Advertisment

പുതിയ നിയന്ത്രണം വന്നാല്‍ വാട്ട്സ്ആപ്പ് ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ദില്ലി: കേന്ദ്രത്തിന്‍റെ പുതിയ സോഷ്യല്‍ മീഡിയ നിയന്ത്രണം നിലവില്‍ വന്നാല്‍ വാട്ട്സ്ആപ്പിന് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ് ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ് ഒരു ദേശീയ മാധ്യമത്തോട് ഇത് വ്യക്തമാക്കിയത്. ഇന്ത്യയില്‍ മാത്രം ദിവസം 200 ദശലക്ഷം സജീവ ഉപയോക്താക്കളുള്ള സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. ആഗോളതലത്തില്‍ വാട്ട്സ്ആപ്പിന് ഇത് 1.5 ശതകോടിയാണ്.

ഇന്ത്യയില്‍ അടുത്തതായി വരാന്‍ പോകുന്ന നിയന്ത്രണങ്ങള്‍ വാട്ട്സ്ആപ്പിലെ സന്ദേശങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കുന്നതാണ് എന്നാണ് വാട്ട്സ്ആപ്പ് ഹെഡ് ഓഫ് കമ്യൂണിക്കേഷന്‍ കാള്‍ വൂഗ് ദില്ലിയില്‍ പറഞ്ഞത്. ഒരു ഉപയോക്താവ് ഒരു സന്ദേശം അയച്ചാല്‍ അത് സ്വീകരിക്കുന്നയാള്‍ക്ക് മാത്രം അത് കാണാന്‍ സാധിക്കുന്ന എന്‍‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ തങ്ങളുടെ സേവനത്തില്‍ ഉള്‍പ്പെടുത്തിയ ആപ്പാണ് വാട്ട്സ്ആപ്പ്. ഈ ഫീച്ചര്‍ ഇല്ലാതാക്കുന്നതാണ് പുതിയ വരാന്‍ പോകുന്ന നിയന്ത്രണം. എന്‍‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ലാത്ത വാട്ട്സ്ആപ്പ് തീര്‍ത്തും മറ്റൊരു പ്രോഡക്ടായി മാറും എന്നാണ് വാട്ട്സ്ആപ്പ് അധികൃതര്‍ പറയുന്നത്.

അതിനാല്‍ തന്നെ ഇന്നത്തെ രൂപത്തില്‍ വാട്ട്സ്ആപ്പിന് പുതിയ നിയന്ത്രണങ്ങള്‍ വന്നാല്‍ ഇന്ത്യയില്‍ തുടരാന്‍ സാധിക്കില്ലെന്ന് വാട്ട്സ്ആപ്പ് തന്നെ വ്യക്തമാക്കുന്നു. വിപുലമായ അഴിച്ചുപണി വാട്ട്സ്ആപ്പിന്‍റെ ഘടനയില്‍ തന്നെ വേണം. അത് ഇന്ത്യയില്‍ മാത്രമായി നടക്കുമോ എന്നും പറയാന്‍ പറ്റില്ല. കേന്ദ്ര ഐടി മന്ത്രാലയം ഉടന്‍ ഇറക്കാനിരിക്കുന്ന സോഷ്യല്‍ മീഡിയ നിയന്ത്രണത്തിനുള്ള കരടില്‍ എന്‍‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സോഷ്യല്‍ മീഡിയ വഴി പരക്കുന്ന തെറ്റായ വിവരങ്ങള്‍ തടയാനും, അത് മൂലം ഉണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ തടയാനും വലിയ പ്രയാസം ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്.

എന്നാല്‍ എന്‍‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നിരോധിക്കേണ്ട കാര്യമില്ലെന്നും തങ്ങള്‍ പരമാവധി ഇത്തരം നീക്കങ്ങളുമായി സഹകരിക്കുന്നു എന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്. ഒരോ മാസവും 20 ലക്ഷത്തോളം അക്കൗണ്ടുകളെ ഞങ്ങള്‍ നിരോധിക്കാറുണ്ട്, ഏതാണ്ട് 20 ശതമാനം അക്കൗണ്ടുകള്‍ക്ക് റജിസ്ട്രേഷന്‍ പോലും നല്‍കാറില്ല. 70 ശതമാനം സ്പാം അക്കൗണ്ടുകള്‍ യൂസര്‍ റിപ്പോര്‍ട്ടിംഗ് ഇല്ലാതെ തന്നെ പൂട്ടി. വാട്ട്സ്ആപ്പ് ഹെഡ് ഓഫ് കമ്യൂണിക്കേഷന്‍ കാള്‍ വൂഗ് ദില്ലിയില്‍ വ്യക്തമാക്കി.

Advertisment