Advertisment

സ്വിസ് പടയുടെ ജയം ബ്രസീലിനെയും ത്രിശങ്കുവിലാക്കി; നെയ്മറും സംഘവും നോക്കൗട്ട് കാണാതെ പുറത്താകുമോ?

New Update

സ്വിസ് പടയുടെ ജയം ബ്രസീലിനെയും ത്രിശങ്കുവിലാക്കി; നെയ്മറും സംഘവും നോക്കൗട്ട് കാണാതെ പുറത്താകുമോ?

Advertisment

കലിനിന്‍ഗ്രാഡ്: ഗ്രൂപ്പ് ഇ യില്‍ സെര്‍ബിയക്കെതിരായ പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലണ്ട് തകര്‍പ്പന്‍ ജയം നേടിയതോടെ ബ്രസീലിന്‍റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനവും തുലാസിലായി. വീറോടെ പൊരുതിയ സെര്‍ബിയയെ ഇഞ്ചുറി ടൈമില്‍ ഷാര്‍ദെന്‍ ഷാക്കിരിയുടെ ഗോളിലൂടെയാണ് സ്വിസ് പട വീഴ്ത്തിയത്.

ഇന്നത്തെ മത്സരം ജയിച്ചാല്‍ സെര്‍ബിയക്ക് നോക്കൗട്ടിലേക്ക് കുതിക്കാമായിരുന്നു. ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയെ മറുപടിയില്ലാത്ത ഒരു ഗോളിന് അവര്‍ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ സ്വിറ്റ്സര്‍ലണ്ട് ജയിച്ചുകയറിയതോടെ ഈ ഗ്രൂപ്പിലും മരണപോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

അവസാന റൗണ്ട് പോരാട്ടത്തില്‍ സെര്‍ബിയയും ബ്രസീലും തമ്മിലാണ് ഏറ്റുമുട്ടുക. ജയിക്കുന്നവര്‍ക്ക് രണ്ടാം റൗണ്ടിലേക്ക് മുന്നേറാം. ബ്രസീലിന് സമനിലയായാലും നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം സാധ്യമാക്കും. എന്നാല്‍ പരാജയപ്പെട്ടാല്‍ നെയ്മറും സംഘവും നാട്ടിലേക്ക് വണ്ടികയറേണ്ടിവരും.

ആദ്യ മത്സരത്തില്‍  ബ്രസീലിനെ സമനിലയില്‍ തളച്ച സ്വിസ് പടയ്ക്ക് അവസാന പോരാട്ടം ദുര്‍ബലരായ കോസ്റ്റാറിക്കയ്ക്കെതിരെയാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് അനായാസം നോക്കൗട്ടിലെത്താമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നാല് പോയിന്‍റുള്ള ബ്രസീലാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. നാല് പോയിന്‍റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായ സ്വിറ്റ്സര്‍ലാന്‍ഡ് രണ്ടാം സ്ഥാനത്തും മൂന്ന് പോയിന്‍റുള്ള സെര്‍ബിയ മൂന്നാം സ്ഥാനത്തുമാണ്.

നിര്‍ണായക പോരാട്ടത്തില്‍ അഞ്ചാം മിനിട്ടില്‍ മിത്രോവിച്ചിലൂടെ മുന്നിലെത്തിയ സെര്‍ബിയയെ 52 ാം മിനിട്ടില്‍ ഗ്രാനിറ്റ് ഷക്കയിലൂടെയാണ് സ്വിസ് പട സമനിലയിലാക്കിയത്. ബോക്‌സിന് പുറത്ത് നിന്ന് ഗ്രാനിറ്റ് ഷാക്കെ തൊടുത്ത ഷോട്ട് സെര്‍ബിയന്‍ വല കുലുക്കുകയായിരുന്നു. അഞ്ചാം മിനിട്ടില്‍ ബോക്‌സിലേക്ക് ഉയര്‍ന്നു വന്ന ക്രോസില്‍ തലവച്ച മിത്രോവിച്ചാണ് സെര്‍ബിയക്കുവേണ്ടി വല കുലുക്കിയത്.

ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി മത്സരം സമനിലയില്‍ പിരിയുമെന്ന് കരുതിയിരിക്കവെയാണ് ഷാക്കിരി രക്ഷകനായി അവതരിച്ചത്. മധ്യനിരയില്‍ നിന്ന് പന്തുമായി ഓടി കയറിയെ ഷാക്കിരിയെ പിടിച്ചുകെട്ടാന്‍ സെര്‍ബിയന്‍ പ്രതിരോധത്തിന് സാധിച്ചില്ല.

Advertisment