Advertisment

കോണ്‍ഗ്രസിലെ അഴിച്ചുപണി തിരിച്ചുവരവ് പ്രതീതി സൃഷ്ടിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരം ? മുസ്ലീം ലീഗ് മുന്നണി വിടാനും മടിക്കില്ല. ആര്‍എസ്പിയും പുനര്‍വിചിന്തനത്തിന് ! ലീഗിന്‍റെ പിന്തുണ മുരളീധരന്‍, പിടി തോമസ്, സുധാകരന്‍ നേത‍ൃത്വത്തിന്. ഹസന്‍, കെസി ജോസഫ്, മുല്ലപ്പള്ളി, വിഡി സതീശന്‍ നേതൃത്വമാണ് വീണ്ടും വരുന്നതെങ്കില്‍ കേരള രാഷ്ട്രീയം മാറി മറിഞ്ഞേക്കാമെന്നും മുന്നറിയിപ്പ് !

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്‍റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ശക്തമായ തിരുത്തല്‍ നടപടികള്‍ ഉടനടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പ്.

പൊതു സ്വീകാര്യത നേടുന്ന തിരുത്തല്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ മറ്റ് സാധ്യതകള്‍ ആരായുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ അടിസ്ഥാനത്തില്‍ തോല്‍വി പഠിക്കാന്‍ എഐസിസി പുതിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ച കാലാവധിയാണ് സമിതിക്ക് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര മന്ത്രി അശോക് ചവാന്‍ അധ്യക്ഷനായ 5 അംഗ സമിതി വരും ദിവസങ്ങളില്‍ തന്നെ കേരളത്തിലെത്തും.

publive-image

സമിതി റിപ്പോര്‍ട്ട് എന്തായാലും അടുമുടി മാറ്റമാണ് മുസ്ലീം ലീഗ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ലീഗ് ഒരുക്കമല്ലെങ്കിലും മാറ്റങ്ങള്‍ ലീഗ് അണികള്‍ക്കുകൂടി ബോധ്യപ്പെടുന്നതല്ലെങ്കില്‍ ലീഗ് വേറെ വഴി നോക്കുമെന്നാണ് സൂചന.

പഴയ മുന്നണിയിലേയ്ക്ക് മടങ്ങാന്‍ എര്‍എസ്പിയും മടിക്കില്ല. കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗത്തെ ഒഴികെ മറ്റാരെയും ഇടതു മുന്നണി സ്വീകരിച്ചേക്കും.

മുസ്ലീം ലീഗിന്‍റെ രാജ്യസഭാംഗം അബ്ദുള്‍ വഹാബ് എംപിക്ക് പാര്‍ട്ടി ഇടതുമുന്നണിയുടെ ഭാകമാകണം എന്ന അഭിപ്രായമാണ്. വഹാബിന്‍റെ അഭിപ്രായത്തെ പിന്തുണക്കുന്നവരുടെ എണ്ണം മുസ്ലീം ലീഗില്‍ വര്‍ധിച്ചുവരികയുമാണ്.

ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിപോലും കോണ്‍ഗ്രസ് നന്നാകില്ലെങ്കില്‍ ആ മാര്‍ഗവും ഇനി ഒഴിവാക്കേണ്ടതില്ലെന്ന നിലപാടിലേയ്ക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനെയും മാറ്റണമെന്ന അഭിപ്രായം ലീഗ് മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ ഈ അഭിപ്രായത്തെ എതിര്‍ത്തു.

അതില്ലാതെതന്നെ വിജയം അനായാസമാണെന്നായിരുന്നു അന്ന് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ മോശമായിരുന്നു അവസ്ഥ. ലീഗിനും നഷ്ടമുണ്ടായി. മലബാറില്‍ അടിയുറച്ച ലീഗ് കോട്ടകളില്‍ വിള്ളലുകള്‍ രൂപപ്പെടുന്നുവെന്ന 'ദുസൂചനകള്‍' അവഗണിക്കാന്‍ ലീഗ് ഒരുക്കമല്ല.

നിലവിലെ സാഹചര്യത്തില്‍ ഇടതുമുന്നണിക്ക് ലീഗിന്‍റെ സഹായം ആവശ്യമില്ല. അതേ സമയം ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അഭേദ്യ ബന്ധം തുടരുന്ന സിപിഐ നേതൃത്വത്തിന്‍റെ നിടപാടിലും ചില കാര്യങ്ങളിലെ കടുംപിടുത്തങ്ങളിലും സിപിഎമ്മിന് സംശയമുണ്ട്.

