Advertisment

കാലാവസ്ഥ മാറിയിരിക്കുന്നു, ഇനിയും മാറും. ചൂട് കൂടു൦, കടലിലെ ജലനിരപ്പ് ഉയരും, മഴയുടെ തീവ്രത കൂടും, കൊടുങ്കാറ്റുകളുടെ എണ്ണവും ശക്തിയും വർദ്ധിക്കും, മുൻപ് കാറ്റും മഴയും ഇല്ലാത്തിടത്ത് അതുണ്ടാകും. ഒന്നും ചെയ്യാതിരുന്നാൽ 50 വർഷത്തിനകം ഭൂമിയിൽ മനുഷ്യവാസം ദുഃസ്സഹമാകും. വരാൻ പോകുന്നത് ഇതിലും വലിയ വെള്ളപ്പൊക്കവും അതിന്റെ നൂറിരട്ടി നഷ്ടവുമായിരിക്കും - കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് യു എന്‍ വിദക്ദ്ധന്‍ മുരളി തുമ്മാരുകുടിയുടെ മുന്നറിയിപ്പ് ഇങ്ങനെ ...

New Update

അമേരിക്കക്കാർ ചന്ദ്രനിൽ കാലുകുത്തിയോ, പറക്കും തളികയിൽ എത്തിയ ഏലിയൻസിനെ മനുഷ്യൻ തടവിലാക്കിയിട്ടുണ്ടോ, ട്വിൻ ടവർ തകർത്തത് അൽ ഖയിദ തന്നെയോ എന്നതുൾപ്പെടെ അനവധി വിഷയങ്ങളിൽ ലോകത്ത് ഗൂഢാലോചനാ സിദ്ധാന്തമുണ്ടായിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഉണ്ടായിട്ടുള്ളത്രയും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ മറ്റൊന്നിനെക്കുറിച്ചും ഞാൻ കേട്ടിട്ടില്ല.

Advertisment

അമേരിക്ക ചന്ദ്രനിലേക്ക് ആളുകളെ അയക്കുന്നത് നിർത്തിയപ്പോൾ പണിയില്ലാതായ ശാസ്ത്രജ്ഞന്മാരെല്ലാം സംഘടിച്ച് അവർക്ക് പണിയുണ്ടാക്കാൻ കൊണ്ടുവന്ന സിദ്ധാന്തമാണ് എന്ന് തുടങ്ങി വികസ്വര രാജ്യങ്ങളുടെ വളർച്ചക്ക് തടയിടാൻ വികസിത രാജ്യങ്ങൾ കൊണ്ടുവന്ന പദ്ധതിയാണെന്ന് വരെ പലതും കേട്ടിട്ടുണ്ട്.


കാലാവസ്ഥാവ്യതിയാനവും നഗരങ്ങളും എന്ന വിഷയത്തിൽ മേയർമാർക്കും നഗരസഭാ മേധാവികൾക്കും നടത്തിയ ക്ലാസിൽ ഒരു ജനപ്രതിനിധി പോലും പങ്കെടുത്തില്ല . 

അവർക്കൊന്നും കാലാവസ്ഥാവ്യതിയാനം ഇന്നിന്റെ പ്രശ്നമല്ല. നാട്ടിലെ മീഞ്ചന്തയെ പറ്റിയുള്ള ചർച്ചയായിരുന്നെങ്കിൽ എല്ലാവരും ഹാജർ ആയേനെ

publive-image

ശാസ്ത്രത്തിന്റെ വീക്ഷണകോണിലൂടെ നോക്കുമ്പോൾ ഇവിടെ ഗൂഢമായി ഒന്നുമില്ല. ഭൂമിയിലെ ശരാശരി താപനില ഉയരുകയാണ്. 1980 കളിലാണ് കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ ‘ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്’ ഉണ്ടാക്കിയത്. 1989 ൽ ഒന്നാമത്തെ റിപ്പോർട്ട് പുറത്തുവന്നു. 2015 ൽ അഞ്ചാമത്തെ റിപ്പോർട്ടും.

