Advertisment

കൊള്ളസംഘത്തിന്റ ആക്രമണത്തിന് ഇരയായ സുരേഷ് റെയ്നയുടെ ഉറ്റ ബന്ധുക്കൾക്ക് നീതി ഉറപ്പാക്കുമെന്ന് ക്യാപ്റ്റൻ അമരീന്ദർ സിങ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഡൽഹി: പഞ്ചാബിലെ പഠാൻകോട്ടിൽ അർധരാത്രി കൊള്ളസംഘത്തിന്റ ആക്രമണത്തിന് ഇരയായ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ഉറ്റ ബന്ധുക്കൾക്ക് നീതി ഉറപ്പാക്കുമെന്ന പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ആക്രമണം നടന്ന രണ്ടാഴ്ചയായിട്ടും അക്രമികളെ പിടികൂടാൻ പഞ്ചാബ് പൊലീസിനു കഴിഞ്ഞിട്ടില്ല.

Advertisment

publive-image

ഇതേ തുടർന്ന് അക്രമികളെ കണ്ടെത്താനും പിടികൂടാനും സഹായം തേടി സുരേഷ് റെയ്ന ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ ടാഗും ചെയ്തു. ഇതിനു പിന്നാലെയാണ് നടപടി ഉറപ്പുനൽകി മുഖ്യമന്ത്രിയുടെ രംഗപ്രവേശം. കൊള്ളക്കാർ നടത്തിയ ആക്രമണത്തിൽ റെയ്നയുടെ രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു.

അക്രമികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായി ട്വിറ്ററിലൂടെത്തന്നെ നൽകിയ മറുപടിയിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് വ്യക്തമാക്കി. റെയ്നയുടെ പിതൃസഹോദരിക്കും കുടുംബത്തിനും നേരെ നടന്ന അക്രമത്തെ അപലപിച്ച അദ്ദേഹം, ഏറ്റവും വേഗത്തിൽത്തന്നെ അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ഉറപ്പുനൽകി.

‘പഠാൻകോട്ടിൽ സുരേഷ് റെയ്നയുടെ ബന്ധുക്കൾക്കെതിരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പഞ്ചാബ് ഡിജിപിയോട് ഏറ്റവും വേഗം അക്രമികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും നിർദ്ദേശിച്ചു. എന്റെ ഡപ്യൂട്ടി കമ്മിഷണറും സീനിയർ പൊലീസ് സൂപ്രണ്ടും ആക്രമണത്തിന് ഇരയായ കുടുംബത്തെ സന്ദർശിച്ചിരുന്നു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് ഞങ്ങൾ ഉറപ്പാക്കും’ – അമരീന്ദർ സിങ് ട്വിറ്ററിൽ കുറിച്ചു.

പഞ്ചാബിലെ പഠാൻകോട്ടിൽ ഈ മാസം 19ന് അർധരാത്രി കൊള്ളക്കാർ നടത്തിയ ആക്രമണത്തിലാണ് റെയ്നയുടെ പിതൃസഹോദരി ആശാദേവിയുടെ ഭർത്താവ് അശോക് കുമാർ (58) കൊല്ലപ്പെട്ടത്. കൊള്ളക്കാരുടെ ആക്രമണത്തിൽ തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമായത്. ആശാദേവിയും മക്കളായ കൗശൽ കുമാർ (32), അപിൻ കുമാർ (24) എന്നിവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിൽ കൗശൽ കുമാർ തിങ്കളാഴ്ച രാത്രി മരണത്തിനു കീഴടങ്ങി.

ഓഗസ്റ്റ് 19ന് അർധരാത്രി വീടിന്റെ ടെറസിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവർക്കുനേരെ ആക്രമണം ഉണ്ടായത്. കുപ്രസിദ്ധ കൊള്ളസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണം. പണവും ആഭരണങ്ങളും അക്രമികൾ കവർന്നിട്ടുണ്ട്. ആക്രമണം നടന്നിട്ട് 10 ദിവസം പിന്നിട്ടെങ്കിലും ഇതുവരെ അക്രമികളെ പിടികൂടാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് റെയ്ന പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായം തേടിയത്.

sports news suresh reina
Advertisment