follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

മദ്യനിരോധനത്തിനായി മുറവിളി കൂട്ടുന്ന സഭകള്‍ മിസോറാമിലെ കാര്യം മറക്കരുത്. ഒരിക്കല്‍ പൂട്ടിച്ചത് ദുരന്തമായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പിന്നെ തുറക്കാന്‍ വേണ്ടി സമരം ചെയ്തു. മലയാളി നല്ല മദ്യം കഴിക്കണോ അതോ കഞ്ചാവും ബ്രൌണ്‍ ഷുഗറും കഴിക്കണോ ?

ജാവീദ് പര്‍വേസ് ( FB ) പോസ്റ്റ്‌ » Posted : 04/06/2017

മദ്യനിരോധനം എടുത്തുകളയണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭകള്‍ ഇന്ത്യയില്‍ സമരം ചെയ്ത ചരിത്രം ആരെങ്കിലും കേട്ടിട്ടുണ്ടോ. വായിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷേ അങ്ങനെയുണ്ടായിരുന്നുവെന്ന് മീസറമിലെ സുഹൃത്തുക്കള്‍ പറയുന്നു.

മദ്യനിരോധനം എടുത്തുകളയുക, മദ്യം ലഭ്യമാക്കുക , മദ്യം മദ്യം സര്‍വത്ര തുള്ളികുടിപ്പാന്‍ ഇല്ലത്രെ.. എന്നീ മുദ്രാവാക്യങ്ങളുമായി സഭാ നേതാക്കള്‍ അടിവച്ചടിവച്ചു നീങ്ങുന്ന ചിത്രം ഒന്നു മനസില്‍ കണ്ടുനോക്കുക.17 വര്‍ഷമാണ് മീസറമില്‍ ടോട്ടല്‍ പ്രോഹിബിഷന്‍ ഉണ്ടായിരുന്നത്. രണ്ടു കൊല്ലം മുന്‍പ് അത് എടുത്തു മാറ്റി. വ്യാജമദ്യത്തിന്റെ പ്രചാരം മാത്രമല്ല യുവാക്കള്‍ കൂട്ടത്തോടെ കൂടുതല്‍ അപകടകാരികളായ ലഹരിമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ സഭ തന്നെ നിരോധനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ഞാന്‍ താമസിക്കുന്ന മേഘമല്‍ഹാര്‍ ഫ്‌ളാറ്റിന് അര കിലോമീറ്റര്‍ ചുറ്റളവില്‍ മിനിമം ആറു മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ ഉണ്ട്. ബാറുകള്‍ വേറെയും. ഗോഹട്ടി ടൗണില്‍ എത്ര എണ്ണം ഉണ്ട് എന്നറിയില്ല. എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഗോഹട്ടി-ഷില്ലോങ് റോഡില്‍ മാത്രം ഔട്ട്‌ലെറ്റുകള്‍ മിനിമം 30 എണ്ണം ഉണ്ടാകും. ബാറുകളും പബുകളും ഇതില്‍ അധികമുണ്ടാകും. ഒരു മണിക്കേ ബാറും ഔട്ട്‌ലെറ്റും തുറക്കൂ. പാട്ടും ആട്ടവുമുള്ള പബുകള്‍ പാതിരാ കഴിഞ്ഞാലും സജീവമാകും.

ഔട്ട്‌ലെറ്റുകളില്‍ പലതിലും വനിതകളാണ് സെയില്‍സിന് നില്‍ക്കുന്നത്. ക്യു പോയിട്ട് ഈച്ചയെപ്പോലും പലപ്പോഴും ഇവിടെ കാണാനാവില്ല. പബുകളില്‍ ബാര്‍ കൗണ്ടറിലെ ഉയരന്‍ സ്റ്റൂളുകളിലിരുന്ന് കുപ്പിയുടെ നിറവും നോക്കിരസിച്ച് മദ്യപിക്കുന്ന പെണ്‍കൂട്ടങ്ങളെ കാണാം. ആരും ആരെയും തുറിച്ചുനോക്കുന്നത് കണ്ടിട്ടില്ല.

ജവാന്‍ , സ്റ്റാര്‍ഫ്രൈ തുടങ്ങിയ കൂതറകള്‍ ഇവിടെയുണ്ടോ എന്നറിയില്ല. ഷെല്‍ഫുകളില്‍ ജാക്്ഡാനിയല്‍സും ഗ്ലെന്‍ഫെഡിചും ഡബിള്‍ബ്ലാക്കും ബോംബെ സഫെയറും ഗ്രേഹൂസും അബ്‌സല്യൂട്ടും മിന്നിത്തിളങ്ങുന്നത് കാണാം. ( 100 മീറ്റര്‍ അപ്പുറത്തെ മദ്യക്കടയില്‍ നിന്നുള്ള ചിത്രം പശ്ചാത്തലത്തില്‍) എല്ലാ മദ്യത്തിനും വില കേരളത്തിന്റെ പകുതി മാത്രം.

