Advertisment

മുസ്‌ലിം ഭീതി സൃഷ്ടിച്ച് വർഗീയ ധ്രുവീകരണം നടത്താൻ സി.പി.എം ശ്രമിക്കുന്നു - ഹമീദ് വാണിയമ്പലം

New Update

publive-image

Advertisment

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം നേടുന്നതിന് വേണ്ടി സി.പി.എം മുസ്‌ലിം ഭീതി സൃഷ്ടിച്ച് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വെൽഫെയർ പാർട്ടിയെ മുൻനിർത്തി സി.പി.എം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണത്തിന്റെ ലക്ഷ്യം അതാണ്. ഇതിന്റെ ഭാഗമായാണ് പാർട്ടി മുഖപത്രമായ ദേശാഭിമാനി തൊപ്പി ധരിച്ച് മുസ്‍ലിം എന്ന് തോന്നുന്ന കഥാപാത്രത്തിന്റെ കയ്യിൽ തോക്ക് പിടിപ്പിച്ച കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.

അതിലൂടെ ഒരു മതവിഭാഗത്തെ ഭീകരവൽക്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. കേരളത്തിന്റെ ഭാവിക്ക് ഗുരുതര ആഘാതമുണ്ടാക്കുന്നതും സംഘ്പരിവാറിന് പരവതാനി വിരിക്കുന്നതുമായ സമീപനങ്ങൾ തുടർച്ചയായി സി.പി.എം സ്വീകരിച്ചുവരികയാണ്.

അതിന്റെ തുടർച്ചയാണ് ദേശാഭിമാനി കാർട്ടൂൺ. നേരത്തെ യു.ഡി.എഫിനെ നയിക്കുന്നത് മുസ്‍ലിം - ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളാണ് എന്ന പ്രസ്താവന കോടിയേരി ബാലകൃഷ്ണൻ നടത്തിയിരുന്നു.

നിലവിലെ സി.പി.എം സെക്രട്ടറി വിജയരാഘവൻ തുടർച്ചയായി ഇത് പറയുന്ന ആളാണ്. ഇതിൽ നിന്നെല്ലാം സി.പി.എം സംഘടനാപരമായി സ്വീകരിച്ചിരിക്കുന്ന സമീപനമാണിത് എന്ന് വ്യക്തമാവുകയാണ്.

വെൽഫെയർ പാർട്ടി രൂപീകരണത്തിന്റെ തുടക്കനാൾ മുതൽ പാർട്ടിയുമായി സി.പി.എം സഹകരിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയും സി.പി.എമ്മും ഒരുമിച്ച് മത്സരിക്കുകയും അഞ്ച് വർഷം അധികാരം പങ്കിടുകയും ചെയ്തത് കേരളം കൺമുന്നിൽകണ്ട കാര്യമാണ്.

വെൽഫെയർ പാർട്ടിയെ കുറിച്ച സി.പി.എം നിലപാട് അന്നെന്തായിരുന്നു. ഇപ്പോഴും കേരളത്തിന് പുറത്ത് വെൽഫെയർ പാർട്ടിയും സി.പി.എമ്മും സഹകരിച്ച് അനവധി പ്രക്ഷോഭങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇതിൽ നിന്നെല്ലാം സി.പി.എമ്മിന്റെ അവസരവാദം ജനങ്ങളും സി.പി.എം അണികളും തിരിച്ചറിയണം.

ഒന്നിനുപിറകെ മറ്റൊന്നായി ഇടത് സര്‍ക്കാറിന്റെ കൊള്ളരുതായ്മകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസടക്കം സംശയത്തിന്റെ നഴലിലാണുള്ളത്.

ഭരണപരാജയവും സര്‍ക്കാറിനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധിയും തിരിച്ചടികളും മറികടക്കാൻ സി.പി.എം കണ്ടെത്തിയ മാർഗ്ഗം സംഘ്പരിവാർ ഉയർത്തുന്ന മുസ്‌ലിം - ന്യൂനപക്ഷ വിരുദ്ധത ഏറ്റെടുക്കുക എന്നതാണ്.

തങ്ങളിൽ നിന്ന് സംഘ്പരിവാർ പാളയത്തിലേക്ക് ചോർന്ന് പോയ വോട്ടുകൾ ഇതുവഴി തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് സി.പി.എം കരുതുന്നത്. എന്നാൽ, തങ്ങളുടെ അവശേഷിക്കുന്ന അണികളെ കൂടി സംഘ്പരിവാറിന് സമ്മാനിക്കാനേ ഇതുപകരിക്കൂ എന്ന് അധികം വൈകാതെ അവർക്ക് മനസ്സിലാക്കേണ്ടി വരും.

