Advertisment

ക്വാറികൾക്കുള്ള അനുമതി: ഹരിത ട്രൈബ്യൂണൽ വിധി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം: വെൽഫെയർ പാർട്ടി

New Update

തിരുവനന്തപുരം : ജനവാസ കേന്ദ്രങ്ങളിൽ 100 മുതൽ 200 മീറ്റർ വരെ പരിധി പാലിച്ചുകൊണ്ട് മാത്രമേ ക്വാറികൾക്ക് അനുവാദം നൽകാവൂ എന്ന ഹരിത ട്രൈബ്യൂണൽ വിധി നടപ്പിലാക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

Advertisment

ക്വാറി മാഫിയകൾക്ക് അനുകൂലമാകുന്ന രീതിയിൽ 50 മീറ്റർ മാത്രം ദൂരപരിധി നിശ്ചയിച്ചു കൊണ്ട് ക്വാറികൾ തുടങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ റദ്ദ് ചെയ്തു കൊണ്ടാണ് ഹരിത ട്രൈബ്യൂണൽ വിധി വന്നിട്ടുള്ളത്.

സ്ഫോടനം നടത്തിയുള്ള ഖനനത്തിന് 200 മീറ്റർ ദൂരപരിധിയും സ്ഫോടനം ഇല്ലാത്തവക്ക് 100 മീറ്റർ പരിധിയും നിശ്ചയിച്ചു കൊണ്ടുള്ള തീരുമാനമാണ് വിധിയിലുള്ളത്. ദേശീയ മലീനികരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് കോടതിയുടെ തീരുമാനം.

കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ മാത്രം ജനജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തിൽ നിരവധി ക്വാറി മാഫിയകൾക്കാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ജനവാസകേന്ദ്രങ്ങളിൽ സംസ്ഥാന സർക്കാർ ക്വാറികൾക്ക് നിശ്ചയിച്ച പരിധി തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുതിയ വിധി.

ഹരിത ട്രൈബ്യൂണൽ വിധി മുൻനിർത്തി ഇത്തരം അനധികൃത ക്വാറികൾക്കുള്ള ലൈസൻസ് ഉടൻ റദ്ദ് ചെയ്യണം. രാജ്യവ്യാപകമായി നടപ്പിലാക്കാൻ നിർദ്ദേശിച്ചു കൊണ്ടുള്ള വിധി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രസ്തുത വിഷയത്തിൽ സർക്കാർ കാണിക്കുന്ന നിസ്സംഗത സംശയാസ്പദമാണ്.

ക്വാറി മാഫിയകൾക്ക് വഴിവിട്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് കാണാൻ കഴിയുന്നത്. ദിനംപ്രതി ഒരു ക്വാറിയിൽ നിന്നും 10 മുതൽ 15 വരെ ലോഡിന് മാത്രമേ മൈനിംഗ് & ജിയോളജി പാസ് അനുവദിക്കാവൂ എന്ന നിയമം നിലനിൽക്കെയാണ് നിലവിൽ 200 വരെ ലോഡുകൾ ഓരോ ക്വാറിയിൽ നിന്നും പുറപ്പെടുന്നത്. പ്രകൃതിയെ കൊള്ളയടിച്ച് ലാഭമുണ്ടാക്കാൻ പിണറായി സർക്കാർ നടത്തുന്ന ഈ അഴിമതിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം രൂപപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

welfare party
Advertisment