സിനിമയിലെ സ്ത്രീപക്ഷ സംഘടന അങ്ങനെ ആർക്കോ വേണ്ടി തിളച്ചുകൊണ്ടിരുന്ന സാംബാർ പോലായിരിന്നോ ?

ദാസനും വിജയനും
Friday, January 5, 2018

manju warrier, rima kallingal, parvathy

‘ഞങ്ങൾക്കൊപ്പമുള്ള സുഹൃത്തുക്കൾ അറിയുവാൻ’ എന്ന പേരില്‍ തങ്ങളുടെ എഫ് ബി പേജില്‍ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് പുറത്തുവിട്ട കുറിപ്പ് ആ സംഘടനയുടെ നിലവിലുള്ള അവസ്ഥയുടെ ഒരു ഏകദേശ ചിത്രം പൊതുസമൂഹത്തിനു നല്‍കുന്നുണ്ട്.

അതിനിടെ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാടുകളുംകൂടി പുറത്തുവരുന്നത് കേള്‍ക്കുമ്പോള്‍ സംഘനയുടെ ഭാവിയെക്കുറിച്ചും ഒരു ധാരണ ആയിക്കഴിഞ്ഞു.

ഈ സംഘടന ജനിച്ച അന്നുതന്നെ അമ്മയുടെ വലിയ നേതാവ് പറഞ്ഞ കമന്‍റ് എത്രയോ ശരിയായിരിക്കുന്നു എന്ന തോന്നല്‍ ഉണ്ടായിരിക്കുന്നു .

‘ ഇതൊന്നും അത്ര വലിയ കാര്യമായി എടുക്കണ്ട, അങ്ങനെ ഒരുമിച്ച് ചേരുന്ന വർഗ്ഗമല്ല ഇവരൊക്കെ, അങ്ങനെയൊന്നും ഇവർ ഒന്നിക്കുവാൻ ദൈവം തന്നെ തീരുമാനിച്ചിട്ടില്ല എന്ന്. അവർ സംഘടനക്ക് ഇട്ടിരിക്കുന്ന പേര് പറയുമ്പോൾ തന്നെ നാവ് ഉളുക്കും” . സംഭവം അങ്ങേരുടെ കരിനാവ് പോലെത്തന്നെ സംഭവിച്ചു . അല്ലാതെന്ത് പറയുവാൻ ? അല്ലേ ?

ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായി രുപം കൊണ്ട ഈ സംഘടന , പലരുടെയും വ്യക്തി വൈരാഗ്യങ്ങൾ തീർക്കുവാനും, വ്യക്തി താൽപ്പര്യങ്ങൾ സംരക്ഷിക്കുവാനും മാത്രമേ ഉപകരിക്കൂ എന്നുള്ള സത്യം മനസ്സിലാക്കുവാൻ സിനിമയിലെ പാവം പെണ്ണുങ്ങൾക്ക് നേരം വൈകി. അത് മനസിലാക്കി കൊടുത്തതിനു മഞ്ജു വാര്യരെ ‘അഭിനന്ദിക്കണം’

അതാണ് ആണും പെണ്ണും തമ്മിലുള്ള പ്രധാന വ്യത്യാസമായി നാം ഇവിടെ കാണേണ്ടത്. പെണ്ണുങ്ങളെ കുറ്റം പറയുവാനല്ല നാം ഇപ്പോൾ തുനിയേണ്ടത്. അവരെ ഈ ചാട്ടിന്മേൽ കയറ്റിയ വിരുതന്മാരെ ഒറ്റപ്പെടുത്തുന്നതിനായാണ് ഈ അവസരം നാം വിനിയോഗിക്കേണ്ടത്.

പെട്ടെന്നുള്ള ആവേശത്തിൽ ഈ പെൺജീനിയസുകൾ ഇറങ്ങി പുറപ്പെട്ടെങ്കിലും ദിനംപ്രതി കാര്യങ്ങൾ ഉൾക്കൊണ്ടപ്പോൾ പറ്റിപ്പോയ മണ്ടത്തരങ്ങള്‍ ഏറ്റെടുത്തുകൊണ്ട് അവർ സ്വയം പിന്മാറുകയായിരുന്നു .

