Advertisment

കണക്കുകള്‍ കൂട്ടിയും കിഴിച്ചും കഴിയുമ്പോള്‍ ആത്മവിശ്വാസ ചോര്‍ച്ച ആര്‍ക്ക് ? പ്രതീക്ഷയാര്‍ക്ക് ! യുഡിഎഫിന്‍റെ പ്രതീക്ഷയായ ഈ 3 കാരണങ്ങള്‍ക്ക് ഇടതിന്‍റെ പ്രതീക്ഷയായ ആ 2 കാര്യങ്ങളെ കടത്തിവെട്ടാനാകുമോ ? മെയ് രണ്ടിന് എന്തു സംഭവിക്കുമെന്ന നിരീക്ഷകരുടെ കണക്കുകൂട്ടല്‍ ഇങ്ങനെ !

New Update

publive-image

Advertisment

തിരുവനന്തപുരം: വോട്ടെണ്ണലിന് ഇനിയും രണ്ടര ആഴ്ചകള്‍കൂടി ശേഷിക്കെ കണക്കുകള്‍ കൂട്ടിയും കിഴിച്ചുമുള്ള പരിശോധനകളിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും മുന്നണികളും. തെരഞ്ഞെടുപ്പിന് ശേഷമാണ് അടിയൊഴുക്കുകള്‍ കൂടുതല്‍ വ്യക്തമാകുക. അത്തരം വിലയിരുത്തലുകള്‍ക്കു ശേഷവും ആര്‍ക്കാണ് കേരളത്തില്‍ ആത്മവിശ്വാസക്കുറവും വര്‍ധനവും ഉണ്ടായതെന്ന് ചോദിച്ചാല്‍ ഉത്തരം വ്യക്തമാണ് - ആത്മവിശ്വാസം കൂടുതല്‍ യുഡിഎഫിനുതന്നെ.

മൂന്ന് കാര്യങ്ങളിലാണ് യുഡിഎഫിന് ആത്മവിശ്വാസത്തില്‍ കരുത്ത് വര്‍ധിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുണ്ടായ ആഴക്കടല്‍ കരാര്‍ വിവാദം, വോട്ട് ഇരട്ടിപ്പ്, ശബരിമല ഇഫക്ട് എന്നിവയിലാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകളും ഇതു തന്നെയാണ്. ഈ മൂന്നു കാരണങ്ങള്‍ക്ക് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷയായ കിറ്റ്, പെന്‍ഷന്‍ വിതരണം എന്നിവയെ കടത്തിവെട്ടാനായാല്‍ ഇന്നേയ്ക്ക് ഒരു മാസത്തിനപ്പുറം കേരളം യുഡിഎഫ് ഭരിക്കും.

ബിജെപിക്കുപോലും മനസറിവില്ലാതെ ബിജെപി അനുഭാവ വോട്ടുകള്‍ മണ്ഡലം ഒന്നിന് ശരാശരി ആറായിരത്തോളം വീതം ഇടതുപക്ഷത്തിനെതിരായി യുഡിഎഫിന് വീണിട്ടുണ്ടെന്നാണ് പ്രധാന വിലയിരുത്തല്‍. തീരദേശ മണ്ഡലങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഇടതുമുന്നണിക്ക് എതിരായി വോട്ടായി മാറിയിട്ടുണ്ടെന്ന വിലയിരുത്തലും നിലനില്‍ക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പിണറായി സര്‍ക്കാരിന്‍റെ ഗ്രാഫ് മേല്‍പോട്ട് ഉയര്‍ന്നിരുന്നുവെങ്കില്‍ പിന്‍വാതില്‍ നിയമന വിവാദവും പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരവും രണ്ടാം ഘട്ടം പിന്നിട്ടപ്പോള്‍ സര്‍ക്കാരിന്‍റെ ഗ്രാഫ് താഴാന്‍ തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പുറത്തുവന്ന ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സര്‍ക്കാരിന്‍റെ ശോഭ കെടുത്തി. അതില്‍നിന്നും പിടിച്ചുകയറാനാകാതെ ഇടതുപക്ഷം മറ്റുതന്ത്രങ്ങള്‍ മെനയുന്നതിനിടയിലാണ് ഇരട്ടവോട്ട് വിവാദം.

