നോ രണ്ടോ മാധ്യമങ്ങളൊഴികെ എല്ലാവരും ഇയാളുടെ കിർഗിസ്ഥാൻ കഥകൾ വെച്ച് കാച്ചി.

ഏതോ രാജ്യത്ത് പട്ടാള മേധാവിയാകുന്ന ആദ്യത്തെ ഇന്ത്യക്കാരൻ എന്ന തള്ള്, അതിന്റെ യാഥാർഥ്യം ഉൾക്കൊള്ളാതെ വെച്ച് താങ്ങിയപ്പോൾ പാവം സതീഷും അക്കഥ ഇംഗ്ലീഷിൽ ഖലീജ് ടൈംസിൽ എഴുതി .

ഇതറിഞ്ഞ ആ രാജ്യത്തെ എംബസ്സി ഈ വാർത്തയിലെ കള്ളത്തരവും പൊള്ളത്തരവും വെളിച്ചത്ത് കൊണ്ടുവന്നപ്പോൾ സതീഷിന് പത്രത്തിലൂടെ തെറ്റ് തിരുത്തേണ്ടിവന്നു .

മാനസികമായി വളരെയധികം തിരിച്ചടി നേരിട്ട ഒരു വാർത്തക്ക് പിന്നാലെ കൂടെയുള്ളവർ കുതികാൽ വെട്ടിയപ്പോൾ ആ മാധ്യമവും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു .

പിന്നെ എല്ലാം മതിയാക്കി നാട്ടിൽ കൃഷിയും വീടും പറമ്പുമൊക്കെയായി കൂടിയെങ്കിലും കോട്ടയത്തുകാരന്റെ ആയുധം പേന തന്നെയാണെന്ന ഉറച്ച വിശ്വാസത്തിൽ പിന്നെയും ഓൺലൈൻ മാധ്യമവുമായി 'ഒടുവിലെയാത്രക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു' എന്ന് വീട്ടുകാരോട് മന്ത്രിച്ചുകൊണ്ടു ദുബായിലേക്ക് വണ്ടികയറി .

publive-image

2001 ൽ എംഎസ്എന്നിൽ കേരള ചാറ്റ് റൂമും കൂട്ട് റൂമും ഒക്കെയായി ഇന്റർനെറ്റ് ഭരിക്കുന്ന കാലഘട്ടം . കേരള മോണിറ്റർ എന്ന പേരിൽ ഒരാൾ എന്നും വൈകീട്ട് ചാറ്റ് റൂമുകളിൽ കയറിവന്ന് അന്നന്നത്തെ വാർത്തകൾ പോസ്റ്റ് ചെയ്യും .

ആദ്യ ദിനങ്ങളിൽ ആളെ പിടിച്ചു പുറത്താക്കുമെങ്കിലും പിന്നീട് ചാറ്റ് റൂമുകളിൽ വാർത്തകളും പങ്കുവെക്കാം എന്ന ആശയം ഞങ്ങളിലും ഉദിച്ചു . അങ്ങനെ സതീഷും ചാറ്റ് റൂമിലെ ഹോസ്റ്റ് ആയി മാറുകയായിരുന്നു .

പിന്നീട് ഒമാനിൽ നിന്നും കൂട് മാറി ദുബായിൽ എത്തിയപ്പോൾ തന്നെ ഇതേതാ ഒരു ചങ്ങാതി വന്നിരിക്കുന്നത്  എന്നതായിരുന്നു ദുബായിലെ ആസ്ഥാന പത്രക്കാർക്കിടയിലെ ഒരു ചോദ്യം . പിണറായി വിജയന്‍ ആദ്യമായി കടക്ക് പുറത്ത് മോഡലില്‍ കര്‍ക്കശമായി സംസാരിച്ചത് ദുബായിലെ പത്ര സമ്മേളനത്തില്‍ വച്ച് സതീഷിനോടായിരുന്നു. വിഷയം - ലാവ്‌ലിന്‍ ചോദ്യം .

കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ മതി , അല്ലാതെ പുറത്താക്കലൊന്നും ദുബായില്‍ നടക്കില്ലെന്നു തിരിച്ചുപറയാന്‍ ധൈര്യം കാണിച്ച ഏക പത്രക്കാരനും സതീഷ്‌ തന്നെ. എന്നിട്ടും പിണറായിക്കും സതീശനോട് ഇഷ്ടമായിരുന്നിരിക്കണം. അതാണ്‌ സതീഷ്‌ എന്ന മാധ്യമ പ്രവർത്തകൻ.