രാഷ്ട്രീയ അതിപ്രസരവും അതുപോലെ ചിലരെ ഒതുക്കുവാനുമുള്ള ഉപാധിയായി സംഘടനകളെ ദുരുപയോഗം ചെയ്യുമ്പോൾ സംഘടനയുടെ മൂല്യങ്ങള്‍ നഷ്ടമാകുന്നു. വടക്കാഞ്ചേരിയിലെ പെൺ വിഷയം ഭംഗിയായി കേരളസമൂഹത്തിൽ അവതരിപ്പിച്ച സ്ത്രീ പക്ഷക്കാരായ രണ്ടുപേരെ ഒറ്റപ്പെടുത്തുന്നതിനും കൂടിയാണ് ഇങ്ങനെയൊരു സംഘടനക്ക് ഉന്നതങ്ങളിൽ ഉള്ളവർ അനുഗ്രഹാശിസ്സുകൾ നൽകിയത് .

വേറെ ചിലർക്ക് അവരുടെ സിനിമകൾ റിലീസ് ചെയ്യുമ്പോഴേക്കും അമ്മയെന്ന സംഘടന ഇല്ലാതാക്കി മലയാള സിനിമയെ ഒന്നടങ്കം വിഴുങ്ങാമെന്ന് കരുതിയും കൂടിയാണ് ഇക്കളികൾക്ക് തുടക്കം കുറിച്ചത്. ഇപ്പോൾ അമ്മയുടെ തലപ്പത്തുള്ളവരുമായി അവർക്കുള്ള അടുപ്പക്കേടുകളൂം പൊരുത്തക്കേടുകളും അവരെ വല്ലാതെ തളർത്തിയിരുന്നു.

അപ്പോൾ വീണുകിട്ടിയ വടിയായിരുന്നു നടിയുടെ ആക്രമണവും പിന്നീടുള്ള സംഭവവികാസങ്ങളും. പെട്ടെന്ന് അവരെല്ലാം സട കുടഞ്ഞു എഴുന്നേൽക്കുകയും ശത്രുവിന്റെ ശത്രു മിത്രം എന്നുള്ള ആപ്തവാക്യം കടമായെടുക്കുകയും തിരുവനന്തപുരത്തെ സിഎക്കാരൻ ഗുണ്ടയെ കൂടെക്കൂട്ടുകയും ചെയ്തപ്പോൾ എല്ലാം ഭംഗിയായി .

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയെ ഒരു ഷോ മാത്രം കളിക്കുവാൻ അനുവദിച്ച, ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പാർട്ടിയുടെ നേതാവിനെ പ്രതിപാദിക്കുന്ന സിനിമയായ രാമലീലയെ ഇല്ലാതാക്കുവാൻ കിട്ടിയ അവസരങ്ങളും എല്ലാവരും ചേർന്ന് മുതലാക്കി.

കുടുംബവഴക്കുകളെ തെരുവിലേക്ക് വലിച്ചിഴപ്പോൾ ചെന്നായകൾ ചോരകുടിക്കുവാനുള്ള സമയം വെറുതെ കളഞ്ഞില്ല. ഇതിന്നിടയിൽ പഴയകാലത്തെ പല്ലുകൊഴിഞ്ഞ കുറെ സിംഹക്കുഞ്ഞുങ്ങളും പഴയ വൈരാഗ്യങ്ങളെ പൊടി തട്ടി പുറത്തേക്ക് കൊണ്ടുവന്നപ്പോൾ ചാനലുകാർക്ക് 9 മണി സമയം കൊയ്‌ത്തുത്സവമായി മാറുകയായിരുന്നു .