സിപിഐ അത്തരം നിപലാടുകള്‍ തുടര്‍ന്നാല്‍ ലീഗിനെ ഒപ്പം നിര്‍ത്തി മറിച്ചൊരു പരീക്ഷണത്തിന് സിപിഎം മടിക്കില്ലെന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. ലീഗിന് ഫിക്സഡ് ഡിപ്പോസിറ്റായി ഒരു ഡസനിലേറെ സീറ്റുകളുണ്ട്. എന്നാല്‍ ഒരു നിയോജക മണ്ഡലത്തില്‍പ്പോലും ഒറ്റയ്ക്ക് ജയിക്കാനുള്ള ശക്തി സിപിഐക്കില്ല.

രണ്ടോ മൂന്നോ മണ്ഡലങ്ങളിലൊഴികെ ഒരു മുന്നണിയെ തോല്‍പിക്കാനുള്ള ശക്തിയും അവര്‍ക്കില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. അതിനാല്‍ തന്നെ ലീഗ് മനം മാറാന്‍ തയ്യാറായാല്‍ കേരള രാഷ്ട്രീയത്തില്‍ ചില വേറിട്ട പരീക്ഷണങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാനാകില്ല.

എന്തായാലും കോണ്‍ഗ്രസിലെ സംഭവ വികാസങ്ങള്‍ ലീഗ് നേതൃത്വം ഗൗരവ പൂര്‍വ്വം വീക്ഷിക്കുകയാണ്. കെ മുരളിധരനെയും പിടി തോമസിനെയും കെ സുധാകരനെയും പോലുള്ളവരുടെ നേതൃത്വമാണ് ലീഗ് ആഗ്രഹിക്കുന്നത്.

publive-image

അതിനു പകരം എംഎം ഹസനും മുല്ലപ്പള്ളിയും കെസി ജോസഫും വിഡി സതീശനും പോലുള്ളവരാണ് പുതിയ നേതൃത്വമെങ്കില്‍ മുസ്ലീം ലീഗ് 'ഉണര്‍ന്നു' പ്രവര്‍ത്തിക്കും !

കോണ്‍ഗ്രലിലെ മാറ്റങ്ങള്‍ പൊതുജനം എപ്രകാരം സ്വീകരിക്കുന്നു എന്നതും  പ്രധാനമാണ്. അതേസമയം ലീഗിന്‍റെ ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടായതായി കോണ്‍ഗ്രസിന് പരാതിയുണ്ട്. പികെ കുഞ്ഞാലിക്കുട്ടി രണ്ടു വര്‍ഷത്തിനു ശേഷം ലോക്സഭാംഗത്വം രാജിവച്ച് നിയമസഭയിലേയ്ക്ക് മടങ്ങി വന്നത് മലബാറില്‍ തിരിച്ചടിയായതായി കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.

തീപ്പൊരി നേതാക്കളായ കെഎം ഷാജി, പികെ ഫിറോസ് എന്നിവരെ വിജയിപ്പിക്കാന്‍ ലീഗിന് കഴിയാതെ പോയത് അവരുടെ ദോഷം കൊണ്ടാണെന്ന മറുചോദ്യവും കോണ്‍ഗ്രസിനുണ്ട്. പക്ഷേ ഭാവിയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഈ പരാതികള്‍ കൊണ്ടൊന്നും കാര്യമില്ലെന്നതാണ് സാഹചര്യം.

കാസര്‍കോഡ് മുതല്‍ തൃശൂര്‍ വരെ കോണ്‍ഗ്രസിനുള്ളത് 6 എംഎല്‍എമാര്‍ മാത്രമാണ്. എന്നാല്‍ അതേ മേഖലയില്‍ ലീഗിന്‍റെ എണ്ണം ഒരു ഡസനിലേറെയാണ്. അതിനാല്‍ ലീഗ് കൈവിട്ടാല്‍ മധ്യകേരളത്തിന്‍റെ ഒരറ്റം മുതല്‍ വടക്കോട്ട് കോണ്‍ഗ്രസിന്‍റെ കാര്യം ദയനീയമാകും.

trivandrum news
Advertisment