എങ്കിലും ആർക്കും അദ്ദേഹത്തെ ഒരു താല്പര്യവുമില്ലായിരുന്നു . എല്ലാ പ്രസ്സ് കോൺഫറൻസുകളിലും കയറിയിരുന്നു  അവരെ കുഴക്കുന്ന ചോദ്യങ്ങൾ ഉയര്‍ത്തുക  പതിവായിരുന്നു . എല്ലാ പത്രക്കാരും ഒന്നോ രണ്ടോ ഗിഫ്റ്റിനുമേലെ അടികൂടുമ്പോൾ സതീഷ് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് എല്ലാം ആസ്വദിച്ചിരുന്നത് .

പിന്നീട് ജോയ് ആലുക്കാസിലെ ജോലിക്കാരെക്കൊണ്ട് മാനേജ്‌മെന്റ് മീശ വടിപ്പിച്ചപ്പോൾ അതിനെതിരെ പടവാൾ ഉയർത്തുകയും ജോയേട്ടനുമായി അങ്കം വെട്ടുകയും ചെയ്തു .

അക്കാര്യത്തിൽ പത്രക്കാരെ രണ്ടു തട്ടുകളിൽ ആക്കുവാൻ മാനേജ്‌മെന്റിന് സാധിച്ചു . അത്തരം പത്രക്കാരിൽ മിക്കവരും ജോയേട്ടന്റെ കൂട് കൂടിയപ്പോൾ സതീഷിനു കാലിടറി . അക്കാര്യം സതീഷ് തന്നെ പലതവണ പല വേദികളിൽ തുറന്നു പറഞ്ഞിട്ടുമുണ്ട് .

പ്രശസ്ത നായകനടന്റെ ശിങ്കിടിയുടെ ജോലിക്കാരൻ ബര്‍ദുബായിൽ അപ്പാർട്ട്മെന്റിൽ വെച്ച് ആത്മഹത്യ ചെയ്തപ്പോൾ മുതലാളിയുടെ ഭീഷണിയെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് തുറന്നുപറയുവാൻ സതീഷ് ചങ്കൂറ്റം കാണിച്ചു .

പക്ഷെ അവിടെയും വൻതോക്കുകൾ സ്വാധീനവലയങ്ങൾ ഉപയോഗിച്ചുകൊണ്ട് എല്ലാറ്റിനെയും അമർച്ച ചെയ്തു . ദുബായിലെ അൽ നഹ്ദയിൽ ഒരു സിനിമ നിർമ്മാതാവും ഭാര്യയും മകളും ആത്മഹത്യാ ചെയ്തപ്പോൾ ആ വാർത്തയും അതിലെ സത്യവസ്ഥകളും ആദ്യമായി പറഞ്ഞത് സതീഷ് തന്നെയായിരുന്നു .

കോടിയേരിയുടെ മകൻ ബിനോയിയുടെ സുഹൃത്ത് ആയിരുന്ന സന്തോഷ് മരിക്കുവാനുള്ള കാരണം സാമ്പത്തിക തകർച്ചയായിരുന്നു . പാർട്ട്ണർമാർ പണം കൈക്കലാക്കിയതാണ് കാരണമെന്ന് സതീഷ് എഴുതിയപ്പോൾ അദ്ദേഹത്തിന് ഭീഷണിയും ഉണ്ടായിരുന്നു .

ഗോവക്കാരനായ ബിസിനസ്സുകാരൻ തളർന്നവശനായി ആശുപത്രിയിൽ കഴിയുമ്പോൾ വീട്ടിൽ കറന്റും വെള്ളവുമില്ലാതെ ഭാര്യയും മക്കളും സഹായത്തിനായി കേഴുന്നുവെന്ന വാർത്ത സതീഷ് നൽകിയപ്പോൾ ബിആർ ഷെട്ടി ആ കുടുംബത്തെ സഹായിച്ചു .

സ്വന്തം കാറിൽ അന്തിയുറങ്ങുന്ന ഒരു മലയാളികുടുംബത്തെ കുറിച്ച് എഴുതിയപ്പോൾ കുറെ സ൦ഘടനകൾ ചേർന്നുകൊണ്ട് അവരെ സഹായിച്ചു നാട്ടിലെത്തിച്ചു . മംസാർ ബീച്ചിൽ രാത്രി അന്തിയുറങ്ങിയിരുന്ന മലയാളികുടുംബത്തെ കുറിച്ച് സതീഷ് എഴുതിയപ്പോൾ ഒരു അജ്ഞാതനായ ഒരാൾ സതീഷിനെ വിളിച്ചു അവർക്കുള്ള സഹായങ്ങൾ എത്തിച്ചു കൊടുത്തു.

