Advertisment

ബ്രൂവറി വിവാദത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ധത്തില്‍ : വി എസും സര്‍ക്കാരിനെതിരെ. പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തുറന്നുവിട്ട ബ്രൂവറി വിവാദത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലേയ്ക്ക് എന്ന് റിപ്പോര്‍ട്ടുകള്‍. ചെന്നിത്തലയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ തന്ത്രങ്ങള്‍ ഓരോന്നായി തിരിഞ്ഞുകുത്തിയതിനു പിന്നാലെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ കൂടി സര്‍ക്കാരിനെതിരെ തിരിഞ്ഞതോടെ സര്‍ക്കാരിന്‍റെ നില കൂടുതല്‍ പരുങ്ങലിലായി.

publive-image

എന്ത് വന്നാലും പദ്ധതിയുമായി മുന്നോട്ടുപോകും എന്ന നിലപാടിലാണ് സര്‍ക്കാര്‍ എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ആസന്നമായിരിക്കെ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും എന്ന അഭിപ്രായക്കാര്‍ പാര്‍ട്ടിയില്‍ ഏറെയാണ്‌. വിവാദം ഭയന്നാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനെ കോടിയേരി ഇടപെട്ട് അനുനയിപ്പിച്ചത്. അപ്പോഴും വി എസിന്‍റെ കാര്യം നേതാക്കള്‍ ഓര്‍ത്തില്ല എന്നതാണ് വസ്തുത. അതോടെ വി എസ് പദ്ധതിക്കെതിരായി തിരിഞ്ഞു.

publive-image

കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തില്‍ പ്രതിവര്‍ഷം അഞ്ചു കോടി ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് വി.എസ് നടത്തിയത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് മലമ്പുഴ എം.എല്‍.എ കൂടിയായ വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

publive-image

ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ല.  ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്പനിക്ക് അനുമതി നല്‍കിയത് എന്നത് ആശങ്കാജനകമാണ്.

publive-image

പെപ്സി, കൊക്കക്കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് പ്രസ്താവനയില്‍ വ്യക്തമാക്കി. കോടിക്കണക്കിന് ലിറ്റര്‍ ബിയര്‍ ഉല്‍പാദിപ്പിക്കാനുള്ള പ്ലാന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ സി.പി.എമ്മിന്റെ പ്രാദേശിക ഘടകവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാലക്കാട് ഡിസിസിയും ഇന്ന് ഇതിനെതിരെ സമരവുമായി രംഗത്തെത്തിയിരുന്നു .

ramesh chennithala bar
Advertisment