Advertisment

ആശുപത്രിയില്‍ നിന്നും ക്വാറന്റയിന്‍ സെന്ററുകളില്‍ നിന്നും നമുക്ക് ഉയര്‍ത്തെഴുന്നേല്‍ക്കണം..ചിലപ്പോള്‍ വീണ്ടും ആശുപത്രിയിലായേക്കാം..ഒരു ഫിനിക്‌സ് പക്ഷിയാവണം..ചിറകുകള്‍ നക്ഷത്രങ്ങളെ പോലെ തിളങ്ങണം...പൂ പോലെ വിടരണം...മൃതദേഹങ്ങള്‍ കുന്ന് കൂടിയേക്കാം...ഞരമ്പുകള്‍ വലിഞ്ഞ് മുറുകി ശ്വാസം വിടാന്‍ കഴിയാതെ രോഗം നമ്മളെ വരിഞ്ഞ് മുറുക്കിയാലും അവസാന മൃതദേഹവും നമ്മുടെ നക്ഷത്രത്തിന്റെ കരുത്തുള്ള ചുമലിലേറ്റി സംസ്‌ക്കരിക്കണം...; നമ്മള്‍ കാക്കിയുടെ കരുത്തില്‍ പുതിയ ഔഷധക്കൂട്ടുകള്‍ ഉണ്ടാക്കണം; കുറിപ്പ് വൈറല്‍

New Update

മാനന്തവാടി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എംഎം അബ്ദുള്‍ കരീമാണ് ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെ ആത്മവിശ്വാസത്തിന്റെ കഥ ലോകത്തോട് പങ്കുവയ്ക്കുന്നത്. ചരിത്രത്തിലാദ്യമായി പൊലീസ് സ്റ്റേഷന്‍ അടച്ചിടേണ്ടി വന്നപ്പോഴും മനസാന്നിദ്ധ്യം കൈവിടാതെ മുന്നില്‍ നിന്നു നയിച്ച പോരാളിയുടെ വീര്യമാണ് കുറിപ്പില്‍ പ്രകടമാകുന്നത്.

Advertisment

publive-image

''ഒരിക്കല്‍ തുറന്നാല്‍ പിന്നീട് അടച്ചിടാത്ത ഏക സ്ഥാപനം'' എന്ന തലക്കെട്ടിലുള്ള കുറിപ്പ് നമ്മുടെ സ്‌റ്റേഷന്‍ മുറ്റത്ത് നമുക്ക് അണിനിരക്കണം, നമ്മുടെ പൊലീസ് സ്‌റ്റേഷന്‍ നമുക്കു തുറക്കണം എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. കാക്കിയുടെ കരുത്തില്‍ പുതിയ ഔഷധക്കൂട്ടുകള്‍ ഉണ്ടാക്കി അവസാനം വരെ പൊരുതണമെന്നും നാടിനും നാട്ടുകാര്‍ക്കും കാവലും കരുതലുമായി നമ്മള്‍ ഉണ്ടാകണമെന്നും കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

'ഒരിക്കല്‍ തുറന്നാല്‍ പിന്നീട് അടച്ചിടാത്ത ഏക സ്ഥാപനം '

അതെ .. ഇന്ന് നമ്മുടെ മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ അടഞ്ഞ് കിടക്കുകയാണ്... നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത കോവിഡ് വൈറസ് നമ്മുടെ സ്‌റ്റേഷനിലെ മൂന്ന് സഹോദരന്‍മാരെ ആശുപത്രിയിലാക്കിയിരിക്കയാണ്... എല്ലാവിധ മുന്നൊരുക്കങ്ങളും നമ്മള്‍ എടുത്തിരുന്നുവെങ്കിലും ഏത് സാഹചര്യത്തിലും ഡ്യൂട്ടി ചെയ്ത് വരുന്ന നമ്മെപ്പോലുള്ളവര്‍ക്ക് ഇത്തരത്തില്‍ ബാധിക്കുക സ്വാഭാവികം..

ഇനിയെന്ത്...?

ഈ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല.

2020 മെയ് 13.

നമ്മുടെ സ്‌റ്റേഷന്റെ ആകാശം കറുത്ത് പോയി..

ഓരോരുത്തരായി മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ പോസിറ്റീവ് ആണെന്നുള്ള വിവരം നിങ്ങളെ എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി നമ്മുടെ സ്‌റ്റേഷന്റെ ശ്രീകോവിലില്‍ നിന്നും അറിയിക്കുമ്പോള്‍...

നിങ്ങളുടെ തിളക്കമുള്ള കണ്ണുകളില്‍ കറുത്ത കടലും കറുത്ത പ്രകാശവും ഇരുണ്ട ചന്ദ്രനും കറുത്ത രക്തവും ഞാന്‍ കണ്ടു..

വാക്കുകള്‍ ഇടറാതിരിക്കാന്‍ ഞാന്‍ പൊരുതി..