അതിന്നിടയിൽ തക്കം പാർത്തിരുന്ന പോലീസുദ്യോഗസ്ഥർ അവരവരുടെ ഈഗോകളും
തമ്മിൽ തല്ലുകളും ഒക്കെ കൂട്ടിക്കുഴച്ച് പകരം വീട്ടുവാനുള്ള അവസരമായി ഇക്കളികളെ കണ്ടപ്പോൾ നഷ്ടമായത് പാവം നടിമാരുടെ സമയവും സിനിമ അവസരങ്ങളുമാണ് .

കഴിഞ്ഞ വര്‍ഷം ഒരു വനിതാ സ്വാതന്ത്ര്യ മുന്നേറ്റ സംഘടനയുടെ സമ്മേളനം കൊച്ചിയിൽ നടന്നു. സമ്മേളനത്തിന് ഒരാഴ്ചക്ക് മുൻപേ കൊച്ചിയിലൂടെ രാത്രി ഒരു മണിക്ക് ശേഷം യാത്ര ചെയ്യേണ്ടതായി വന്നപ്പോൾ കണ്ട ഒരു കാഴ്ച .

ഒരു ഓട്ടോ റിക്ഷയിൽ ബംഗാളികളായ കുറെ ആണുങ്ങൾ നഗരം മുഴുവൻ പോസ്റ്ററുകൾ ഒട്ടിക്കുന്നു . എല്ലാറ്റിലും സ്വാതന്ത്ര്യം വേണമെന്ന് പറയുന്ന വനിതാ സംഘടനക്ക് രാത്രിയിൽ നഗരത്തിൽ പോസ്റ്ററുകൾ ഒട്ടിക്കുവാൻ പെണ്ണുങ്ങളെ കിട്ടാത്ത അവസ്ഥയാണ് എന്ന് മനസിലായി.

വനിതാ നേതാക്കൾ ഇക്കാര്യം കാര്യമായെടുത്തില്ല എന്ന് വേണം കരുതുവാൻ. ആർക്കും എന്തും പറയാം , എഴുതാം , പ്രസംഗിക്കാം , പക്ഷെ അതൊക്കെ പ്രാവർത്തികമാക്കുവാൻ അത്ര എളുപ്പമല്ലെന്ന് ഇപ്പോൾ രൂപീകരിച്ച സംഘടനയിലുള്ളവർക്ക്‌ കുറെയൊക്കെ മനസ്സിലായി .

 ഏറ്റവും പ്രധാനം ഇത് കേരളമാണ്, ഇവിടെ ഒന്നും നടക്കില്ല. അല്ലെങ്കിൽ നടന്നാൽ തന്നെ അതിനെ ഭംഗിയാക്കുവാൻ ആരും സമ്മതിക്കില്ല. സംശയമുണ്ടെങ്കിൽ ഇപ്പോൾ ഭരിക്കുന്നവരോടും മുൻപ് ഭരിച്ചവരോടും ഒക്കെ ചോദിച്ചു നോക്കുക .

ഇതൊരു പരീക്ഷണശാലയാണ് , ഇവിടെ ജയിക്കുന്നവർ ലോകം കീഴടക്കുവാൻ പ്രാപ്തിയുള്ളവരാകുന്നു . ഇവിടെ തോൽക്കുന്നവർ ജീവിതത്തിൽ തോൽക്കുന്നു . ശരിക്കും ദൈവത്തിന്റെ അല്ലെങ്കിൽ ദൈവങ്ങളുടെ സ്വന്തം നാട് എന്നുള്ളത് എത്രയോ അർത്ഥവത്തായ വാക്കുകൾ .

ഇനിയെങ്കിലും ആരെങ്കിലും സംഘടനകൾ രൂപീകരിക്കുമ്പോൾ ഇക്കാര്യങ്ങൾ ഓർമ്മകളുണ്ടായിക്കുമെന്ന് കരുതിക്കൊണ്ട്,

വനിതാ വിമോചനക്കാരുടെ കാറിന്റെ ഡ്രൈവർ ദാസപ്പനും അവർക്കായി മൈക്ക് അനൗൺസ്‌മെന്റ് നടത്തിക്കൊണ്ട് വിജയപ്പനും

×