ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി മൊബൈൽ ഉപയോഗിച്ചത് വൻ വിവാദമായതിന് പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി കോൺഗ്രസ് രംഗത്ത്.

publive-image

പാർലമെന്റിലെ ഇരുസഭകളുടെയും സംയുക്ത യോഗത്തിനിടെ രാഹുൽ ഗാന്ധി മൊബൈൽ ഉപയോഗിച്ചത് ചില വാക്കുകളുടെ അർത്ഥം തിരയാനാണെന്നാണ് ആനന്ദ് ശർമ്മ വ്യക്തമാക്കിയിരിക്കുന്നത്.

"അദ്ദേഹം ആവശ്യമായതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. ചില ചോദ്യങ്ങളുണ്ടായിരുന്നു. ചില വാക്കുകൾ വ്യക്തമായി കേട്ടില്ല. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു ബഹുമാനക്കുറവും ഉണ്ടായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാൽ സഭയിലെ ബിജെപി അംഗങ്ങളിൽ പകുതി പേരും പരസ്പരം സംസാരിക്കുന്നത് കാണാം," എന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ രാഹുൽ ഗാന്ധി ഫോണിൽ സ്വൈപ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്.

ഉറി സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പരാമർശിച്ചപ്പോൾ സഭയിൽ സോണിയാ ഗാന്ധിയടക്കമുള്ള എംപിമാർ കൈയ്യടിച്ചെങ്കിലും രാഹുൽ ഗാന്ധി തറയിലേക്ക് നോക്കി ഇരിക്കുകയേ ചെയ്തുള്ളൂ. ഇതിന് ശേഷം സോണിയ ഗാന്ധി, രാഹുലിനെ  പലവട്ടം നോക്കിയെങ്കിലും രാഹുൽ ഗാന്ധിയിൽ യാതൊരു മാറ്റവും ഉണ്ടായില്ല.

രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ 20 മിനിറ്റോളം കോൺഗ്രസ് അദ്ധ്യക്ഷനായ രാഹുൽ ഗാന്ധി അമ്മ സോണിയ ഗാന്ധിയോട് സംസാരിക്കുന്നതും കാണാമായിരുന്നു. മോദി സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണ നേട്ടങ്ങളെ കുറിച്ച് രാഷ്ട്രപതി പ്രസംഗിക്കുന്നതിന് ഇടയിലായിരുന്നു ഇത്.