Advertisment

പതിനേഴാം തീയതിവരെ കൂടിയ ചൂട് തുടരും; പതിനെട്ടോടെ ന്യൂനമര്‍ദത്തിന് സാധ്യത

New Update

Image result for കൂടിയ ചൂട്

Advertisment

തിരുവനന്തപുരം: പതിനേഴാം തീയതിവരെ കേരളത്തിലെ ചില പ്രദേശങ്ങളില്‍ കൂടിയ ചൂട് അനുഭവപ്പെട്ടേക്കും. പ്രളയാനന്തരം ചില പ്രദേശങ്ങളില്‍ ചൂടുകൂടിയത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. 17നുശേഷം മഴ വീണ്ടും തുടങ്ങും. 18ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍, ഇതിന്റെ സ്വാധീനത്തില്‍ മിതമായ മഴയ്‌ക്കേ സാധ്യതയുള്ളൂ.

ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, പുനലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് താപനിലയില്‍ അസാധാരണമായ വര്‍ധനയുള്ളത്. ഇവിടങ്ങളില്‍ ദീര്‍ഘകാല ശരാശരിയില്‍നിന്ന് രണ്ട് ഡിഗ്രിയോ അതില്‍ക്കൂടുതലോ ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്.

സെപ്റ്റംബര്‍ ഒന്നുമുതല്‍ 11 വരെ 82.5 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍, അഞ്ച് മില്ലി മീറ്ററാണ് പെയ്തത്. 94 ശതമാനം മഴ ഈ ദിവസങ്ങളില്‍ കുറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ മാത്രം കണക്കെടുത്താല്‍ 96 ശതമാനമാണ് കുറവ്.

കാറ്റിന്റെ സ്വഭാവം മാറിയതും ഉയര്‍ന്ന ചൂടിന് കാരണമാണ്. ഇപ്പോള്‍ തീരത്തിന് സമാന്തരമായി വടക്കുപടിഞ്ഞാറുനിന്നാണ് കാറ്റ് വീശുന്നത്. കടലില്‍നിന്ന് നീരാവിനിറഞ്ഞ കാറ്റ് കരയിലേക്കെത്തുന്നതിന് ഇത് തടസ്സമാണ്.

18ന് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യപടിഞ്ഞാറ് ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് വിലയിരുത്തുന്നത്. ഇത് കേരളത്തിലെ മഴയ്ക്കും അനുകൂലമാവും. എന്നാല്‍, കനത്ത മഴ ഇക്കാലത്ത് പ്രതീക്ഷിക്കുന്നില്ല. ഏഴ് സെന്റീമീറ്ററില്‍ കുറഞ്ഞ തോതിലുള്ള മിതമായ മഴയ്ക്കാണ് സാധ്യത.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമാണെങ്കിലും അതിന്റെ പിന്‍മാറ്റ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടില്ല. സെപ്റ്റംബര്‍ ഒന്നിനാണ് സാധാരണ രാജസ്ഥാന്‍ ഭാഗത്തുനിന്ന് കാലവര്‍ഷം പിന്‍മാറിത്തുടങ്ങുന്നത്.



                                
                            
                        
Advertisment