Advertisment

പ്രണയവിവാഹത്തെ എതിര്‍ത്തു; മകള്‍ വൈരാഗ്യം തീര്‍ത്തത് വീട്ടുകാരെ ഗള്‍ഫിലെത്തിച്ച് കേസില്‍ കുടുക്കി

author-image
admin
New Update

woman cheat relatives in sharjah

Advertisment

യുഎഇ: പ്രണയവിവാഹത്തെ എതിര്‍ത്ത വീട്ടുകാരോട് മകള്‍ വൈരാഗ്യം തീര്‍ത്തത് ഗള്‍ഫിലേക്ക് ക്ഷണിച്ച് കേസില്‍ കുടുക്കി. വിസാകാലാവധി അവസാനിച്ചതിനാല്‍ പുറത്തിറങ്ങാനാവാതെ നാലുവര്‍ഷമായി ഒറ്റമുറിക്കകത്തുകഴിയുകയാണ് മൂന്നംഗ മലയാളി കുടുംബം. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ ഷാര്‍ജയില്‍ ദുരിതമനുഭവിക്കുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ്.

തിരുവല്ല സ്വദേശി രശ്മിനായരും മാവേലിക്കരക്കാരന്‍ ബിജുകുട്ടനും 2009ലാണ് വിവാഹിതരായത്. ബിജുവിന് വേറെ ഭാര്യയും കുട്ടിയുമുള്ളതിനാല്‍ വീട്ടുകാരെ അറിയിക്കാതെ ആയിരുന്നു വിവാഹം. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് രശ്മിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബിജുവിനെ അറസ്റ്റ് ചെയ്തതോടെയാണ് പക തുടങ്ങുന്നത്.

‍വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷമാപണം നടത്തി രശ്മിയും ബിജുവും അച്ഛനമ്മമാരെയും സഹോദരിയേയും യുഎഇയിലേക്ക് കൊണ്ടുവന്നു. റാസല്‍ഖൈമയിലെ ഗോള്‍ഡ് ഹോള്‍സെയില്‍ കമ്പനിയുടെ പേരില്‍ വിസയെടുത്ത ശേഷം ബിസിനസ് വിപുലീകരണത്തിനെന്ന പേരില്‍ രശ്മിയുടെ അച്ഛൻ രവീന്ദ്രന്‍റേയും സഹോദരി രഞ്ജിനിയുടേയും പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് ബിജു വായ്പയെടുത്തു. തുക കൈക്കലാക്കി അടിയന്തിരമായി നാട്ടില്‍ പോയിവരാമെന്ന് പറഞ്ഞ് ബിജുവും രശ്മിയും മുങ്ങിയിട്ട് നാല് വര്‍ഷമായി. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകള്‍ രശ്മിയുടെ പിതാവിനും സഹോദരിക്കുമെതിരെ കേസുനല്‍കി.

വിസകാലവധി അവസാനിച്ചതിനാല്‍ ഷാര്‍ജയിലെ ഒറ്റമുറിക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബം. കേസ് തീര്‍പ്പാക്കി നാട്ടിലേക്കു പോയ രവീന്ദ്രനെ രശ്മിയും ബിജുവും കള്ളക്കേസില്‍ കുടുക്കി ജയിലിട്ടതായി ശ്രീദേവി പറയുന്നു. പോലീസ് പാസ്പോര്‍ട്ട് പിടിച്ചുവച്ചതിനാല്‍ രവീന്ദ്രന് തിരിച്ച് ഗള്‍ഫിലേക്ക് വരാനും പറ്റാത്ത അവസ്ഥയാണ്.

Advertisment