ഭർത്താവു ജയിലിൽ പോയപ്പോൾ ഖിസൈസിൽ ഒരു ഇരുട്ടുമുറിയിൽ കുടുങ്ങിപ്പോയ തമിഴ്കുടുംബത്തെ കുറിച്ച് സതീഷ് എഴുതിയപ്പോൾ ഒരു അറബി സ്ത്രീ അവരെ സഹായിക്കുവാൻ മുന്നിട്ടിറങ്ങി . ലേബർ ക്യാമ്പുകളിലെ ആത്മഹത്യകളും വട്ടി പലിശക്കാരുടെ ഭരണവും ഒക്കെ ചങ്കൂറ്റത്തോടെ എഴുതിയപ്പോൾ കുറെ പലിശക്കാർ എല്ലാം മതിയാക്കി ഒതുങ്ങേണ്ടിവന്നു .

ഗൾഫിൽ നിന്നും നാട്ടിലേക്ക് അയക്കുന്ന ഡെഡ് ബോഡികളിൽ പകുതി മാത്രമേ വീട്ടുകാർക്ക് കിട്ടുന്നുള്ളൂ , ബാക്കി പകുതി ( ആന്ധ്രക്കാരുടെയും, തമിഴന്മാരുടെയും ) കോളേജുകളിലേക്ക് പഠിക്കുവാനായി വിൽക്കുന്നുവെന്ന ഒരു രഹസ്യവർത്ത വന്നപ്പോൾ അതേക്കുറിച്ചു അന്വേഷിക്കുവാൻ ഒരു കൂട്ടർ സതീഷിനെ ഏൽപ്പിച്ചു .

publive-image

സതീഷിന്റെ അന്വേഷണം ആരംഭിച്ചപ്പോൾ ചില സത്യങ്ങൾ ഉണ്ടെന്നു കണ്ടെത്തി. അപ്പോഴാണ് അഷ്‌റഫ് താമരശ്ശേരിയെ കാണുന്നതും കാര്യങ്ങൾ മനസിലാക്കുന്നതും .

അഷ്‌റഫ് താമരശ്ശേരി ആത്മാർത്ഥമായി സമൂഹത്തിന് സേവനമാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കിയ സതീഷ് അഷ്‌റഫിന്റെ നന്മകളെ കുറിച്ച് സമൂഹത്തിൽ അറിയിച്ചു . വേറെ ചിലരാണ് ഇക്കളികൾ കളിച്ചിരുന്നത് എന്നത് മനസിലാക്കുവാനും സാധിച്ചു .

അവരൊക്കെ ഇപ്പോൾ എല്ലാം മതിയാക്കി നാട്ടിലെത്തി. പിന്നീട് ആ അഷ്‌റഫ് താമരശേരിയും സതീഷും നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു . പല പൊയ്മുഖങ്ങളും സതീഷിന്റെ എഴുത്തിൽ പിച്ചി ചീന്തപ്പെട്ടിട്ടുണ്ട് .

അതുപോലെ നമ്മെയെല്ലാം വിട്ടുപിരിഞ്ഞ വിവേകാന്ദൻ സാറിനോട് ദുബായിലെ കൂട്ടുകാർ മാന്യത കാണിച്ചില്ലെന്ന് എന്നും സതീഷ് പറയുമായിരുന്നു . അതിലും കുറെ സത്യങ്ങൾ ഒളിഞ്ഞുകിടക്കുന്നു .

ഒരാൾ മരിച്ചെന്ന് കേട്ടാൽ എല്ലാവരും അന്വേഷിയ്ക്കും എങ്ങനെ മരിച്ചെന്ന്... എന്നാൽ അത്രകാലം അയാൾ എങ്ങനെ ജീവിച്ചു എന്ന് ആരും അന്വേഷിയ്ക്കില്ല..!

ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പത്താം വാര്‍ഷികത്തില്‍ ജനറല്‍സെക്രട്ടറി സ്ഥാനത്തേയ്ക്ക് നോമിനേഷന്‍ കൊടുക്കുകയും മുത്തശി പത്രത്തിന്‍റെ പ്രതിനിധിയോടു ഒരു വോട്ടിനു മാത്രം പരാജയപ്പെടുകയും ചെയ്തു . ജീവിച്ചിരുന്നപ്പോള്‍ സതീഷിനെ പുറത്താക്കാന്‍ നോക്കിയവരാണ് ഒടുവില്‍ സതീഷ്‌ മരിച്ചപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കിയവര്‍.

ഇനിയും ലേബർക്യാമ്പുകളിലെ ആത്മഹത്യകൾ എഴുതുവാനും പാവപ്പെട്ടവർക്കായി പേന ചലിപ്പിക്കുവാനും ഇനിയും സതീഷ്‌മാർ ജനിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ,

കോട്ടയം കുഞ്ഞിത്താനത്തുനിന്നും ദാസനും അജ്മാനിൽ നിന്നും വിജയനും

dasanum vijayanum
Advertisment