Advertisment

വെസ്‌റ്റ്‌ നൈൽ രോഗം . എന്താണ്‌ ഈ രോഗം?

author-image
admin
Updated On
New Update

പക്ഷികളിൽ നിന്ന്‌ പക്ഷികളിലേക്കും അവയിൽ നിന്ന്‌ ക്യൂലക്‌സ്‌ കൊതുക്‌ വഴി മനുഷ്യരിലേക്കും  പടരുന്ന രോഗമാണിത്‌. വെസ്‌റ്റ്‌ നൈൽ വൈറസാണ്‌ രോഗം പടർത്തുന്നത്‌. മനുഷ്യരിൽ നിന്ന്‌ മനുഷ്യരിലേക്കിത് പകരില്ല. പനി, ശരീരവേദന, തലവേദന, ഓർമ്മക്കുറവ്‌ എന്നിവയൊക്കെയാണ്‌ സാധാരണ രോഗലക്ഷണങ്ങൾ. രോഗം ബാധിക്കുന്ന 150 പേരിൽ ഒരാൾക്ക്‌ രോഗം ഗുരുതരമാകാം.

Advertisment

publive-image

രോഗം ഗുരുതരമാകുന്നവരിൽ 10 ശതമാനം പേർക്ക്‌ മാത്രമാണ്‌ അപകടകരമാം വിധം രോഗം മൂർച്ഛിക്കുകയുള്ളൂ. മസ്‌തിഷ്‌കവീക്കം, മസ്‌തിഷ്‌കജ്വരം എന്നിവയുണ്ടാകാം. നിലവിൽ മറ്റ്‌ വൈറൽ രോഗങ്ങളെപ്പോലെ ലക്ഷണങ്ങളെയാണ്‌ ചികിത്സിക്കുന്നത്‌. കൃത്യസമയത്ത്‌ രോഗം കണ്ടെത്തി ഇത്തരത്തിൽ ചികിത്സിച്ചാൽ പൂർണമായും ഭേദമാകുന്ന രോഗവുമാണിത്‌.

രോഗമുണ്ടായ പ്രദേശത്തുള്ളവർ ആരോഗ്യപ്രവർത്തകർ നൽകുന്ന എല്ലാ മുൻകരുത ലുകളും ശ്രദ്ധയോടെ ഉൾക്കൊള്ളുക. പനി തുടങ്ങുമ്പോഴേ ചികിത്സ തേടി രോഗം കണ്ടെത്താനും ചികിത്സിക്കാനുമുള്ള സൗകര്യത്തിലേക്ക്‌ വന്ന്‌ ചേരുക എന്നതാണ്‌ പ്രധാനം. ജാഗ്രതയാണ്‌ ആവശ്യം, ഭയപ്പെടാൻ ഏതുമില്ല.

രോഗം തടയാൻ വാക്‌സിനുകൾ ലഭ്യമല്ല. പക്ഷേ, കൊതുകുകളേയും കൊതുക്‌ വളരുന്ന സാഹചര്യത്തേയും ഇല്ലായ്‌മ ചെയ്യുന്നത്‌ വഴി രോഗം ഫലപ്രദമായി തടയാനാകും. വെള്ളം കെട്ടിക്കിടക്കുന്നയിടങ്ങൾ നശിപ്പിക്കുക. കൊതുക്‌ തിരികളും മൊസ്‌ക്വിറ്റോ റിപലന്റുകളും കൊതുക്‌ വലകളും ഉപയോഗിക്കുക. ആഴ്‌ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുക. വെസ്‌റ്റ്‌ നൈൽ ഭീതിയോ ഭയമോ വേണ്ട ഒന്നല്ല.

ശ്രദ്ധയോടെയിരിക്കണം. എന്നത്തെയും പോലെ കൊതുക്‌ നമ്മുടെ ശത്രുവെന്ന ഓർമ്മയുണ്ടായാൽ മതി. പനി പഴയ പനിയല്ലെന്നും സ്വയം ചികിത്സ ചെയ്‌ത്‌ സ്വന്തം കുഴി തോണ്ടരുതെന്നും മനസ്സിലാക്കുക.

ഡോ: ഷിംന അസീസ്‌ 

Advertisment