ഉദാ. സ്മിര്‍ണോഫ് 420 രൂപ. സിഗ്നേച്ചര്‍ 410. കൊള്ളാവുന്ന മദ്യം കഴിച്ചാല്‍ കുഴപ്പമില്ലെന്നും കൂതറ കഴിച്ചാലാണ് തട്ടിപ്പോകുകയെന്നും സിംഗിള്‍മാള്‍ട്ട് സ്ഥിരം അടിച്ചുകൊണ്ടിരുന്ന ഖുഷ്വന്ത് സിങ്ങിനെ ഉദാഹരിച്ച് മദ്യപണ്ഡിതര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അത് ശരിയാണെന്ന് തോന്നുന്നു.ഇത്രയും മദ്യം സുലഭമായിട്ടായിരിക്കും ഇവരുടെ മദ്യപാനത്തിനും ഒരു കാവ്യഭംഗി. മഹാകുടിയന്‍മാരാകേണ്ട പത്ര സുഹൃത്തുക്കള്‍, അവര്‍ ആണായാലും പെണ്ണായാലും ഒരു തേര്‍ട്ടി ഒഴിച്ച് വച്ച് മുക്കാല്‍ മണിക്കൂര്‍ അത് നക്കിക്കൊണ്ടിരിക്കും.

ക്ലോസ്റ്റില്‍ വെള്ളം ഫ്‌ളഷ് ചെയ്യുന്നതുപോലെ മദ്യപിക്കുന്ന ഒരുത്തനെയും- പ്രത്യേകിച്ച് ഒരു പത്രക്കാരനെപ്പോലും- ഞാന്‍ ഇവിടെ കണ്ടിട്ടില്ല. വൈകുന്നേരമായാല്‍ പിരിപിരിപ്പ് ആര്‍ക്കും ഇല്ല. ബാര്‍ ലൈസന്‍സ് ഉണ്ടായിട്ട് ബാറ് ആരംഭിക്കാത്ത ഗോഹട്ടി പ്രസ് ക്ലബിനെ എന്തു വിളിക്കണം.

കഴിഞ്ഞ ദിവസം ഷില്ലോങ്ങിലെ ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ ചീഫ് ഒരു ഡിന്നര്‍ ഒരുക്കി. കൊച്ചിയിലെ ഓഫിസേഴ്സ് മെസിലും മറ്റും മുന്‍പ് പോയ അനുഭവം ഏറെയുണ്ട്. ആക്രാന്തത്തിന്റെ ഉല്‍സവമേളമായിരിക്കും അവിടെയെല്ലാം.

ഇവിടെ ക്ഷണിക്കപ്പെട്ട പത്തിരുപതുപേരില്‍ ഗ്ലാസ് കൈയിലെടുത്തത് അഞ്ചോ ആറോ പേര്‍ മാത്രം. അതും നേരത്തേ പറഞ്ഞപോലെ നക്കിക്കൊണ്ടുള്ള നില്‍പ്പ്. കാരണം പട്ടാളമദ്യം ആര്‍ക്കും ആവശ്യമില്ല. മദ്യത്തോട് ആക്രാന്തവുമില്ല.

അതായത് സുലഭമായി കിട്ടുന്നതിനോട് ആക്രാന്തം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ കള്ളടിച്ച് വഴിയരികില്‍ ഒരുത്തനും കിടക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. ഫിലിം ഫെസ്റ്റിവലില്‍ വിശേഷിച്ചും അല്ലാത്ത ദിവസങ്ങളില്‍ പതിവായും തമ്പാനൂര്‍ - മോഡല്‍ സ്‌കൂള്‍ റോഡില്‍ കാണുന്ന തരത്തിലുള്ള ഒരു പാമ്പിനെയും ഇവിടെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ രാത്രി ഊതാന്‍ നില്‍ക്കുന്ന പൊലീസിനെയും കണ്ടിട്ടില്ല.

മദ്യനിരോധനം പ്രായോഗികമല്ലെന്ന് മീസറം മാത്രമല്ല, പല പ്രദേശങ്ങളും രാജ്യങ്ങളും പറഞ്ഞുതന്നിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വികലമദ്യനയം ആകില്ല എല്‍ഡിഎഫിന്റേത് എന്നാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. മീസറമില്‍ ഇതിന്റെ പ്രവാചകന്‍ അന്ന് ഗവര്‍ണറായിരുന്ന നമ്മുടെ വക്കം ആയിരുന്നത്രെ.

പത്രക്കാരെ രാജ്ഭവനില്‍ വിളിപ്പിച്ച് ഡിന്നറും കൊടുത്ത് ഈ മദ്യനയം ശരിയല്ലെന്ന് പറയാന്‍ അദ്ദേഹത്തേക്കാള്‍ വേറെ യോഗ്യന്‍ ആരുണ്ട്. അതുകൊണ്ട് വരുമാനം ഉണ്ടാക്കണമെങ്കില്‍ ചാണ്ടിയുടെ നയമാണ് നല്ലത്. അല്ല, നല്ല ആരോഗ്യമുള്ള പൗരന്‍മാരാണ് വേണ്ടതെങ്കില്‍ നയം മാറ്റണം.ലൈറ്റ് ഡ്രിങ്കുകളായ ക്വാളിറ്റി ബീയറുകളും ബ്രീസറുകളും വൈനുകളും ലഭ്യമാകണം.

അതുകൊണ്ട് മദ്യ മന്ത്രി ടിപി.രാമകൃഷ്ണന് ഒരു നോര്‍ത്ത് ഈസ്റ്റ് സന്ദര്‍ശനമാകാവുന്നതാണ്. പത്ര സുഹൃത്തുക്കളെയും കൂടെ കൊണ്ടുവരാം. ബാറുകളെക്കുറിച്ച് പഠിക്കാം, സൈക്കിളില്‍ പോകുന്ന , ഭാര്യയുടെ പെന്‍ഷന്‍കൊണ്ട് ജീവിക്കുന്ന കമ്യൂണിസ്റ്റുകാരന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറിനെക്കണ്ട് വെറ്റിലയും പാക്കും ദക്ഷിണ നല്‍കുകയും ചെയ്യാം.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+