Advertisment

വാട്ടർ അതോറിറ്റിയുടെ ആലുവ ജലശുദ്ധീകരണശാലയിലെ ജീവനക്കാർ ജോലി ചെയ്യുന്നത് കോവിഡ് ഭീതിയിൽ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

കൊച്ചി നഗരമുൾപ്പെടെ എറണാകുളം ജില്ലയുടെ മുക്കാൽഭാഗത്തും കുടിവെള്ളമെത്തിക്കുന്ന ആലുവയിലെ ജലശുദ്ധീകരണശാലയിലെ 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിക്കുന്ന മൂന്നു പ്ലാന്റുകളിലായി ജോലി ചെയ്യുന്ന 30 ൽപ്പരം സ്ഥിരജീവനക്കാരും നൂറിലധികം ദിവസവേതനക്കാരും കോവിഡ് ഭീതിയിലാണ് ജോലിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ ജലശുദ്ധീകരണശാലയാണിത്.

Advertisment

കണ്ടൈൻറ്മെൻറ് സോണായ ആലുവയുടെ വിവിധഭാഗങ്ങളിൽനിന്നാണ് നൂറിലധികം ദിവസവേതനക്കരെ പ്ലാന്റിലേക്ക് കരാറുകാർ സപ്ലൈ ചെയ്യുന്നത്. ഇവർക്ക് മതിയായ പരിശോധനകളോ തെർമൽ സ്‌ക്രീനിംഗ് പോലുമോ നടത്താതെയാണ് ദിവസവും ഇവിടെയെത്തിക്കുന്നത്.

publive-image

പ്ലാന്റിലെ 30 ൽപ്പരം സ്ഥിരജീവനക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ 24 മണിക്കൂർ ജോലി 24 മണിക്കൂർ വിശ്രമം എന്ന നിലയിലാണ് തുടർച്ചയായി ജോലിചെയ്തുവരുന്നത്.ജലശുദ്ധീകരണശാലയിൽ ജോലിചെയ്യുന്നവരുടെ ആവശ്യാർഥം അവിടെ പ്രവർത്തിച്ചിരുന്ന കാന്റീനിൽ ഭക്ഷണം പാർസലായി മാത്രമേ നൽകാവൂ എന്ന നിയമം കാറ്റിൽപ്പറത്തി പുറത്തുനിന്നുള്ളവർക്കും ഭക്ഷണം വിളമ്പിയതാണ് ഇപ്പോൾ സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുന്നത്. ജീവനക്കാർ പലതവണ ഇക്കാര്യത്തിൽ മേലധികാരിലുൾപ്പെടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവരത് ചെവിക്കൊണ്ടില്ല.

അവിടെനിന്നും സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന ഒരാൾക്ക് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരി ക്കുകയാണ്. ഇതേത്തുടർന്ന് കാന്റീൻ അടച്ചുപൂട്ടിയെങ്കിലും സമ്പർക്കഭീതിയിലാണ് പലരുമിപ്പോഴു ള്ളത്.അതുമായി ബന്ധപ്പെട്ട പരിശോധനകളോ മറ്റു നടപടികളോ ഒന്നും ഇതുവരെ ഉണ്ടായിട്ടുമില്ല.

ഇവിടെ ജോലിചെയ്യുന്ന സ്ഥിരജീവനക്കാർക്ക് ഇപ്പോൾ അമിതജോലിഭാരമാണ്. 24 മണിക്കൂർ തുടർച്ചയായ ജോലിഭാരം അവരിൽ പല മാനസികപ്രശ്നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. പ്ലാന്റിൽ ഒഴിവുകൾ ധാരാളമുണ്ടെങ്കിലും അത് PSC ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നതും ദുരൂഹമാണ്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി വരുന്നവർ 6 മാസം കഴിഞ്ഞ് മടങ്ങുകയാണ് പതിവ്.

സ്ഥിരജീവനക്കാരിൽ ചിലർ തങ്ങളുടെ ജോലിസമയം കഴിഞ്ഞശേഷം വീണ്ടും 8 മണിക്കൂറും ചിലപ്പോൾ അതിലധികവും സമയം കരാർ ജോലിക്കാരെന്ന രീതിയിൽ കരാറുകാരുമായി രഹസ്യ ഒത്തുകളിനടത്തി അവിടെ നിയമവിരുദ്ധമായി ജോലിചെയ്ത് ഇരട്ടിയിലധികം വരുമാനമുണ്ടാക്കുന്നതായും റിപ്പോർട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നതായാണ് അറിയാൻ കഴിഞ്ഞത്.

അതുകൊണ്ടുതന്നെ 24 മണിക്കൂർ കഴിഞ്ഞും അവർ പ്ലാന്റിനുള്ളിൽത്തന്നെ കഴിയുകയാണത്രേ.കരാർ തൊഴിലാളികൾ ജോലിചെയ്യുന്നതിനാൽ ഇവർക്ക് വലിയ ജോലിഭാരവുമില്ല.പ്രാഥമികാവശ്യങ്ങൾക്കും ഉറങ്ങാനുമുള്ള സൗകര്യവും അവിടെയുണ്ട്. ഈ വിഷയത്തിൽ അടിയന്തരമായ അന്വേഷണം ആവശ്യമാണ്.

ജനലക്ഷങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന ഈ പ്ലാന്റ് കാര്യക്ഷമമായി പ്രവർത്തിക്കേണ്ടത് വളരെ അനിവാര്യമാണ്. ജലശുദ്ധീകരണശാലയുടെ ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യു്ട്ടീവ് എഞ്ചിനീയർ ഒരു വനിതയാണ്. ഇവർക്ക് അധികം കാര്യപരിചയമില്ലാത്തതാണ് ഇവിടെ നടക്കുന്ന ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം മുഖ്യകാരണം.

water authority
Advertisment