Advertisment

ചാർട്ടേഡ് വിമാനയാത്രക്ക് കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പിൻവലിക്കണം: വിസ്ഡം

New Update

കോഴിക്കോട്: ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് യാത്ര ചെയ്യണമെങ്കിൽ കോവിഡ് ബാധിതനല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുൽ ലത്തീഫ് മദനി, ജന:സെക്രട്ടറി ടി കെ അഷറഫ് എന്നിവർ ആവശ്യപ്പെട്ടു.

Advertisment

വന്ദേ ഭാരത് പദ്ധതിക്ക് വരുന്ന നടപടിക്രമങ്ങൾ തന്നെ ചാർട്ടേഡ് വിമാനയാത്രക്കാർക്കും ബാധകമാക്കണം.ഒരേ രാജ്യത്ത് നിന്നും വരുന്നവർക്ക് തന്നെ രണ്ട് വിധത്തിലുള്ള പ്രോട്ടോക്കോൾ നടപ്പാക്കുന്നത് ശരിയല്ല.

നിലവിൽ മാതൃരാജ്യത്തേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തവരിൽ ഭൂരിപക്ഷവും തൊഴിൽ നഷ്ടപ്പെട്ടവരോ, മറ്റു ദുരിതം അനുഭവിക്കുന്നവരോ ആണെന്നത് സർക്കാർ മറക്കരുത്.

ഗൾഫ് രാഷ്ട്രങ്ങളിലെ ആരോഗ്യ പരിപാലനരീതി, സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ, സാമ്പത്തിക ബാദ്ധ്യത, കാലതാമസം എന്നിവ പരിഗണിക്കാതെയാണ് പ്രവാസികളായ പൗരന്മാരെ കൂടുതൽ ദുരിതത്തിലാക്കുന്ന ഈ നിർദ്ദേശം സർക്കാർ മുന്നോട്ട് വെച്ചത്.

നാട്ടിലെത്തിയാൽ കർശനമായ ക്വാറന്റെയ്ൻ സംവിധാനം ഒരുക്കുന്നത് കൊണ്ട് തന്നെ സർക്കാർ മുന്നോട്ട് വെക്കുന്ന ആശങ്കകൾക്ക് തടയിടാനാകുമെന്നും ഭാരവാഹികൾ പറഞ്ഞു.

നാട്ടിലേക്ക് മടങ്ങുന്നതിന് രജിസ്റ്റർ ചെയ്തവരെ മുൻഗണനാക്രമം അനുസരിച്ച് അടിയന്തിര പ്രാധാന്യത്തോടെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ ത്വരിതപ്പെടുത്തണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

Advertisment