Advertisment

പുതിയ വിദ്യാഭ്യാസ നയം ഭരണഘടനാ മൂല്യങ്ങള്‍ ഉറപ്പു വരുത്തുന്നതാവണമെന്ന് "ഐവ" ജിദ്ദ സംഘടിപ്പിച്ച സെമിനാർ

New Update

publive-image

Advertisment

ജിദ്ദ: പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിൽ വരുത്തുമ്പോൾ സമൂഹികമായും സാംസ്കാരികമായും ഉള്ള ഭരണഘടനാ മൂല്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകത ജിദ്ദയിലെ ഇന്ത്യൻ വെല്‍ഫയര്‍ അസോസിയേഷന്‍ (ഐവ) സംഘടിപ്പിച്ച "ദേശീയ വിദ്യാഭ്യാസ നയം: സാധ്യതകളും പ്രത്യാഘാതങ്ങളും" എന്ന സൂം വെബിനാറിൽ നിർദേശിച്ചു.

അബീർ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങൽ മുഹമ്മദ് ഉദ്ഘാടനം ചെയ്ത വെബിനാറിൽ പുതിയ വിദ്യാഭ്യാസ നയത്തിന്റെ അക്കാദമിക തലം ഡോ: സൈനുൽ ആബിദ് കോട്ട (ഗവ. കോളേജ്, മലപ്പുറം) വിലയിരുത്തി. പുതിയ വിദ്യാഭ്യാസ നയത്തിൽ ഇപ്പോൾ ഉന്നത വിദ്യാഭ്യാസം വേണ്ടത്ര ലഭ്യമല്ലാത്ത പിന്നോക്ക ന്യൂനപക്ഷ അധ:സ്ഥിതർക്ക് യാതൊരു വിധ പരിഗണനയും നല്കാതിരിക്കുന്നതും വിദേശ ഭാഷാ പഠനത്തിന്റെ സാധ്യതയിൽ നിന്ന് അറബി ഭാഷ എടുത്തു കളയുന്നതും തഴയപ്പെട്ടവരെ വീണ്ടും തഴയാൻ മാത്രമായിരിക്കും ഉപകരിക്കുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓട്ടോണമസ് കോളേജുകളെ സർവകലാശാലകളിൽ നിന്നും വേര്പെടുത്തുന്നതും സ്‌കോളർഷിപ്പുകൾ സർക്കാരിന്റെ ബാധ്യതയിൽ നിന്നെടുത്തു മാറ്റുന്നതും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം തകർക്കാനും പാവപ്പെട്ടവന് വിദ്യാഭ്യാസം നിഷേധിക്കാനും കാരണമാകുമെന്നും ഡോ: സൈനുൽ ആബിദ് കോട്ട നിരീക്ഷിച്ചു.

വിദ്യാഭ്യാസ നയവും നടപ്പിൽ വരുത്തലും കേന്ദ്രീകൃത സ്വഭാവത്തിലേക്ക് പോകുമ്പോൾ ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ അത് ബാധിക്കുമെന്നും ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെ അത് നശിപ്പിക്കുമെന്നും പുതിയ വിദ്യാഭ്യാസ നയത്തിന്റെ സാമൂഹിക നഷ്ടങ്ങളെക്കുറിച്ചു പ്രതിപാദിച്ച പ്രൊഫ. ലിംസീർ അലി (എം ഇ എസ് കോളേജ് പൊന്നാനി ) അഭിപ്രായപ്പെട്ടു.

മൂന്നാം വയസ്സിൽ ഔദ്യോഗിക വിദ്യാഭ്യാസം ആരംഭിക്കുന്നതും ആറാം ക്ലാസ് മുതൽ തൊഴിൽ പരിശീലനം നൽകുന്നതും വരും തലമുറയെ വെറുമൊരു തൊഴിൽ ഉപകരങ്ങളാക്കി മാറ്റാനുള്ള മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാണെന്നു പ്രൊഫ. ലിംസീർ അലി അഭിപ്രായപ്പെട്ടു.

തൊഴിലിന്റെ അടിസ്ഥാനത്തില്‍ അറിവിനെ വിഭജിക്കുന്നതും ഇടക്ക് വെച്ചു പഠനം നിർത്താൻ അനുവദിക്കുന്നതും വിദ്യാർഥികൾ ഉന്നത ശ്രേണിയിലുത്തുന്നതിനെ തടയുന്നതിനും ഉന്നത വിദ്യാഭ്യാസ രംഗത്തെ അച്ചടക്കം നഷ്ടപ്പെടുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ലിംസീർ അലി തുടർന്നു.

ചോദ്യോത്തര വേളയോട് കൂടി അവസാനിപ്പിച്ച വെബിനാറിൽ പ്രസിഡന്റ് സലാഹ് കാരാടൻ അധ്യക്ഷത വഹിക്കുകയും ജനറല്‍ സെക്രട്ടറി നാസര്‍ ചാവക്കാട് സ്വാഗതവും ഷൗക്കത്ത് അലി കോട്ട നന്ദിയും പറഞ്ഞു.

അബ്ദുൽ കരീം,ഗഫൂർ തേഞ്ഞിപ്പലം, ജരീർ വേങ്ങര, ലീയാഖത് കോട്ട, റസാഖ് മാസ്റ്റർ, മുസ്തഫ കെ.ടി. എന്നിവർ പരിപാടി നിയന്ത്രിച്ചു. റബീബ് ബിന്‍ അബ്ദുല്ല ഖിറാഅത്ത് നടത്തി.

jiddah
Advertisment