സബ്കളക്ടറെ അപമാനിച്ച് സംസാരിച്ചതിന് എം എൽ എ ക്കെതിരെ വനിതാ കമ്മീഷൻ കേസ്

ന്യൂസ് ബ്യൂറോ, ഇടുക്കി
Monday, February 11, 2019

തിരുവനന്തപുരം : ദേവികുളം സബ്കളക്ടർ രേണു രാജിനെ അപമാനിച്ച് സംസാരിച്ച സംഭവത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. ദേവികുളം സബ്കളക്ടർ രേണു രാജിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്നാറില്‍ വിവാദ സംഭവം അരങ്ങേറിയത്. ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എം.എല്‍.എ.യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ മടക്കി അയയ്ക്കുകയായിരുന്നു. ഇതിനിടെയാണ് എം.എല്‍.എ. സബ്കളക്ടര്‍ക്കെതിരെ സംസാരിച്ചത്. ഇത് പ്രദേശിക ചാനല്‍ പ്രവര്‍ത്തകര്‍ പകര്‍ത്തുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവം വിവാദമായി.

അവൾ, ഇവൾ എന്നു സംബോധന ചെയ്ത് സംസാരിച്ച എംഎൽഎ സബ്കളക്ടറെ ബുദ്ധിയില്ലാത്തവൾ എന്നു പറഞ്ഞിരുന്നു. ഇതിനെതിരെ രേണു രാജും പരാതിയുമായി രംഗത്തെത്തുകയായിരുന്നു. രാജേന്ദ്രൻ എംഎൽഎ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സഹിതം ഇവർ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.

×