ഇവ ഓരോന്നും പറയുന്നത് ഒരേ കാര്യമാണ്. കാലാവസ്ഥ മാറിയിരിക്കുന്നു, ഇനിയും മാറും. ഭൂമിയിലെ ചൂട് കൂടുന്നത് മാത്രമല്ല, ധ്രുവങ്ങളിലെ മഞ്ഞുരുകും, കടലിലെ ജലനിരപ്പ് ഉയരും, മഴയുടെ തീവ്രത കൂടും, കൊടുങ്കാറ്റുകളുടെ എണ്ണവും ശക്തിയും വർദ്ധിക്കും, മുൻപ് കാറ്റും മഴയും ഇല്ലാത്തിടത്ത് അതുണ്ടാകും. ഒന്നും ചെയ്യാതിരുന്നാൽ അൻപത് വർഷത്തിനകം ഭൂമിയിൽ ഇന്നത്തെ പോലെയുള്ള മനുഷ്യവാസം ദുഃസ്സഹമാകും. ഓരോ തവണയും ഇക്കാര്യം പറയുമ്പോൾ ശാസ്ത്രജ്ഞന്മാർക്ക് അവരുടെ വാക്കുകളിലും മോഡലുകളിലും വിശ്വാസം കൂടിവരുന്നു.

മുപ്പത് വർഷത്തെ മുന്നറിയിപ്പുണ്ടായിട്ടും ഇക്കാര്യത്തിൽ വേണ്ടത്ര മുൻകരുതലുകൾ മനുഷ്യൻ എടുത്തിട്ടില്ല. ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെല്ലാം മുന്നോട്ട് നീട്ടിവെക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം പഠിച്ച ശാസ്ത്രജ്ഞന്മാരുടെ ആദ്യത്തെ തലമുറ റിട്ടയർ ചെയ്തുകഴിഞ്ഞു. ക്യോട്ടോ ഉടമ്പടി നെഗോഷിയേറ്റ് ചെയ്ത നയതന്ത്ര വിദഗ്ദ്ധർ വീട്ടിലിരിപ്പായി. ഭൂരിഭാഗം ലോകത്തും അന്നത്തെ നേതൃത്വത്തിൻറെ അടുത്ത തലമുറയാണ് ഇപ്പോൾ ഭരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനകൾ മുറ്റത്തെത്തി. എന്നാലും നയപരമായ തീരുമാനങ്ങളിലും കർമ്മ പദ്ധതികളിലും ലോകം പുറകിൽ തന്നെ.

publive-image

കേരളത്തിലെ സ്ഥിതി ഇതിലും കഷ്ടമാണ്. 1980 കളിൽ കാലാവസ്ഥാവ്യതിയാനം എന്നത് തട്ടിപ്പാണെന്ന ചിന്തയായിരുന്നു ഭൂരിപക്ഷത്തിന്റെയും. തൊണ്ണൂറുകൾ ആയപ്പോഴേക്കും കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കിയത് വികസിത രാജ്യങ്ങളായതിനാൽ അതിന് പ്രതിവിധിയും അവർ തന്നെ ചെയ്യട്ടെ എന്ന രീതിയിലായി. 2008 ൽ

കോപ്പൻ ഹേഗനിൽ എത്തിയപ്പോൾ ഇന്ത്യക്ക് ആകുന്നതൊക്കെ ചെയ്യാമെന്ന് സമ്മതിച്ചെങ്കിലും അതൊക്കെ ‘കേന്ദ്ര വിഷയമാണ്’ എന്ന മട്ടിലായിരുന്നു നമ്മുടെ സമീപനം.

