Advertisment

നിയമസഭാ കയ്യാങ്കളിയില്‍ മലക്കം മറിച്ച് സര്‍ക്കാര്‍ ! കെഎം മാണി അഴിമതിക്കാരനെന്ന പരാമര്‍ശം തിരുത്തി അന്നത്തെ സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് സഭയില്‍ നടന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ! പ്രതിപക്ഷത്തെ വനിതാ എംഎല്‍എമാര്‍ ആക്രമിക്കപ്പെട്ടപ്പോഴുണ്ടായ സംഘര്‍ഷമെന്നും സര്‍ക്കാര്‍. നിയമനിര്‍മ്മാണ സഭയ്ക്ക് പരമാധികാരമെന്ന വാദം തള്ളി കോടതി ! ഒരു എംഎല്‍എ സഭയില്‍ തോക്കുമായെത്തി അതിക്രമം നടത്തിയാല്‍ സഭയ്ക്ക് പരമാധികാരമെന്നു പറയാനാകുമോയെന്നും കോടതിയുടെ ചോദ്യം ? കോടതിയിലെ രൂക്ഷമായ വാഗ്വാദങ്ങളുടെ പേരില്‍ കോടതി അടിച്ചു തകര്‍ക്കുമോയെന്നും കോടതിയുടെ ചോദ്യം ! സര്‍ക്കാര്‍ വെട്ടിലാകുന്നു. മാണിക്കെതിരായ പരാമര്‍ശം പിന്‍വലിച്ചതിലൂടെ മുന്നണിയിലെ അസ്വാരസ്യങ്ങള്‍ക്ക് ആശ്വാസം

New Update

publive-image

Advertisment

ഡല്‍ഹി: മുന്‍ ധനകാര്യമന്ത്രി കെഎം മാണി അഴിമതിക്കാരനെന്ന പരാമര്‍ശം സുപ്രീംകോടതിയില്‍ തിരുത്തി സംസ്ഥാന സര്‍ക്കാര്‍. അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് നിയമസഭയില്‍ പ്രതിഷേധം നടന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയില്‍ ഇന്ന് അറിയിച്ചത്.

കഴിഞ്ഞ തവണ കേസ് വാദിച്ചപ്പോള്‍ അഴിമതിക്കാരാനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞിരുന്നത്.

ഈ നിലപാടാണ് ഇന്ന് മാറ്റിയത്. അന്നത്തെ അഭിഭാഷകന്റെ വാദത്തില്‍ സംസ്ഥാനത്ത് വലിയ രാഷ്ട്രീയവിവാദവും നടന്നിരുന്നു. എന്തായാലും നിലപാട് മാറ്റിയത് എല്‍ഡിഎഫിനും കേരളാ കോണ്‍ഗ്രസിനും ആശ്വാസമായി. എന്നാല്‍ കയ്യാങ്കളി കേസില്‍ സര്‍ക്കാരിനെതിരെ കടുത്ത ഭാഷയിലാണ് കോടതി പ്രതികരിച്ചത്.

ഇന്നു കേസ് കോടതി പരിഗണിച്ചപ്പോള്‍ അന്നത്തെ സര്‍ക്കാരിനെതിരായ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ബജറ്റ് ദിവസം ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായിയെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. പ്രതിപക്ഷത്തെ വനിതാ അംഗങ്ങള്‍ക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായി. ഈ ഘട്ടത്തിലാണ് സംഘര്‍ഷം രൂക്ഷമായതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ സഭയില്‍ അക്രമം നടത്തിയത് എന്തിനാണ് എന്ന് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എംആര്‍ ഷാ എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

publive-image

സഭയിലെ അക്രമങ്ങളില്‍ സാമാജികര്‍ക്ക് നിയമപരിരക്ഷയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഗ്വാദങ്ങള്‍ അക്രമത്തിലേക്ക് നയിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. 'കോടതിയെ നോക്കൂ, ചിലപ്പോള്‍ ഇവിടെ രൂക്ഷമായ വാഗ്വാദങ്ങള്‍ നടക്കാറുണ്ട്. അത് കോടതിയുടെ സ്വത്ത് നശിപ്പിക്കുന്നതിന് ന്യായീകരണമാണോയെന്നും കോടതി ചോദിച്ചു.

നിയമനിര്‍മ്മാണ സഭയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. സംശയമില്ല. ഒരു എംഎല്‍എ റിവോള്‍വര്‍ കൊണ്ട് നിറയൊഴിച്ചാല്‍ എന്തു ചെയ്യും. ഇക്കാര്യത്തില്‍ സഭയ്ക്കാണ് പരമാധികാരം എന്നു പറയാന്‍ ആകുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സഭയ്ക്കാണ് പരമാധികാരം എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചത്. പിവി നരസിംഹറാവു ജഡ്ജമെന്റില്‍ കോടതി അക്കാര്യം ചൂണ്ടിക്കാട്ടിയതായും കുമാര്‍ പറഞ്ഞു. ഈ വേളയിലായിരുന്നു കോടതിയുടെ പ്രതികരണം.

മന്ത്രി വി ശിവന്‍ കുട്ടി അടക്കമുള്ളവര്‍ പ്രതിസ്ഥാനത്തുള്ള കേസ് സര്‍ക്കാറിന് ഏറെ നിര്‍ണായകമാണ്. പ്രതികൂല പരാമര്‍ശമുണ്ടായാല്‍ അത് സര്‍ക്കാറിന് തിരിച്ചടിയാകും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച വേളയില്‍ പ്രതികള്‍ കുറ്റവിചാരണ നേരിടണമെന്ന് ബഞ്ച് പറഞ്ഞിരുന്നു.

Advertisment