മുസ്‌ലിംങ്ങൾക്ക് മുൻകയ്യുള്ളതെല്ലാം ഭീകരവാദവും രാജ്യവിരുദ്ധവുമായിരിക്കും എന്ന സംഘ്പരിവാർ പ്രചാരണം അവരെയും തോൽപ്പിക്കും വിധമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്.

സർക്കാറിനെതിരായ പ്രക്ഷേഭങ്ങളെല്ലാം മുസ്‌ലിം തീവ്രവാദികളാണ് നയിക്കുന്നത് എന്ന് അനവധി സി.പി.എം നേതാക്കൾ പ്രസ്താവിച്ചത് ഇതോട് ചേർത്ത് വായിക്കേണ്ടതുണ്ട്.

ഇതോടൊപ്പം സംസ്ഥാന ആഭ്യന്തര വകുപ്പിനെയും പോലീസ് സേനയെയും സമ്പൂർണമായി സംഘ്പരിവാറിന് വിധേയപ്പെടുത്തിയിരിക്കുന്നു. നവോത്ഥാന കേരളത്തെ തകർക്കാനുള്ള സംഘ്പരിവാർ പദ്ധതിക്ക് സി.പി.എം എത്രമാത്രം സഹായമാണ് ചെയ്യുന്നത് എന്ന് കേരളം സത്യസന്ധമായി പരിശോധിക്കണം.

ഇപ്പോള്‍ മുന്നിലെത്തിനില്‍ക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തരം പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ മുസ്‌ലിം വരുദ്ധ വര്‍ഗീയ പ്രചാരണങ്ങളുമായിറങ്ങിയിരിക്കുകയാണ്. നേതാക്കളുടെ പ്രസ്താവനകള്‍ക്ക് പുറമേ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി സി.പി.എമ്മിന്റെ ചിഹ്നം വെച്ചുള്ള സ്ഥാനാര്‍ഥിയുടെ വോട്ടഭ്യര്‍ഥനയില്‍വരെ വര്‍ഗീയ പ്രചാരണങ്ങള്‍ നടക്കുന്നു.

അതിനെതിരെ ചിറ്റാറ്റുകര പഞ്ചായത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി നോട്ടീസിന്റെ കോപ്പിയോടൊപ്പം പരാതി നല്‍കുകയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമായിട്ടും അധികാരികള്‍ ഗൗരവപൂര്‍വമായ നടപടികളെടുത്തിട്ടില്ല.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ച മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്താണ് ഇടതുപക്ഷം വ്യാജപ്രചാരണം നടത്തിയത്.

ഇതിന് പുറമേ സാമൂഹിക മാധ്യമങ്ങളിലും വോട്ടുതേടിയുള്ള സംസാരങ്ങളിലും സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇടതുപക്ഷം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തി കേരളത്തെ ഒരു കലാപഭൂമിയാക്കി നേട്ടംകൊയ്യാനാണ് ഇടതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.

തങ്ങളുടെ വീഴ്ചകളും കുറവുകളും പരിഹരിക്കുന്നതിന് പകരം കേരളത്തെ വര്‍ഗീയവല്‍ക്കരിച്ച് സംഘ്പരിവാറിനെ തോല്‍പിക്കുന്ന മുസ്‍ലിം വിരുദ്ധത പ്രചരിപ്പിച്ച് രക്ഷപ്പെടാമെന്നത് ഇടതുപക്ഷത്തിന്റെ നാശത്തിലേക്കാണ് നയിക്കുക.

സവര്‍ണ സംവരണത്തിലൂടെയും മറ്റും ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷം ഇത്തരം വര്‍ഗീയ പ്രചാരണങ്ങളിലൂടെ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ സുസ്ഥിതി തകര്‍ക്കരുതെന്നും ഹമീദ് വാണിയമ്പലം കൂട്ടച്ചേര്‍ത്തു.

പത്രസമ്മേളനത്തിൽ ജില്ല പ്രസിഡണ്ട് എൻ.എം അൻസാരി, ജില്ല ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ എന്നിവരും പങ്കെടുത്തു.

welfare party
Advertisment