കേരളത്തിൽ ഒരു ക്ലൈമറ്റ് ചേഞ്ച് ആക്ഷൻ പ്ലാൻ ഉണ്ടായത് 2013 ലാണ്. അതുതന്നെ നമ്മുടെ വികസനത്തിന്റെ പുറത്ത് കുറച്ച് പണം ആരെങ്കിലും തന്നാൽ കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാൻ എന്തെങ്കിലും ചെയ്യാമെന്ന മട്ടിലുള്ളതായിരുന്നു. 2015 ൽ പോലും കാലാവസ്ഥാവ്യതിയാനവും നഗരങ്ങളും എന്ന വിഷയത്തിൽ മേയർമാർക്കും നഗരസഭാ മേധാവികൾക്കും നടത്തിയ ക്ലാസിൽ ഒരു ജനപ്രതിനിധി പോലും പങ്കെടുത്തില്ല എന്ന കാര്യം ഞാനൊരിക്കൽ പറഞ്ഞിരുന്നു.

അവർക്കൊന്നും കാലാവസ്ഥാവ്യതിയാനം ഇന്നിന്റെ പ്രശ്നമല്ല. നാട്ടിലെ മീഞ്ചന്തയെ പറ്റിയുള്ള ചർച്ചയായിരുന്നെങ്കിൽ എല്ലാവരും ഹാജർ ആയേനെ. കാലാവസ്ഥ വ്യതിയാനം അടുത്ത തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന പ്രശ്നം അല്ല. അതിനപ്പുറം പ്രളയമാണെങ്കിൽ അവർക്ക് എന്ത് പ്രശ്‌നം?

publive-image

കാലാവസ്ഥാ വ്യതിയാനം നാളത്തെ പ്രശ്നമല്ല. അതിന്നലെ തന്നെ നമ്മുടെ അടുത്തെത്തിയിരുന്നു. ഇന്ന് നമ്മുടെ ചുറ്റുമുണ്ടെന്ന് ഓരോ വർഷം കഴിയുന്തോറും നമ്മൾ അറിയുകയാണ്. സമീപകാല മനുഷ്യ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ പത്തു വർഷങ്ങളിൽ ഒൻപതും 2001 നു ശേഷമുള്ള പതിനഞ്ചു വർഷത്തിലാണ്.

ഉത്തര ധ്രുവത്തിലെ ഐസുരുകി മഞ്ഞുകാലത്ത് അവിടെ കൊമേർഷ്യൽ കപ്പൽ ഗതാഗതം സാധ്യമായിരിക്കുന്നു, ആസ്‌ട്രേലിയ മുതൽ ഗ്രീസ് വരെയുള്ള ഇടങ്ങളിൽ വേനൽക്കാലത്ത് കാട്ടുതീ നഗരങ്ങളെ വലക്കുന്നു, മുൻപ് കണ്ടിട്ടില്ലാത്ത പ്രാണികളും, മുൻപ് സാധ്യമല്ലാതിരുന്ന വിളകളും ഉത്തരാർദ്ധ ഗോളത്തിന്റെ മുകളിലുള്ള അക്ഷാംശ രേഖകളിലുള്ള രാജ്യങ്ങളിൽ എത്തിയിരിക്കുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ചുറ്റുമുണ്ട്.

2018 ഇതിനെയൊക്കെ കടത്തിവെട്ടുന്ന മട്ടാണ്. യൂറോപ്പിൽ ഇന്നേവരെ കണ്ടിട്ടില്ലാത്തത്രയും ചൂടുള്ള വേനൽക്കാലമാണ്, കേട്ടുകേൾവിയില്ലാത്തത്ര മഴയും വെള്ളപ്പൊക്കവും ജപ്പാനെ വട്ടം ചുറ്റിച്ചിരിക്കുന്നു. അമേരിക്കയിലെ ഹുറിക്കിൻ സീസൺ തുടങ്ങാനിരിക്കുന്നതേയുള്ളു. ഇതിൻറെയൊക്കെ സാമ്പത്തിക - സാമൂഹ്യ പ്രത്യാഘാതങ്ങളുടെ കണക്കെടുപ്പ് വരുന്നതേയുള്ളു.


