കൊവിഡ് സ്ഥിരീകരിച്ച കെപിസിസി ജനറല്‍ സെക്രട്ടറി വി.എസ്. ജോയി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ്; ക്വാറന്റൈനില്‍ പോകാതെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍; നേതാക്കള്‍ സി.എഫ്. തോമസ് എംഎല്‍എയുടെ പൊതുദര്‍ശനച്ചടങ്ങില്‍ കൂട്ടത്തോടെ പങ്കെടുത്തു; പുതിയ വിവാദം കൊഴുക്കുന്നു

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, September 27, 2020

ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പരിപാടിയില്‍ പങ്കെടുത്ത കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. വി.എസ്. ജോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ജോയി ഉദ്ഘാടകനായി പങ്കെടുത്തത്.

എന്നാല്‍ ജോയിക്കൊപ്പം അന്ന് പരിപാടിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ക്വാറന്റൈനില്‍ പോയിട്ടില്ലെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ഞായറാഴ്ച അന്തരിച്ച ചങ്ങനാശേരി എംഎല്‍എ സി.എഫ്. തോമസിന്റെ പൊതുദര്‍ശനച്ചടങ്ങില്‍ ഇവരില്‍ പലരും പങ്കെടുത്തെന്ന ആരോപണം പുതിയ വിവാദത്തിലേക്ക് നയിക്കുകയാണ്.

കൊവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍ പോകണമെന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ച് നേതാക്കള്‍ കൂട്ടത്തോടെ സിഎഫ് തോമസ് എംഎല്‍എയുടെ പൊതുദര്‍ശനച്ചടങ്ങില്‍ പങ്കെടുത്തതാണ് വിവാദമായിരിക്കുന്നത്.

നേരത്തെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് വ്യാജപേരില്‍ കൊവിഡ് പരിശോധന നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി പുതിയ ആരോപണം ഉടലെടുത്തിരിക്കുന്നത്.

തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം കെ.എസ്. ജോയിയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

×