സായം സന്ധ്യയിലെ മഞ്ഞുതുള്ളികള്‍ക്ക് സൗന്ദര്യം നഷ്ടമായി..

കരിഞ്ഞ താളിയോല ഗ്രന്ഥങ്ങളിലെ മഹദ് വചനങ്ങളില്‍ നിന്ന് കറുത്ത പുക വരും പോലെ...

പക്ഷേ ഇപ്പോള്‍..

അനന്തതയുടെ കൊടിയടയാളങ്ങളായ സൂര്യനും ചന്ദ്രനും നമുക്ക് മുകളില്‍ തിളങ്ങിക്കൊണ്ടിരിക്കുന്നു...

നോക്കൂ...

ചന്ദ്രന് ചുറ്റും ചെറിയ താരകങ്ങള്‍ മിന്നിക്കളി ക്കുന്നത്..

സൂക്ഷിച്ച് നോക്കൂ...

ആ നക്ഷത്രക്കുഞ്ഞുങ്ങളിലേക്ക്. നിങ്ങള്‍ടെ ഒരവയവമായ കാക്കിക്കുപ്പായത്തിന്റെ ചുമലിലെ നക്ഷത്രങ്ങളാണത്....

മാനത്തെ ആ നക്ഷത്രക്കൂട്ടത്തെ അഴിച്ചെടുത്ത് നമ്മുടെ കാക്കിയില്‍ പതിച്ചതെന്തിനെന്നോ..

പ്രകൃതിക്ക് ആ അനശ്വരത നമ്മിലൂടെ നില നിര്‍ത്തണം...

ഉണരൂ...

വീരപഴശ്ശിയുടെ പിന്‍മുറക്കാര്‍ നമ്മളെ കാത്തിരിക്കുന്നു..

കബനിയുടെ ഓളങ്ങള്‍ക്ക് ജീവനില്ലാതാവരുത്...

മാനന്തവാടിയുടെ ഹൃദയ വാതില്‍ നമുക്കായി തുറന്നിട്ടിരിക്കുന്നു..

കാറ്റും കാവും നമ്മെ കാത്തിരിക്കുന്നു....

അറിയില്ലേ..

നമ്മള്‍ റേഷന്‍ കടകളില്‍ നിന്നും അരി വാങ്ങിക്കൊടുത്തു..

കുടിവെളളം എത്തിച്ചു..

ഔഷധങ്ങള്‍ നല്‍കി..

ആശുപത്രികളിലെത്തിച്ചു..

രക്തം കൊടുത്തു..

പാലും പല വ്യഞ്ജനങ്ങളും പച്ചക്കറികളും എത്തിച്ചു..

അനൗണ്‍സ്‌മെന്റും റൂട്ട് മാര്‍ച്ചും നടത്തി.

ഉറങ്ങിയുണര്‍ന്ന നാടിന് പുതിയ ശീലുകള്‍ ചൊല്ലിക്കൊടുത്തു...

വെയിലേറ്റ് നെറ്റിത്തടം കറുത്തതും ബൂട്ടിനുള്ളില്‍ കാലുകള്‍ നീര് കെട്ടിയതും നമ്മളറിഞ്ഞില്ല...

ഉണ്ണാതെ

ഉറങ്ങാതെ കണ്‍പോളകള്‍ നമ്മളറിയാതെ കനം വെച്ചു...

കാണുന്നില്ലേ...

ആശുപത്രിക്കിടക്കയില്‍ വൈറസ് ബാധ ഏല്‍ക്കാതെ ഉള്ളം കയ്യിലിട്ട് നമ്മുടെ സഹോദരന്‍മാരെ പരിപാലിക്കുന്ന വെളുത്ത സൈനികരായ ഡോക്ടര്‍മാരെ..

ഭൂമിയിലെ മാലാഖമാരായനഴ്‌സ്മാരെ..

ഫീല്‍ഡ് ജീവനക്കാരെ..

ശുചീകരണ പ്രവര്‍ത്തകരെ...

അവരുടെ മുഖം പോലും നമ്മള്‍ കാണുന്നില്ല..

ഒരു തുള്ളി ജലപാനം പോലുമില്ലാതെ മണിക്കൂറുകളോളം കാവലിരിക്കുന്നു...

ഇത് കുറിക്കുമ്പോള്‍ മൂന്ന് ലക്ഷത്തിലധികം മൃതദേഹങ്ങള്‍ ലോകത്ത് വീണു കഴിഞ്ഞിരിക്കുന്നു...

ലോകം ചലിക്കുന്ന മോര്‍ച്ചറി പോലെ..

ഇവിടെ..

നമ്മള്‍ കാക്കിയുടെ കരുത്തില്‍ പുതിയ ഔഷധക്കൂട്ടുകള്‍ ഉണ്ടാക്കണം..

പൊരുതണം നമുക്ക് അവസാനം വരെ..