വെള്ളത്തിന് പരന്നൊഴുകാനും കയറിക്കിടക്കാനും ഉണ്ടായിരുന്ന നദീതടങ്ങളും തണ്ണീർത്തടങ്ങളിലുമാണ് നമ്മൾ വീടും വികസനവും കൊണ്ടുവന്നിരിക്കുന്നത്. ഇതെല്ലാം ഒരിക്കൽ വെള്ളത്തിനടിയിലാകും, സംശയമില്ല

publive-image

2050 നകം കാലാവസ്ഥാവ്യതിയാനം കേരളത്തെ എടുത്തു കുലുക്കുമെന്ന് ഞാൻ പറഞ്ഞു തുടങ്ങിയിട്ട് വർഷങ്ങളായി. ഓരോ മഴക്കാലത്തും വരൾച്ചക്കാലത്തും ഞാനത് പറയും. വെള്ളപ്പൊക്ക സമയത്തും കാട്ടുതീ പടരുമ്പോഴും കുടിവെള്ള ക്ഷാമത്തിന്റെ സമയത്തും ജനം അത് ശ്രദ്ധിക്കും. പക്ഷെ, മഴ മാറിയാൽ, തീ അണഞ്ഞാൽ, കുടിവെള്ളം എത്തിയാൽ പിന്നെ കാലാവസ്ഥാവ്യതിയാനമൊന്നും ആളുകൾക്ക് ഒരു പ്രശ്നമല്ല. വീണ്ടും ജാതി-മതം-രാഷ്ട്രീയം ഒക്കെത്തന്നെ ചർച്ചാവിഷയം.

കുട്ടനാട്ടിൽ അടുത്തിടെയൊന്നും കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്കവും അതിനെ തുടർന്നുണ്ടായ ദുരിതവും ഒടുങ്ങി വരുന്നതേയുള്ളു. സത്യത്തിൽ കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ വെള്ളപ്പൊക്കമല്ല ഇത്. 1924 ലെ (കൊല്ലവർഷം 1099) വെള്ളപ്പൊക്കമാണ്. ഇനി കേരളത്തിൽ വരാൻ പോകുന്നത് അതിലും വലിയ വെള്ളപ്പൊക്കവും അതിന്റെ നൂറിരട്ടി നഷ്ടവുമാണ്.

കാരണം, 1924 ലേക്കാൾ അഞ്ചിരട്ടി ആളുകളും നൂറിരട്ടി സമ്പാദ്യവും ഇന്ന് മലയാളിക്കുണ്ട്. ഏറെ ആളുകൾ വീട് വെച്ചിരിക്കുന്നത് വെള്ളം പൊങ്ങുന്ന ഇടങ്ങളിലാണ്. വെള്ളത്തിന് പരന്നൊഴുകാനും കയറിക്കിടക്കാനും ഉണ്ടായിരുന്ന നദീതടങ്ങളും തണ്ണീർത്തടങ്ങളിലുമാണ് നമ്മൾ വീടും വികസനവും കൊണ്ടുവന്നിരിക്കുന്നത്. ഇതെല്ലാം ഒരിക്കൽ വെള്ളത്തിനടിയിലാകും, സംശയമില്ല… പുലി വരുന്നേ എന്ന് പേടിപ്പിച്ച കുട്ടിയേ പോലെയാണ് ഇപ്പോഴത്തെ എന്റെ സ്ഥിതി.

കാലങ്ങളായി ഞാൻ ഇത് പറഞ്ഞുതുടങ്ങിയിട്ട്. ഇപ്പോൾ ആരും മൈൻഡ് ചെയ്യാതെ ആയി. ഒന്നോർക്കുക… ആ പുലിക്കഥയിലും അവസാനം ഒരു പുലി വരികയും നാശമുണ്ടാക്കുകയും ചെയ്തു. തൊണ്ണൂറ്റി ഒന്‍പതിലേ പുലി തിരിച്ചു വരുമ്പോൾ തിന്നാൻ ഞാൻ അവിടെ ഉണ്ടാവില്ല, നിങ്ങൾ കാണും. ശ്രദ്ധിച്ചാൽ നല്ലത്.