ഇതിനൊക്കെ ഇടയില്‍ ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തിന്‍റെ നയങ്ങളില്‍ മാറ്റമില്ലെന്ന സീതാറാം യെച്ചുരിയുടെ പ്രസ്താവന പുറത്തുവന്നതോടെ വിശ്വാസി സമൂഹത്തിനിടയില്‍ പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചാല്‍ ഉണ്ടാകുന്ന 'അപകടത്തെ' സംബന്ധിച്ച് ആശങ്ക വര്‍ധിച്ചു. ഇതോടെ കഴിഞ്ഞ നിയമസഭ, ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിലൊക്കെ ബിജെപിക്കനുകൂലമായി വോട്ട് ചെയ്തിരുന്ന താമര അനുഭാവികള്‍ പലരും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പരസ്യ പ്രചരണങ്ങള്‍ക്കുപോലും രംഗത്തിറങ്ങുന്ന സാഹചര്യം ഉണ്ടായി.

ഇത്തരം അനുകൂല സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമായി രൂപപ്പെട്ടു വരുന്നതിനൊപ്പം രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സച്ചിന്‍ പൈലറ്റ്, ഡികെ ശിവകുമാര്‍ തുടങ്ങിയ കോണ്‍ഗ്രസിന്‍റെ താരപ്രചാരകര്‍ കേരളത്തില്‍ കളം നിറഞ്ഞാടി. ഇത് പെട്ടെന്ന് യുഡിഎഫ് ക്യാമ്പുകളെ ആവേശഭരിതരാക്കി.

നിരവധി ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ പുറത്തുവന്നിട്ടും സര്‍ക്കാര്‍ അതൊക്കെ തിരുത്തിയിട്ടും പലപ്പോഴും ഭരണകക്ഷി കുതന്ത്രങ്ങളിലും ആക്രമണങ്ങളിലും ശോഭിക്കാന്‍ കഴിയാതിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പൊളിറ്റിക്കല്‍ ഗ്രാഫ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഏറ്റവും ഹൈപ്പില്‍ വന്നതും കഴിഞ്ഞ 2 മാസങ്ങളിലാണ്.

തുടര്‍ച്ചയായ വിവാദങ്ങളിലൂടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് അദ്ദേഹം പുറത്തുവിട്ട ആഴക്കടല്‍, വോട്ട് ഇരട്ടിപ്പ് വിവാദങ്ങളിലൂടെ അദ്ദേഹത്തിന്‍റെ പ്രതിപക്ഷ നേതൃപാടവശേഷി ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞു. അതോടെ ചെന്നിത്തലയുടെ ഇമേജും മാറി.

മേല്‍പറഞ്ഞ വിവാദങ്ങള്‍ക്കു പിന്നാലെ സിപിഎമ്മിലെ സീറ്റ് വിഭജനം മുഖ്യമന്ത്രി പിണറായി വിജയന് വിനയാകുകയും ചെയ്തു. പാര്‍ട്ടിയെ നിഷ്പ്രഭമാക്കി പിണറായി സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും നിയന്ത്രണം കൈപ്പിടിയിലൊതുക്കിയത് സിപിഎമ്മില്‍ വ്യാപക അമര്‍ഷങ്ങളുണ്ടാക്കി.

മന്ത്രിമാരായ രവീന്ദ്രനാഥ്, തോമസ് ഐസക്, ജി സുധാകരന്‍, ഇപി ജയരാജന്‍ എന്നിവരെ മാറ്റി നിര്‍ത്തയത് അണികളില്‍ സംശയങ്ങളുയര്‍ത്തി. രാജു എബ്രാഹത്തെ പോലുള്ള എംഎല്‍എമാരെ മാറ്റി നിര്‍ത്തി ഘടകകക്ഷിക്ക് സിറ്റിംങ്ങ് സീറ്റ് നല്‍കിയതും പല മേഖലകളിലും അതൃപ്തിയുണ്ടാക്കി. കുറ്റ്യാടി പോലുള്ള മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ പാര്‍ട്ടി തീരുമാനത്തിനെതിരെ അണികള്‍ പരസ്യമായി തെരുവിലിറങ്ങി വെല്ലുവിളി ഉയര്‍ത്തി. പി ജയരാജന് സീറ്റ് നിഷേധിച്ചത് മലബാറില്‍ സിപിഎം അണികളില്‍ ഉണ്ടാക്കിയ അസ്വാരസ്യങ്ങള്‍ ചെറുതല്ല.

മുന്നണിക്ക് പുറത്ത് ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ശക്തമായ പിണറായി വിരോധം അലയടിക്കുന്നതിനിടയിലാണ് പാര്‍ട്ടിക്കുള്ളിലും പിണറായി വിരുദ്ധത മറനീക്കി പുറത്തുവന്നത്. അത് അദ്ദേഹം നയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണെന്നതാണ് ഗൗരവതരം. ഇടതുപക്ഷത്തെ സംബന്ധിച്ച് ഇതൊക്കെ തെരഞ്ഞെടുപ്പ് രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്നുറപ്പാണ്.

trivandrum news
Advertisment