Advertisment

മയക്കു വെടിയേറ്റ് കാടു കയറിയ കടുവയെ കണ്ടെത്തിയില്ല; ആശങ്കയുമായി വനംവകുപ്പ്

New Update

കോഴിക്കോട് : മയക്കുവെടിയേറ്റ് കാടുകയറിയ കടുവയെ കണ്ടെത്താനുള്ള തിരച്ചില്‍ അഞ്ചാം ദിവസവും വിഫലം. വയനാട് കൊളവള്ളിയില്‍ നിന്നും കര്‍ണാടകയിലെ ബന്ദിപ്പൂരിലേക്ക് കടന്ന കടുവയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനാല്‍ കടുവയുടെ ജീവനില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ട്.

Advertisment

publive-image

ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വനത്തിലൂടെ നടന്നുള്ള തിരച്ചില്‍ അപകടകരമായതിനാല്‍ താപ്പാനകളുടെ സഹായത്തോടെയാണു കര്‍ണാടക വനം വകുപ്പ് തിരച്ചില്‍ നടത്തുന്നത്.

കൊളവള്ളി, പാറക്കവല ഭാഗത്ത് ഒരാഴ്ചയോളം തമ്പടിച്ച കടുവയെ ഈമാസം 12ന് ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. അവിടെ നിന്നു തുരത്തിയ ശേഷമാണ് മയക്കുവെടി നല്‍കിയത്. എട്ട് വയസ് പ്രായം വരുന്ന കടുവയുടെ കഴുത്തില്‍ മുറിവേറ്റതിനാല്‍ ആരോഗ്യനില മോശമായിരുന്നു. ഈ സാഹചര്യത്തില്‍ കടുവയ്ക്കു കൂടുതല്‍ ദൂരം സഞ്ചരിക്കാനാവില്ലെന്നും എവിടെയെങ്കിലും അവശനായി കിടക്കുന്നുണ്ടാകുമെന്നാണു വനപാലകര്‍ കരുതുന്നത്.

കേരള വനപാലകര്‍ അതിര്‍ത്തി പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. കഴുത്തിലെ മുറിവ് ഗുരുതരമായതിനാല്‍ ജീവന്‍ അപകടത്തിലാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരം പരിക്കുകളുള്ളതിനാല്‍ കടുവക്ക് കൂടുതല്‍ നേരം വേട്ടയാടാനും കാട്ടില്‍ കഴിയാനും സാധിക്കില്ല. ഈ സാഹചര്യത്തില്‍ ജനവാസ മേഖലയിലേക്ക് വരാന്‍ സാധ്യത കൂടുതലാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്നും ഇത്തരം സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കണ്ണൂരിലെ ചീഫ് കണ്‍സര്‍വേറ്റര്‍ (വടക്കന്‍ സര്‍ക്കിള്‍) ഡി.കെ. വിനോദ് കുമാര്‍ പറഞ്ഞു.

wayanadu tiger
Advertisment