Advertisment

തിങ്കളാഴ്ച മുതൽ സർവീസ് നിർത്തുമെന്ന് അന്തർ സംസ്ഥാന ബസ്സുകൾ; അന്യായമായി വൻ തുക പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം

New Update

publive-image

Advertisment

തിരുവനന്തപുരം: ഗുണ്ടായിസത്തിന് പിന്നാല ജനങ്ങളോട് വെല്ലുവിളിയുമായി അന്തർ സംസ്ഥാന ബസ് ഉടമകൾ. മോട്ടോർ വാഹന വകുപ്പിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് അന്തർ സംസ്ഥാന സർവ്വീസുകൾ നിർത്തുകയാണെന്ന് ബസ് ഓപ്പറേറ്റ‌‌ർമാർ പറയുന്നു. 24 തിങ്കളാഴ്ച മുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ നിർത്തിവക്കുമെന്നാണ് ഭീഷണി.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ദ്രോഹിക്കുന്നുവെന്നും അന്യായമായി വൻ തുക പിഴ ഈടാക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിഷേധം. ബംഗ്ലൂരുവില്‍ ചേര്‍ന്ന സംഘടനയുടെ യോഗമാണ് തീരുമാനമെടുത്തത്. ഒരു വാഹനത്തിന് പതിനായിരം രൂപ വച്ച് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുന്നുവെന്നാണ് ബസുടമകൾ പരാതിപ്പെടുന്നത്. ഇങ്ങനെ ഒരു നീക്കത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

കല്ലട ബസിൽ യാത്രക്കിടെ ബസ് ജീവനക്കാരൻ തന്നെ യുവതിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച വാർത്ത പുറത്ത് വന്ന പിന്നാലെയാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. കല്ലട ബസ്സില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ജോണ്‍സണ്‍ ജോസഫിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുകയാണ്. കല്ലട ബസുകൾക്കെതിരെ ശക്തമായ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോകവേയാണ് ബസ്സുടമകൾ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തില്‍ കല്ലട ബസ് ഉടമയെ കമ്മീഷൻ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചിരുന്നു. യാത്രക്കിടെ പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് പോലും ബസിലെ ജീവനക്കാർ സ്ത്രീകൾക്ക് ബസ് നിർത്തിക്കൊടുക്കുന്നില്ലെന്ന് പരാതികൾ കിട്ടിയിട്ടുണ്ട്. ഇക്കാര്യവും വനിതാ കമ്മീഷന്‍ അന്വേഷിക്കും.

മംഗലാപുരത്ത് നിന്ന് കയറിയ യുവതി ഉറക്കത്തിനിടയില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. ബസ് കോഴിക്കോട് എത്തിയപ്പോഴായിരുന്നു യുവതിയ്ക്ക് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോണ്‍സന്‍റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അന്തർ സംസ്ഥാന ബസുകളിൽ ഭൂരിഭാഗത്തിന്‍റെയും രജിസ്ട്രേഷനും പെർമിറ്റും കേരളത്തിന് വെളിയിൽ നിന്നാണ് എടുത്തിരിക്കുന്നത്. ഇത് മൂലം ഇവർക്കെതിരെ നടപടി എടുക്കുന്നതിന് പരിമിതിയുണ്ടെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചതിന് പിന്നാലെയാണ് ബസുടമകളുടെ വെല്ലുവിളി.

Advertisment