പരിസ്ഥിതിയെ അറിഞ്ഞു, പരിസ്ഥിതിയോടൊപ്പം നിന്നും ജീവിക്കാൻ പഠിച്ചില്ലെങ്കിൽ 2050 ആകുമ്പോൾ പ്രകൃതിയുടെ നിയന്ത്രണം മനുഷ്യൻറെ കൈയിൽ നിന്നും നഷ്ടപ്പെടും. അന്ന് നമ്മൾ ഉണ്ടാക്കിവെച്ച സ്വന്തം സൗകര്യങ്ങളൊന്നും ഉപയോഗിക്കാൻ പറ്റാതെ വരും

publive-image

കാലാവസ്ഥയിലെ നേരിയ മാറ്റങ്ങൾ കൊണ്ടുപോലും തീർത്തും മനുഷ്യവാസയോഗ്യമല്ലാതായിത്തീരാവുന്ന പരിസ്ഥിതിലോലമായ ഒരു ചെറിയ ഹരിത പ്രദേശമാണ് കേരളം. ഇതിനെ വാർഡായും പഞ്ചായത്തായും തിരിച്ചു പരിസ്ഥിതി ലോലവും അല്ലാത്തതും ഒക്കെയാക്കി സംരക്ഷിക്കാൻ പറ്റില്ല. പശ്ചിമ ഘട്ടത്തിനും കടലിനും ഇടക്കുള്ള മൊത്തം ഭൂപ്രദേശത്തെ ഒന്നായി കണ്ടു വേണം നമ്മുടെ കാലാവസ്ഥ സംരക്ഷണ പദ്ധതികൾ തുടങ്ങാൻ.

അങ്ങനെ പരിസ്ഥിതിയെ അറിഞ്ഞു, പരിസ്ഥിതിയോടൊപ്പം നിന്നും ജീവിക്കാൻ പഠിച്ചില്ലെങ്കിൽ 2050 ആകുമ്പോൾ പ്രകൃതിയുടെ നിയന്ത്രണം മനുഷ്യൻറെ കൈയിൽ നിന്നും നഷ്ടപ്പെടും. അന്ന് നമ്മൾ ഉണ്ടാക്കിവെച്ച സ്വന്തം സൗകര്യങ്ങളൊന്നും ഉപയോഗിക്കാൻ പറ്റാതെ വരും. 2050 - ലേക്ക് ഇനി 32 വർഷമേ ദൂരമുള്ളു. അതായത് 1986 ൽ നിന്നും ഇന്നിലേക്കുള്ള ദൂരം. ഞാൻ എഞ്ചിനീയറിംഗ് പാസായ ആ വർഷം ഇന്നലത്തേ പോലെ ഓർമ്മയിലുണ്ട്. നിങ്ങളും ആലോചിച്ചു നോക്കൂ.

കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർഥ്യമാണെന്നതിൽ ഇനി ചർച്ചയൊന്നും വേണ്ട. അതിന് ഉത്തരവാദികൾ വികസിത രാജ്യങ്ങളാണോ അതിനെതിരെ നയങ്ങളുണ്ടാക്കുന്നത് കേന്ദ്രമാണോ എന്നൊക്കെ ചർച്ച ചെയ്യേണ്ട കാലവും കഴിഞ്ഞു. ജലവിഭവം മുതൽ ആരോഗ്യം, കൃഷി, ടൂറിസം, പൊതുമരാമത്ത്, തീരദേശ സംരക്ഷണം വരെയുള്ള നമ്മുടെ ജീവിതത്തിന്റെ ഓരോ ഭാഗത്തെയും കാലാവസ്ഥാവ്യതിയാനം ബാധിച്ചു കൊണ്ടിരിക്കുകയാണ്.

ഈ വിഭാഗങ്ങളിൽ നമ്മൾ ഇപ്പോൾ ചെയ്യുന്നത് പോലെ കാര്യങ്ങൾ ചെയ്തിട്ട് കേന്ദ്രത്തിൽ നിന്നോ ലോകബാങ്കിൽ നിന്നോ പണം കിട്ടിയാൽ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാം എന്ന ചിന്ത ഉപേക്ഷിക്കുക.

