ലഡു പോലെ തന്നെ എല്ലാവരുടെയും ഇഷ്ടമധുര പലഹാരമാണ് രസഗുള. രസഗുളയുടെ ജന്മദിനം നവംബര്‍ 14ന് ആഘോഷിക്കാനിരിക്കുകയാണ് പഞ്ചിമബംഗാള്‍. പഞ്ചിമബംഗാള്‍ സര്‍ക്കാറും ബംഗാളിലെ മധുരപലഹാര നിര്‍മാതാക്കളും സംയുക്തമായാണ് രസഗുള ദിനം ആഘോഷിക്കുന്നത്.ആഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തയിനം രസഗുളകള്‍ കൊല്‍ക്കത്തിയിലെ ന്യൂ ടൗണ്‍ ഏരിയ ഇക്കോ പാര്‍ക്കിന്റെ ഭാഗത്തായി 'മിശ്ട്ടി ഹബ്ബില്‍ പ്രദര്‍ശിപ്പിക്കുമെന്ന് വെസ്റ്റ് ബംഗാള്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ചെയര്മാന് ദേബാശിഷ് സെന്‍ പിടിഐയോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് രസഗുള പഞ്ചിമബംഗാളിന്റെ മധുരപലഹാരമായി പ്രഖ്യാപിച്ചത്. രസഗുളയുടെ ജന്മസ്ഥലം ഏതെന്ന വിഷയത്തില്‍ 2015 മുതല്‍ ഒഡീഷയും പശ്ചിമബംഗാളും തമ്മില്‍ തര്‍ക്കം രൂപപ്പെട്ടിരുന്നു. രസഗുളയുടെ ജന്മസ്ഥലം ഏതെന്ന വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തില്‍ ഭൗമ സൂചിക രജിസ്ട്രി തീര്‍പ്പു കല്പ്പിച്ചു. തുടര്‍ന്ന് പശ്ചിമബംഗാളാണ് രസഗുളയുടെ ജന്മസ്ഥലമെന്ന് ഭൗമ സൂചിക രജിസ്ട്രി(ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍) വ്യക്തമാക്കിയതോടെ രസഗുള പഞ്ചിമബംഗാളിന്റേതായി. 1868ല്‍ മധുര പലഹാര നിര്‍മാതാവായ നബീല്‍ ചന്ദ്രദാസാണ് ബംഗാളില്‍ ആദ്യമായി രസഗുള ഉണ്ടാക്കുന്നത്.