Advertisment

സെക്രട്ടറിയേറ്റിനു മുന്നിൽ വെൽഫെയർ പാർട്ടിയുടെ ഭൂസമര സംഗമം: ഭൂഅധികാരത്തെ നിര്‍ണയിക്കുന്ന സവര്‍ണാധിപത്യ നിലപാടാണ് ഇടതുപക്ഷം പുലര്‍ത്തുന്നത് - ഹമീദ് വാണിയമ്പലം

New Update

publive-image

Advertisment

തിരുവനന്തപുരം: ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന്റെ കാലങ്ങളായുള്ള നിലപാട് സവര്‍ണാധിപത്യമാണെന്നതാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ഭൂസമര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യമായ വിവേചനമാണ് ഭൂഅവകാശത്തിന്റെ കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ ഭൂമി കയ്യേറിയത് രാജനാണെന്നാണ് ഇപ്പോള്‍ പൊലീസ് നല്‍കുന്ന തിട്ടൂരം. എന്നാല്‍ സര്‍ക്കാര്‍ വിതരണം ചെയ്ത ഭൂമി കച്ചവടം നടത്താനും കൈമാറ്റം ചെയ്യാനും പാടില്ലെന്നാണ് നിയമം. പ്രസ്തുത ഭൂമി എങ്ങനെ കച്ചവടം നടത്തിയെന്നതിന് ഉത്തരം പറയേണ്ടത് സര്‍ക്കാറും ഉദ്യോഗസ്ഥരും തന്നെയാണ്.

കേരളത്തില്‍ എല്ലാവര്‍ക്കും പാര്‍പിടം നല്‍കിയെന്ന ഇടതുപക്ഷ വാദത്തിനിടയിലാണ് കഴിഞ്ഞ ദിവസം മാനന്തവാടിയിൽ ആദിവാസകളെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.എമ്മും ഗുണ്ടകളും പൊലീസും ചേര്‍ന്ന് ശ്രമക്കുന്നത്. മാനന്തവാടിയില്‍ മാത്രമല്ല, കേരളത്തില്‍ ചെങ്ങറയടക്കമുള്ള മറ്റെല്ലാ ഭൂസമരത്തിലും ഇടതുനിലപാട് ഇതുതന്നെയാണ്.

ഇങ്ങനെ ജാതിവ്യവസ്ഥ അടിസ്ഥാനമാക്കിയ അധികാരഘടന നിലനിൽക്കുമ്പോഴാണ് ഇടതുപക്ഷത്തിന് രാഷ്ട്രീയ ലാഭമുണാകുന്നതെന്ന നയമാണ് പിണറായി സർക്കാർ വെച്ചുപുലർത്തുന്നത്. ഭൂപരിഷ്‌കരണ കാലത്ത് പിന്നാക്കക്കാര്‍ക്കും അവര്‍ണര്‍ക്കും ഒരു തുണ്ട് ഭൂമിയും നല്‍കാതെയാണ് ഭൂപരിഷ്‌കരണം നടന്നത്. പിന്നാക്കക്കാരെയും ദലിതരെയും ലക്ഷംവീടുകളലേക്ക് ഒതുക്കുന്ന ജാതി വ്യവസ്ഥയാണ് ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ നടപ്പാക്കിയത്.

കേരളത്തില്‍ ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഇവിടെതന്നെ ഭൂമിയുണ്ട്. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ടാറ്റയും ഹാരിസണും പോലുള്ള കുത്തകകള്‍ കയ്യടക്കിവെച്ചിരിക്കുന്നത്. അത് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളൊന്നുമില്ലെന്ന് മാത്രമല്ല, തിരിച്ചുപിടിക്കാന്‍ ശ്രമിച്ചവരെ ഒതുക്കി കേസുകള്‍ തോറ്റുകൊടുക്കാനുള്ള നടപടിയാണ് ഇടതുപക്ഷം നടപ്പാക്കിയത്.

ഇടതുപക്ഷത്തന്റെ കോര്‍പറേറ്റ് പരിഹാര രീതിയുടെ ഉദാഹരണമാണ് രാജന്റെ മക്കൾക്ക് വീടും ഭൂമിയും നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത്. കോര്‍പറേറ്റ് മനോഭാവത്തോടെ പ്രതിഷേധങ്ങളും സമരങ്ങളും എതിര്‍പ്പുകളും ഇല്ലാതാക്കുന്നതിനാണ് സൗജന്യ കിറ്റ് വിതരണമെന്ന വാർത്ത സൃഷ്ടിക്കുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ത്തപ്പിടിക്കുന്ന അടിസ്ഥാന നിലപാടായ സാമൂഹിക നീതിയുടെ വെളിച്ചത്തില്‍ സാമൂഹികാവകാശം നേടാനുള്ള ഭൂസമരത്തില്‍ ഭൂരഹിതരാക്കപ്പെട്ടവര്‍ക്കൊപ്പമാണ് പാർട്ടിയുടെ പോരാട്ടം. നീതി നിഷേധിക്കപ്പെട്ടവന്റെ ഭൂഉടമാവകാശമെന്ന അടിസ്ഥാന അവകാശം പുനസ്ഥാപിക്കുന്നതുവരെ സമരം തുടരുക തന്നെ ചെയ്യുമെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.

ഭൂമിയുടെ അവകാശത്തിനു വേണ്ടി പോരാട്ടം നടത്തുന്നവരെ സ്വത്വവാദികളെന്ന് വിളിച്ച് അരികുവൽക്കരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് കെ കെ ബാബുരാജ് പറഞ്ഞു. കുടിയിറക്കിയതിനു ശേഷം ഭൂപ്രശ്നം മറച്ചുവെക്കാനാണ് ലക്ഷംവീട് പദ്ധതികളും ഹരിജൻ കോളനികളും ആവിഷ്കരിക്കുന്നത്.

പാർപ്പിട പ്രശ്നം പരിഹരിക്കാൻ നടത്തുന്ന വ്യാജ പദ്ധതികളിലൂടെ രണ്ടാംകിട പൗരന്മാരെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സവർണ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഭൂരഹിതരായ അടിസ്ഥാന ജനവിഭാഗങ്ങളെ ഭീകരവൽക്കാൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ നിരന്തര സമരത്തിലൂടെ ചെറുത്തു തോൽപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

തീരദേശ മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് മാഗ്ലിൻ ഫിലോമിന, വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഇ.സി ആയിഷ, എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ, ആക്ടിവിസ്റ്റുകളായ വിനീത വിജയൻ, ജോയി കൈതാരത്ത്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:കെ.എസ് നിസാർ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം, എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, മുറികല്ല് ഭൂസമര പ്രതിനിധി ജയമോൾ. എ. കെ, ഒടുവള്ളിതട്ട് ഭൂസമര പ്രതിനിധി വിജയൻ ചെങ്ങറ, വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എൻ.എം അൻസാരി എന്നിവർ സംസാരിച്ചു.

വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് സമാപനം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷൻ വഹിച്ചു. ഭൂസമര സമിതി സംസ്ഥാന കൺവീനർ ഷെഫീഖ് ചോഴിയക്കോട് സ്വാഗതം പറഞ്ഞു.

 

welfare party
Advertisment