രോഗികളോട് ഏപ്രില്‍ 22 വരെ ഓക്സിജന് വേണ്ടി കാത്തിരിക്കാന്‍ ആരെങ്കിലും പറയുമോ ? ഡല്‍ഹിയിലെ മെഡിക്കല്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് ഡല്‍ഹി ഹൈക്കോടതി; ഓക്‌സിജന്റെ വിഷയത്തില്‍ കേരളം എല്ലാവര്‍ക്കും പിന്തുടരാവുന്ന മാതൃകയാണെന്നും കോടതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 20, 2021

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടെ ഡല്‍ഹിയിലെ മെഡിക്കല്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് ഡല്‍ഹി ഹൈക്കോടതി. വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ കോവിഡ് രോഗികള്‍ക്ക് ലഭ്യമാക്കിക്കൂടേ എന്ന് കോടതി ചോദിച്ചു.

വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഓക്‌സിജന്‍ നല്‍കുന്നത് ഏപ്രില്‍ 22 മുതല്‍ നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ‘ഇന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയാത്തത് എന്താണ് ? ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളോട് ഏപ്രില്‍ 22 വരെ ഓക്സിജന് വേണ്ടി കാത്തിരിക്കാന്‍ ആരെങ്കിലും പറയുമോ ?’, ഹൈക്കോടതി ചോദിച്ചു.

ഓക്‌സിജന്റെ വിഷയത്തില്‍ കേരളം എല്ലാവര്‍ക്കും പിന്തുടരാവുന്ന മാതൃകയാണെന്നും കോടതി പരാമര്‍ശിച്ചു. രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നത് കുറയ്ക്കാന്‍ ഗംഗാറാം ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കുമേല്‍ സമ്മര്‍ദ്ദമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

×