Advertisment

പ്രവാസികളുടെ മടക്ക യാത്ര : കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിലപാട് അപലപനീയം: വെൽഫെയർ കേരള കുവൈത്ത്

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പ്രവാസികൾ ഇപ്പോൾ നാട്ടിലേക്ക് മടങ്ങേണ്ടതില്ല എന്ന സംസ്ഥാന സർക്കാർ നിലപാട് അങ്ങേയറ്റം അപലപനീയവും കടുത്ത പ്രതിഷേധാർഹവുമാണെന്ന് വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര വർക്കിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

പ്രവാസികൾ നാട്ടിലേക്ക് എത്താൻ ആവശ്യമായ വിമാനസർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് മതിയായ ക്വാറന്റൈൻ സൗകര്യം ഒരുക്കേണ്ടത് സംസ്ഥാന സർക്കാറുകളാണ്.

ഇക്കാര്യത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കള്ളനും പോലീസും കളി പ്രവാസികളെ കബളിപ്പിക്കുകയാണെന്ന്‌ വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര വർക്കിംഗ് കമ്മിറ്റി ആരോപിച്ചു.

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് മതിയായ ക്വാറന്റൈൻ സൗകര്യമുണ്ട് എന്ന് അറിയിച്ച മുഖ്യമന്ത്രി ഇപ്പോൾ മലക്കം മറിയുകയാണ്. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് മതിയായ ക്വാറന്റൈൻ ഒരുക്കുന്നതിനായി സന്നദ്ധ സംഘടനകൾ കൾ തയ്യാറാണ് എന്ന് അറിയിച്ചിട്ടും അത് ഉപയോഗപ്പെടുത്താത്ത കേരള സർക്കാർ പ്രവാസികളെ വഞ്ചിക്കുകയാണ്.

ദിനംപ്രതി നിരവധി മലയാളികളാണ് വിദേശരാജ്യങ്ങളിൽ മരണപ്പെടുന്നത്. സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്താനുള്ള കാലതാമസം ദിനേന ഒട്ടനവധി ജീവനുകളെയാണ് അപഹരിച്ചു കൊണ്ടിരിക്കുന്നത്.

പറയുന്ന കാര്യങ്ങളിൽ ആത്മാർത്ഥത ഒരൽപമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുകയാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ചെയ്യേണ്ടത്. അല്ലാതെ പുറമേക്ക് പ്രവാസികളോടൊപ്പമെന്ന് മേനി നടിക്കുകയും മറുവശത്ത് പ്രവാസികളെ വഞ്ചിക്കുകയും ചെയ്യുന്ന സമീപനമല്ല സ്വീകരിക്കേണ്ടത്.

പ്രവാസികൾക്ക് കാര്യങ്ങൾ വകതിരിച്ച് മനസ്സിലാക്കാനുള്ള കഴിവുണ്ട് എന്ന് മുഖ്യമന്ത്രി യും കേന്ദ്ര മന്ത്രിയും മനസ്സിലാക്കുന്നത് നല്ലതാണ്.ഇക്കാര്യത്താൽ പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയരണം.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവാസികളുടെ ജീവൻ വെച്ച് കളിക്കരുത്.കൂടുതൽ വിമാനവും കൂടുതൽ ക്വാറന്റൈൻ സൗകര്യങ്ങളും ഏർപ്പെടുത്തി കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും വെൽഫെയർ കേരള കുവൈത്ത് ആവശ്യപ്പെട്ടു.

Advertisment