Advertisment

ഒടുവില്‍ പ്രതിപക്ഷം ക്രിയാത്മകം ! പുതിയ പ്രതിപക്ഷ നേതാവിന്റെ കീഴില്‍ പുതിയ സമരമുറകള്‍ പരീക്ഷിച്ച് പ്രതിപക്ഷം. കരുവന്നൂര്‍ മുതല്‍ നിയമസഭാ കയ്യാങ്കളി വരെ അടിയന്തര പ്രമേയമൊന്നും ചര്‍ച്ചയായില്ല. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ വീഴ്ചയെണ്ണിയെണ്ണി പറഞ്ഞ് പ്രതിപക്ഷ നേതാവ് ! നിയമസഭാ കയ്യാങ്കളികേസിലെ സുപ്രീംകോടതി വിധിക്കുപിന്നാലെ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം ! മുഖ്യമന്ത്രിയുടെ വാദങ്ങളുടെ മുനയൊടിച്ച് പ്രതിപക്ഷ നേതാവിന്റെ കൗണ്ടര്‍. സത്യം തുറന്നു പറഞ്ഞ കെകെ ഷൈലജ ടീച്ചര്‍ക്ക് വരാനിരിക്കുന്നത് ആശ്വാസമോ ? പ്രസംഗ പരിശീലന കളരിയാകുന്ന ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ ! പോയവാരം നിയമസഭയില്‍ നടന്നത്

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം തങ്ങളുടെ ക്രിയാത്മകത ഉയര്‍ത്തിപ്പിടിച്ച ദിവസങ്ങളായിരുന്നു സഭാ സമ്മേളനത്തിന്റെ ആദ്യ നാളുകള്‍. എന്നാല്‍ പോയവാരം സര്‍ക്കാരിന്റെ നടപടികള്‍ പ്രതിപക്ഷത്തെ ശൗര്യത്തിലാക്കി. നിയമസഭാ ബഹിഷ്‌കരണമടക്കമുള്ള നടപടികളും പോയവാരം കാണാനായി.

കരുവന്നൂര്‍ തട്ടിപ്പുമുതല്‍ നിയമസഭാ കയ്യാങ്കളിവരെയുള്ള വിഷയങ്ങള്‍ അടിയന്തര പ്രമേയമായി സഭയില്‍ നിറഞ്ഞാടിയപ്പോള്‍ സ്‌കോര്‍ ചെയ്തത്് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെയാണെന്നു നിസംശയം പറയാം. മുഖ്യമന്ത്രിക്ക് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി പറയുന്ന പ്രതിപക്ഷ നേതാവിനെയും പോയവാരത്തില്‍ കാണാന്‍ കഴിഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അടിയന്തര പ്രമേയമായി എത്തിയപ്പോള്‍ പക്ഷേ ഭരണ-പ്രതിപക്ഷ സഹകരണം വ്യക്തമായിരുന്നു. ഓരോ സഹകരണ ബാങ്കും ഇരുവിഭാഗത്തിന്റെയും നിയന്ത്രണത്തിലായതിനാല്‍ പരസ്പര സഹായസംഘം പോലെ തട്ടിപ്പു ന്യായീകരണത്തിന്റെ വേദിയായി നിയമസഭ മാറി. കരുവന്നൂര്‍ വിട്ട് കൊടകരയിലെത്തിയപ്പോഴേക്കും കാര്യങ്ങള്‍ മാറി മറിഞ്ഞു.

ആരോപണ-പ്രത്യാരോപണങ്ങളായിരുന്നു കൊടകരയില്‍ ഇരുവിഭാഗവും നടത്തിയത്. ബിജെപിയെ വഴിവിട്ട് സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അതിന്റെ ഫലമായി സ്വര്‍ണക്കടത്ത് കേസ് സെറ്റിലായെന്നും പ്രതിപക്ഷം പറഞ്ഞു വച്ചു. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായുള്ള വാക്‌പോരിനും സഭ പലവട്ടം സാക്ഷ്യം വഹിച്ചു.

കോവിഡ് പ്രതിസന്ധി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി നല്‍കിയ അടിയന്തര പ്രമേയ നോട്ടസിന്റെ സ്ഥിതിയും വ്യത്യസ്തമായില്ല. വിഷയം കോവിഡായതിനാല്‍ ചര്‍ച്ച നടക്കുമെന്നൊക്കെ പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. രാമനാട്ടുകര സ്വര്‍ണക്കടത്തുകേസും ശിവന്‍കുട്ടി ഉള്‍പ്പെട്ട നിയമസഭാ കയ്യാങ്കളികേസും അടുത്ത ദിവസങ്ങളിലായി സഭയിലെത്തി.