ഒരുകാര്യം പറയട്ടെ. കാലാവസ്ഥ വ്യതിയാനത്തെ പറ്റി ചിന്തയും അറിയാൻ താല്പര്യവും ഉള്ള ഒരു ഭരണ നേതൃത്വം ആണിപ്പോൾ കേരളത്തിൽ ഉള്ളത്. കഴിഞ്ഞ ആഗസ്റ്റിൽ നമ്മുടെ നിയമസഭാ സാമാജികർക്ക് വേണ്ടി ഞാൻ നടത്തിയ പ്രഭാഷണം കേൾക്കാൻ മുഖ്യമന്ത്രി ഉൾപ്പടെ ഉളള മന്ത്രിമാരും പകുതിയിലധികം എം എൽ എ മാരും രണ്ടര മണിക്കൂർ ചിലവഴിച്ച കാര്യം ഞാൻ പറഞ്ഞിരുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും, എന്തിന് പാർലിമെന്റിൽ പോലും ഇങ്ങനെ ഒന്നുണ്ടായതായി ഞാൻ കേട്ടിട്ടില്ല.

അപ്പോൾ നേതൃത്വത്തിന്റെ താല്പര്യം അല്ല പ്രധാന പ്രശ്നം, പൊതുജനങ്ങൾക്ക് ഇപ്പോഴും ഇതൊരു വിഷയം ആയി തോന്നിയിട്ടില്ല, അങ്ങനെ ആകുന്നത് വരെ ഇതൊരു ഇലക്ഷൻ വിഷയം ആകില്ല, അത് സംഭവിക്കുന്നത് വരെ രാഷ്ട്രീയക്കാർ ഈ വിഷയത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കില്ല. ഇത് കാലാവസ്ഥ വ്യതിയാനം ആണെങ്കിലും കുടിയേറ്റം ആണെങ്കിലും ഖരമാലിന്യ നിർമ്മാർജ്ജനം ആണെങ്കിലും ഒരുപോലെയാണ്.

publive-image

പക്ഷെ ബഹുഭൂരിപക്ഷം മലയാളികൾക്കും കാലാവസ്ഥ വ്യതിയാനം ഇപ്പോഴും ഒരു പ്രധാന പ്രശ്നം അല്ല. കേരളത്തെ ബാധിക്കുന്ന അഞ്ചു പ്രധാന പ്രശ്നങ്ങളെ പറ്റി ചോദിച്ചാൽ തെരുവ് പട്ടികളുടെ ശല്യത്തിലും താഴെ ആയിരിക്കും കാലാവസ്ഥ വ്യതിയാനത്തിന്റെ സ്ഥാനം. ഇത് നാട്ടുകാരുടെ മാത്രം കുറ്റമല്ല. കഴിഞ്ഞ അഞ്ചു വർഷത്തെ അന്തി ചർച്ചകളിൽ എത്ര എണ്ണം കാലാവസ്ഥ വ്യതിയാനത്തെ പറ്റിയായിരുന്നു ?

രണ്ടായിരത്തി നാലിൽ ഞാൻ നോർവേയിൽ ഒരു ബുക്ക് ഷോപ്പിൽ പോയി, അന്ന് കാലാവസ്ഥ വ്യതിയാനത്തെ പറ്റി പത്തു പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. ഇന്ന് കേരളത്തിൽ ഒരു ബുക്ക് ഷോപ്പിൽ പോയാൽ കാലാവസ്ഥ വ്യതിയാനത്തെ പറ്റി എത്ര പുസ്തകം കാണും ?. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നിൽ ആണ് കാലാവസ്ഥ വ്യതിയാനം അടിസ്ഥാനമായ ആദ്യത്തെ ഹോളിവുഡ് ചിത്രം വരുന്നത്, അതിനു ശേഷം എത്രയോ വന്നു. എന്നാണ് കാലാവസ്ഥ വ്യതിയാനം അടിസ്ഥാനമായ മലയാള ചിത്രം വരുന്നത്. നമ്മൾ ഇപ്പോഴും നായികയോടൊപ്പം പാട്ടുപാടി നടക്കുകയാണ്.


