Advertisment

എന്റെ പേരും അര്‍ജുന പുരസ്‌കാര പട്ടികയില്‍ കാണണമെന്ന് ഞാനും ആഗ്രഹിക്കുന്നു; ഇതിനായി ഏതു മെഡലാണ് ഞാന്‍ രാജ്യത്തിന് വേണ്ടി നേടേണ്ടത്; അര്‍ജുന പുരസ്‌കാര പട്ടികയില്‍ നിന്ന് തഴഞ്ഞതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് സാക്ഷി മാലിക്‌

New Update

publive-image

Advertisment

ന്യൂഡൽഹി: അർജുന പുരസ്കാരത്തിനുള്ള പട്ടികയിൽ നിന്ന് കേന്ദ്ര കായികമന്ത്രാലയം തഴഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കായികമന്ത്രി കിരൺ റിജിജുവിനും കത്തയച്ച് ഗുസ്തി താരം സാക്ഷി മാലിക്ക്. അർജുന പുരസ്കാരം നേടാൻ താൻ ഇനി രാജ്യത്തിനായി ഏതു മെഡലാണ് നേടേണ്ടതെന്ന് സാക്ഷി ചോദിക്കുന്നു.

നേടാവുന്ന പരമാവധി മെഡലുകളും പുരസ്കാരങ്ങളും സ്വപ്നം കണ്ടാണ് ഏതൊരു കായികതാരവും മുന്നോട്ടു പോകുന്നതെന്ന് സാക്ഷി പറയുന്നു. ഇനി അർജുന പുരസ്കാരം കൂടി ലഭിക്കാൻ താൻ ഏതു മെഡലാണ് ഇന്ത്യയ്ക്കായി നേടേണ്ടതെന്നാണ് ഇരുവരോടുമുള്ള സാക്ഷിയുടെ ആദ്യ ചോദ്യം. തന്റെ ഗുസ്തി കരിയറിൽ ഇനി അർജുന പുരസ്കാരം ലഭിക്കാനുള്ള സാധ്യത അവശേഷിക്കുന്നുണ്ടോയെന്നും സാക്ഷി ചോദിക്കുന്നു.

മുമ്പ് ഖേൽരത്ന പുരസ്കാരം ലഭിച്ചതിനാൽ സാക്ഷിക്കും ഭാരോദ്വഹനത്തിൽ ലോകചാമ്പ്യനായ മീരാബായ് ചാനുവിനും ഇത്തവണ അർജുന നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയവരെ അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്യുന്നതിലെ അസ്വാഭാവികത പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

Advertisment