നമ്മുടെ നാട്,നാട്ടുകാര്‍,കുഞ്ഞുങ്ങള്‍,രക്ഷിതാക്കള്‍, കൃഷിക്കാര്‍, പൊതുജനങ്ങള്‍, വ്യാപാരി സുഹൃത്തുക്കള്‍,ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, ഭരണാധികാരികള്‍, മാധ്യമ സുഹൃത്തുക്കള്‍

എല്ലാവര്‍ക്കും കാവലായി കരുതലായി നമ്മള്‍ ഉണ്ടാവണം...

കവചമായി നില്‍ക്കുമ്പോള്‍ ചിലപ്പോള്‍ അവയവങ്ങള്‍ക്ക് ഭംഗം വരാം..

അത് യുദ്ധത്തിലായാലും, പ്രകൃതിക്ഷോഭത്തിലായാലും, പകര്‍ച്ചവ്യാധിയിലായാലും, തീവ്രവാദ ആക്രമണത്തിലായാലും....

വ്യക്തിക്കും നാടിനും രാജ്യത്തിനും ഏല്‍ക്കേണ്ട മുറിവ് നാം ഏറ്റുവാങ്ങും..

അത് എല്ലാ സേനയിലുമുണ്ട്.. അത് പ്രകൃതി നിയമം...

ചിലപ്പോള്‍ അറിയാത്തിടങ്ങളില്‍ നിന്നും കല്ലുകള്‍ വീണേക്കാം..

ആശുപത്രിയില്‍ നിന്നും ക്വാറന്റയിന്‍ സെന്ററുകളില്‍ നിന്നും നമുക്ക് ഉയര്‍ത്തെഴുന്നേല്‍ക്കണം..

ചിലപ്പോള്‍ വീണ്ടും ആശുപത്രിയിലായേക്കാം..

ഒരു ഫിനിക്‌സ് പക്ഷിയാവണം..

ചിറകുകള്‍ നക്ഷത്രങ്ങളെ പോലെ തിളങ്ങണം...

പൂ പോലെ വിടരണം...

മൃതദേഹങ്ങള്‍ കുന്ന് കൂടിയേക്കാം...

ഞരമ്പുകള്‍ വലിഞ്ഞ് മുറുകി ശ്വാസം വിടാന്‍ കഴിയാതെ രോഗം നമ്മളെ വരിഞ്ഞ് മുറുക്കിയാലും അവസാന മൃതദേഹവും നമ്മുടെ നക്ഷത്രത്തിന്റെ കരുത്തുള്ള ചുമലിലേറ്റി സംസ്‌ക്കരിക്കണം...

അഭിവാദ്യമര്‍പ്പിക്കണം..

അപ്പോള്‍ നമ്മിലേക്ക് വഴിതെറ്റി വീണ കല്ലുകള്‍ സ്‌റ്റേഷന്‍ മുറ്റത്ത് കിടന്ന് തേങ്ങുന്നുണ്ടാവും വിതുമ്പുന്നുണ്ടാവും...

എനിക്കറിയാം

നിങ്ങളാണെന്റെ കരുത്തും ജീവനും..

മണ്ണും വിണ്ണും ഒരുമിച്ചവരാണ് നാം..

ഭൂമിയില്‍ ചവിട്ടി നിന്ന് നക്ഷത്രങ്ങളോട് സംസാരിക്കുന്നവര്‍...

നോക്കൂ..

ഉതിരാത്ത ഒരു കൂട്ടം പൂക്കള്‍ ഉണ്ടവിടെ...

നമ്മുടെ

ഭരണാധികാരികളില്‍ നിന്നുള്ള

ആരോഗ്യ വകുപ്പില്‍ നിന്നുള്ള

മേലുദ്യോഗസ്ഥരില്‍ നിന്നുള്ള

സന്ദേശത്തിന് കാതോര്‍ക്കൂ...

നമ്മുടെ വിസില്‍ കോഡില്‍ നിന്നുള്ള വിസില്‍ ശബ്ദത്തിന് കാതോര്‍ക്കു..

ആശുപത്രികളില്‍ നിന്നും ക്വാറന്റയിന്‍ സെന്ററുകളില്‍ നിന്നും മനസ്സിനെയും ശരീരത്തെയും സജജമാക്കൂ...

മാനന്തവാടിയുടെ ചരിത്രത്തിന്റെ ഇടനാഴികളില്‍ തിക്കിത്തിരക്കുന്ന ഒരു പറ്റം സ്ഥാപനങ്ങളില്‍ നമ്മുടെ സ്‌റ്റേഷന്‍ ഒരു വെള്ളിനക്ഷത്രം പോലെ തിളങ്ങണം..

വിളങ്ങണം..

നമ്മുടെ സ്‌റ്റേഷന്‍ മുറ്റത്ത് നമുക്ക് അണിനിരക്കണം..

നമ്മുടെ പോലീസ് സ്‌റ്റേഷന്‍ നമുക്ക് തുറക്കണം..

തുറക്കുക തന്നെ ചെയ്യണം....

നിങ്ങളുടെ സ്വന്തം ഇന്‍സ്‌പെക്ടര്‍.

കരീം..

covid 19 facebook post
Advertisment