Advertisment

എസ്‌സി - എസ്‌ടി ഫണ്ട് ലാപ്സാക്കൽ; പിണറായി സർക്കാരിന്റേത് കൊടിയ ദലിത് പീഡനം: സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി

New Update

publive-image

Advertisment

തിരുവനന്തപുരം: എസ്‌സി - എസ്‌ടി വിഭാഗങ്ങളുടെ ക്ഷേമ ഫണ്ടുകളെ സിംഹഭാഗവും ലാപ്സാക്കിയതു വഴി പിണറായി സർക്കാർ ചെയ്തത് കൊടിയ ദലിത് പീഢനമാണെന്നും ഭരണക്കാരുടെ സവർണ്ണാധിപത്യ ബോധമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.

വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019-20 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 708 കോടിയിൽ 5.3 ശതമാനം മാത്രമാണ് ചെലവാക്കിയത് എന്ന എ.ജി റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്.

അനുവദിക്കുന്ന ഫണ്ട് പര്യാപ്തമല്ല എന്ന വസ്തുത നിലനിൽക്കെയാണ് ഉള്ളതു പോലും ചിലവഴിക്കാതെ പാഴാക്കുന്നത്. ചിലവഴിക്കുന്നതിൽ നല്ലൊരു പങ്ക് ഇടനിലക്കാരും ഉദ്യോഗസ്ഥരും വെട്ടിക്കുന്നതായുള്ള പരാതി വ്യാപകമാണ്.

തിരുവനന്തപുരത്തെ പട്ടിക ജാതി കോർപ്പറേഷനിലെ ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ വലിയ ഫണ്ട് തിരിമറി പുറത്തായിട്ടും പ്രതി ചേർക്കപ്പെട്ട ഉദ്യോഗസ്ഥരടക്കമുള്ള 11 പേർക്കെതിരെയുള്ള നിയമ നടപടികൾ പോലും എങ്ങുമെത്തിയിട്ടില്ല. ഇത്തരം സംഭവങ്ങളെ സാധാരണ അഴിമതിക്കേസുകൾ പരിഗണിക്കുന്നതിനേക്കാൾ ഗൗരവത്തിൽ കാണേണ്ടതാണ്.

നവോത്ഥാനത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്നതിലല്ല കാര്യം. ദലിത്-ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ വളർച്ചയിലൂടെയാണ് നവോത്ഥാനത്തിന് തുടർച്ചയുണ്ടാകുക. അത് തടയാനാണ് കേരള ഭരണകൂടം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എസ്‌സി - എസ്‌ടി ഫണ്ട് ലാപ്സാക്കിയവർക്കെതിരെ അന്വേഷണം നടത്തുക, ഫണ്ട് വിനിയോഗം പരിശോധിക്കാനും സമയബന്ധിതമായി ജനങ്ങളെ അറിയാക്കാനും നിയമസഭാ സമിതിക്ക് അധികാരം നൽകുക, ഫണ്ട് തിരിമറി നടത്തുന്നവർക്കെതിരെ പട്ടിക ജാതിക്കാർക്കെതിരെയുള്ള പീഢനം തടയൽ നിയമപ്രകാരം കേസെടുക്കുക, ഫണ്ട് ലാപ്സാക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്.

പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് എൻ.എം അൻസാരി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം വിനോദ്, സാമ്പവ ക്ഷേമ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് യശയ്യ. വി. ചക്കമല, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് മഹേഷ് തോന്നയ്ക്കൽ തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്തു.

വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി സമാപന പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ നന്ദി പറഞ്ഞു.

welfare party
Advertisment