Advertisment

ദിലീപിനെ വിട്ട് കളി മോഹന്‍ലാലിനെതിരെ തിരിഞ്ഞപ്പോള്‍ ഡബ്ള്യുസിസിക്കും പൊള്ളാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ നടിമാര്‍ക്ക് അസഭ്യവര്‍ഷം. ഡബ്ല്യുസിസിയുടെ പിന്തുണ ചോരുന്നു

New Update

publive-image

Advertisment

കൊച്ചി∙ കളി മോഹന്‍ലാലിനെതിരെ തിരിഞ്ഞപ്പോള്‍ ഡബ്ള്യുസിസിക്കും പൊള്ളാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ ഡബ്ള്യുസിസി അംഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പഴയ പിന്തുണ നടിമാര്‍ക്ക് ലഭിക്കുന്നില്ലെന്ന തോന്നല്‍ ഇതോടെ ശക്തമായി. മോഹന്‍ലാലിനെ വിമര്‍ശിച്ചതോടെ സംഘടനയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ കടുത്ത അസഭ്യവര്‍ഷമാണു വരുന്നത്. സമൂഹമാധ്യമങ്ങളിലും അവഹേളനമുണ്ടായി.

താര സംഘടനയായ ‘അമ്മ’യ്ക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനമാണ് ഡബ്ല്യുസിസിക്ക് വിനയായി മാറിയിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കുകയും ഇരയായ അംഗത്തിന്റെ പരാതിക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന അമ്മ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തെറ്റായ ദിശയിലേക്കാണ് അവർ സംഘടനയെ നയിക്കുന്നതെന്നും കൂട്ടായ്മ വ്യക്തമാക്കിയിരുന്നു.

publive-image

‘ഞങ്ങളെ അപമാനിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ് നടക്കുന്നത്. ഞങ്ങൾക്കു മുറിവേറ്റു. വർഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം. ഇനി മിണ്ടാതിരിക്കാൻ തീരുമാനിച്ചിട്ടില്ല. സംഘടനക്കുള്ളിൽ നിന്നു തന്നെ പോരാടും. ഇത് ഒരു തുടക്കം മാത്രം ’- ദിലീപിനെതിരെ നടപടിയുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അമ്മയ്ക്കു കത്തു നൽകിയ അംഗങ്ങളായ രേവതി, പാർവതി തിരുവോത്ത്, പത്മപ്രിയ എന്നിവർ പറഞ്ഞു.

പത്രസമ്മേളനത്തില്‍ തങ്ങളുടെ സിനിമാ പശ്ചാത്തലം വിശദീകരിച്ച് സ്വയം പരിചയപ്പെടുത്തിയ നടിമാര്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നേരത്തെ ഇവരെ പേരു പറയാതെ നടിമാർ എന്നു മാത്രം പറഞ്ഞതിന്റെ പ്രതിഷേധമാണിതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു .

publive-image

ദീലിപിനെതിരായ നടപടി ജനറൽബോഡി യോഗത്തിനു മാത്രമേ തീരുമാനിക്കാനാവൂവെന്ന അമ്മ നിർവാഹക സമിതി യോഗ നിലപാടിനെ തുടർന്നാണ് ഇതുവരെ സമൂഹ മാധ്യമങ്ങളിലൂടെ മാത്രം പ്രതികരിച്ചിരുന്ന ഡബ്ല്യുസിസി പത്രസമ്മേളനം വിളിച്ച് പ്രതികരിച്ചത്. അമ്മയിൽനിന്നു രാജിവച്ച റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സംവിധായിക അഞ്ജലി മേനോൻ, ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീന പോൾ, സജിത മഠത്തിൽ, ദിദീ ദാമോദരൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

publive-image

എന്തായാലും ദിലീപിനെതിരെ പറഞ്ഞപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ തോതിലുള്ള പ്രതിക്ഷേധമാണ് മോഹന്‍ലാലിനെതിരെ തിരിഞ്ഞപ്പോള്‍ നടിമാര്‍ക്കെതിരെ ഉണ്ടായിരിക്കുന്നത്. മാത്രമല്ല പുതിയതൊന്നും പറയാതെ പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ഇവര്‍ക്ക് പ്രതികൂലമായി. ഡബ്ല്യുസിസിയിലും നടിമാര്‍ക്ക് പഴയ പിന്തുണ നിലവിലില്ല.

publive-image

സംഘടനയുടെ തുടക്കക്കാരിയായ മഞ്ജു വാര്യര്‍ നിലവില്‍ നടിമാരുടെ ഈ നീക്കങ്ങളുമായി സഹകരിക്കുന്നില്ല. സംഘടന വ്യക്തി വിരോധം തീര്‍ക്കുന്ന തലത്തിലേയ്ക്ക് മാറുന്നു എന്ന ആക്ഷേപം ശക്തമാണ്.

amma wcc
Advertisment