Advertisment

നീലഗിരി, വയനാട് മേഖലയിലെ ജനങ്ങളുടെ പേടിസ്വപ്നമായ 'കൊലയാളി' ഒറ്റക്കൊമ്പൻ ശങ്കർ നിലമ്പൂർ വനമേഖലയിലെന്ന് സൂചന; തെരച്ചിൽ ആരംഭിച്ച് വനംവകുപ്പ്

New Update

മലപ്പുറം: നീലഗിരി, വയനാട് മേഖലയിലെ ജനങ്ങളുടെ പേടിസ്വപ്നമായ ഒറ്റക്കൊമ്പൻ ശങ്കർ എന്നു വിളിക്കുന്ന കാട്ടാന നിലമ്പൂർ വന മേഖലയിലെത്തിയെന്ന സംശയത്തിൽ അതീവ ജാഗ്രതയിൽ വനംവകുപ്പ്. വയനാടിനോട് ചേർന്ന് കിടക്കുന്ന മുണ്ടേരി ഉൾവന മേഖലയിൽ ആണ് ഒറ്റക്കൊമ്പനെ കണ്ടതായി വിവരം ലഭിച്ചിരിക്കുന്നത്. മുണ്ടേരി ഉൾവനത്തിൽ ഉള്ള ഇരുട്ടുകുത്തി, കുമ്പളപ്പാറ മേഖലയിൽ ആനയെ കണ്ടുവെന്നാണ് ആദിവാസികൾ പറയുന്നത്.

Advertisment

publive-image

നിബിഡ വന മേഖലയിൽ വെച്ച് ആനയെ മയക്കുവെടി വെച്ച് പിടികൂടുക എളുപ്പം അല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ആനയുണ്ടെന്ന് കരുതുന്ന ഈ മേഖലക്ക് 8 കിലോ മീറ്റർ അകലെയാണ് റോഡ്. രണ്ട് തവണ പുഴ കടന്ന് പോകണം. അതിന് ശേഷം കൊടും കാടാണ്. ഡ്രോൺ ഉപയോഗിച്ച് പോലും നിരീക്ഷണം നടത്താൻ ഇവിടെ സാധിക്കില്ല. തുറസായ സ്ഥലത്ത് വച്ച് മാത്രമേ ഡ്രോൺ ക്യാമറ വഴി ആനയെ തിരിച്ചറിയാൻ പറ്റൂ.

ആന മദപ്പാടിൽ ആണെന്ന് വനം വകുപ്പ് പറയുന്നു. അക്രമാസക്തനായ നിലയിലുള്ള ആനയുടെ അടുത്ത് പോകുക എളുപ്പം അല്ല. കുമ്പളപ്പാറ മേഖലയിൽ 15 ഓളം ആദിവാസി കുടുംബങ്ങൾ ആണ് ഉള്ളത്. ഇവരോട് ജാഗ്രത പാലിക്കാൻ വനംവകുപ്പ് നിർദേശം നൽകി. ചേരമ്പാടി ,കോട്ടമല , ഗ്ലെൻ റോക്ക് എസ്റ്റേറ്റ് വഴിയാണ് ഒറ്റയാൻ നിലമ്പൂർ വനത്തിലേക്ക് പ്രവേശിച്ചതായി കരുതുന്നത്. ഗൂഡല്ലൂർ ഡി എഫ് ഒ , നിലമ്പൂർ നോർത്ത് ഡി എഫ് എന്നിവരുടെ നേതൃത്വത്തിൽ സംഘമാണ് ആനയ്ക്കായി തിരച്ചിൽ നടത്തുന്നത്.

കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട്ടിലെ കൊളപ്പള്ളിക്കടുത്തുള്ള പുഞ്ചക്കൊല്ലി യിൽ വച്ച് രണ്ടുപേരെ ആന ചവിട്ടി കൊന്നത്. തമിഴ്നാട്ടിലെ പന്തല്ലൂർ താലൂക്കിൽ ഒരാഴ്ചയ്ക്കിടെ നാലു പേരെ ആന കൊലപ്പെടുത്തിയതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു.

wild elephant
Advertisment