നമ്മൾ പഠിച്ചാലും ഇല്ലെങ്കിലും, നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വികസിത രാജ്യങ്ങളിലെ ഉപഭോഗമാണ് കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കൂട്ടിയതെങ്കിലും അല്ലെങ്കിലും വെള്ളം പൊങ്ങാൻ പോകുന്നത് വാഷിങ്ങ്ടണിലോ ഡൽഹിയിലോ അല്ല, തിരുവന്തപുരത്തും എറണാകുളത്തും ആണ്. മൂന്നാറിലും വയനാട്ടിലും ആണ് മലയിടിയാൻ പോകുന്നത്,  

publive-image

കുട്ടനാട്ടിലും എറണാകുളത്തും ആണ് കടലിലെ ജലനിരപ്പുയരുമ്പോൾ വീടുകളാണ് വെള്ളത്തിലാകുന്നത്, ഏലത്തിന്റേയും തേയിലയുടെയും കൃഷിയാണ് അവതാളത്തിൽ ആകാൻ പോകുന്നത്, കാലാവസ്ഥാവ്യതിയാനം മാറ്റങ്ങൾ വരുത്തുകയാണ്. അപ്പോൾ കേരളത്തിലെ ഓരോ വീടുകളും ഗ്രാമങ്ങളും നഗരങ്ങളും സംസ്ഥാനവും കാലാവസ്ഥ വ്യതിയാനത്തിന് തയ്യാറെടുത്തേ പറ്റൂ.

അപ്പോൾ അടുത്ത മുപ്പത് വർഷത്തിൽ ഏത് മാറ്റമാണ് നമുക്ക് ചുറ്റും വരാൻ പോകുന്നതെന്ന് ആദ്യം മനസിലാക്കാൻ ശ്രമിക്കുക. വികസന പദ്ധതികളുടെ മുകളിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്ലാസ്റ്റർ ഒട്ടിക്കുകയല്ല, മറിച്ചു കാലാവസ്ഥ മാറുമെന്നറിഞ്ഞു വേണം വികസനം ചിന്തിക്കാൻ. അപ്പോൾ റോഡിന്റെ അലൈൻമെന്റ് മുതൽ കൃഷിയുടെ രീതികൾ വരെ മാറ്റേണ്ടി വരും.

ചിലയിടങ്ങളിൽ വീടുവെക്കുന്നത് നിരോധിക്കേണ്ടി വരും. ധാരാളം സ്ഥലം വെള്ളത്തിന് കരകവിഞ്ഞൊഴുകാൻ മാറ്റിയിടേണ്ടി വരും. പല ഭാഗങ്ങളിലും വീടുകൾ നിരോധിക്കേണ്ടി വരും. കടൽ കയറുമെന്നും വെള്ളത്തെ പിടിച്ചുനിർത്താൻ ആവില്ലെന്നും അംഗീകരിക്കേണ്ടി വരും. ഇതെല്ലാം മനുഷ്യനെ പറഞ്ഞ് മനസ്സിലാക്കേണ്ടി വരും.

കഴിഞ്ഞ തലമുറ കാലാവസ്ഥാവ്യതിയാനത്തെ അവഗണിച്ചു. അതു കൊണ്ടാണിതിപ്പോൾ നമ്മുടെ തലയിലായത്. ഇപ്പോൾ തന്നെ കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഉള്ള യുദ്ധം മനുഷ്യർ തോൽക്കുന്നു എന്നാണ് എക്കൊണോമിസ്റ്റ് പറയുന്നത്. തോറ്റോടിയ തലമുറ എന്നായിരിക്കുമോ ? അടുത്ത തലമുറ നമ്മളെ വിശേഷിപ്പിക്കുക ?

mazha flood thummarukudy
Advertisment