സഭാ സമ്മേളനം ഈയാഴ്ചയവസാനിക്കുമ്പോള്‍ അത്ര ശുഭകരമല്ല കാര്യങ്ങള്‍. ഈ സഭയുടെ ആദ്യ ദിവസങ്ങളില്‍ സര്‍ക്കാരുമായി സഹകരിച്ച പ്രതിപക്ഷം കാര്യങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നു. ചോദ്യോത്തര വേളയടക്കം ബഹിഷ്‌കരിക്കേണ്ട സ്ഥിതിയിലേക്കാണ് നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധി പ്രതിപക്ഷത്തെ എത്തിച്ചത്. വരും ദിനങ്ങളും വ്യത്യസ്തമാകില്ലെന്ന സൂചന പ്രതിപക്ഷം നല്‍കുന്നു.

ഒരുപിടി നല്ല പ്രാസംഗികര്‍ സഭയിലുണ്ടെന്നു തെളിയിക്കുന്നതാണ് ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍. എല്ലാം കവല പ്രസംഗമായെങ്കിലും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് കേട്ടുപഠിക്കാന്‍ പ്രസംഗം ഉപകരിക്കും. പുതുമുഖ അംഗങ്ങളും കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നത് ശുഭകരമാണ്.

പോയവാരം സഭയിലെ താരം പ്രതിപക്ഷ നേതാവ് വിഡി സതീശനെന്നു കൃത്യമായി വിലയിരുത്താം. മുഖ്യമന്ത്രി പതിവ് ശൈലിയില്‍ കടന്നാക്രമണം നടത്തുമ്പോള്‍ കുറിക്കുകൊള്ളുന്ന മറുപടിതന്നെയാണ് സതീശന്‍ നല്‍കിയത്. വിഷയങ്ങളെ കൃത്യമായി പഠിച്ചു തന്നെ അവതരിപ്പിക്കുന്ന ശൈലിതന്നെയാണ് സതീശന്റേത്.

കോവിഡ് മരണനിരക്കിലെ ചില കള്ളക്കളികള്‍ പുറത്തുകൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞു എന്നത് സത്യമാണ്. കൊടകര കുഴല്‍പണ കേസില്‍ കേസിന്റെ മെറിറ്റനുസരിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആദ്യനാള്‍ മുതല്‍ വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് ബിജെപി ഏജന്റെന്നു വിളിപ്പിച്ചവരെകൊണ്ട് തന്നെ തിരുത്തി പറയിപ്പിക്കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ മിടുക്ക് തന്നെ.

നിയമസഭാ കയ്യാങ്കളി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വാങ്ങളെ പൊളിച്ചടുക്കിയ പ്രതിപക്ഷ നേതാവിനെ കണ്ടാണ് ഈയാഴ്ചത്തെ സഭാ സമ്മേളനം അവസാനിച്ചത്. വിഷയത്തിന്റെ പ്രാധാന്യമനുസരിച്ച് സര്‍ക്കാരിന് ഒപ്പം നില്‍ക്കുമ്പോഴും മുഖ്യമന്ത്രിയും സര്‍ക്കാരും പറയുന്നതെല്ലാം അതേപടി വിഴുങ്ങാന്‍ പ്രതിപക്ഷം തയ്യാറല്ലെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.

ഈയാഴ്ചയവസാനിക്കുമ്പോള്‍ പറയാതെ പോകാതിരിക്കാനാവത്ത ഒരു തിരിച്ചറിവുണ്ട്. പഴയ ആരോഗ്യമന്ത്രി കെകെ ഷൈലജയുടേതാണ് ഈ തിരിച്ചറിവ്. കോവിഡ് മൂലം സാധാരണക്കാര്‍ പ്രതിസന്ധിയിലാണെന്നാണ് അവര്‍ പറഞ്ഞുവച്ചത്.

സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോള്‍ പറയാനാത്ത കാര്യം പുറത്തെത്തിയപ്പോള്‍ അവര്‍ കൃത്യമായി പറഞ്ഞു വച്ചു. എന്തായാലും സര്‍ക്കാരിനെതിരെ വിമര്‍ശനം പറയാതെ പറഞ്ഞ ഷൈലജ ടീച്ചറുടെ ഭാവിയെന്താകുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. പക്ഷേ മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ ചൊല്ല്..അതേ ടീച്ചര്‍ കഴിഞ്ഞാണ് ദൈവം !

vd satheesan
Advertisment