ജീവിതത്തില്‍ സന്തോഷവതിയായി ഇരിക്കാന്‍ ചില വഴികളിതാ ..

Wednesday, June 27, 2018

ജീവിതത്തില്‍ സന്തോഷവതിയായി ഇരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. വിഷമഘട്ടങ്ങളിലും സന്തോഷത്തോടെയിരിക്കാന്‍ ചില ചില വഴികള്‍ ഇതാ..

ഉത്തരവാദിത്തങ്ങള്‍ സന്തോഷപൂര്‍വ്വം ഏറ്റെടുക്കുക

ജീവിതത്തില്‍ സന്തോഷം കടന്നുവരുന്നത് ക്രിയാത്മകമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോഴും ജീവിതത്തെക്കുറിച്ച് പോസിറ്റീവ് ആയ ചിന്താഗതികള്‍ സ്വീകരിക്കുമ്പോഴുമാണ്. പലപ്പോഴും നിരാശയും പരാജയങ്ങളും സംഭവിച്ചേക്കാം. എങ്കിലും ആത്യന്തികമായി ജീവിതത്തിന്റെ സന്തോഷത്തിന്റെ മുഖം കണ്ടെത്താന്‍ ശ്രമിക്കുക.

ഈമുഖം കണ്ടെത്താതെ വരുന്നതുകൊണ്ടാണ് പലരും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുമ്പോൾ അതില്‍ നിന്നുണ്ടാകുന്ന സന്തോഷത്തിന്റെ വിജയി നിങ്ങള്‍ മാത്രമാണ് എന്ന് മനസ്സിലാക്കുക. അതുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ഒഴിഞ്ഞുമാറാതെ നേരിടാന്‍ പഠിക്കുക. അത് ജോലിയിലായാലും കുടുംബത്തിലായാലും.

പോസിറ്റീവായ വശങ്ങള്‍ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്യുക

വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞതാകുമ്പോഴും എവിടെയെങ്കിലുമൊക്കെ നമ്മുക്ക് ചില നല്ല വശങ്ങള്‍ കണ്ടെത്താന്‍ കഴിയണം. ഉദാഹരണത്തിന് ഒരു സൂര്യോദയം കാണുമ്പോഴും മഴ നനയുമ്പോഴും നിലാവില്‍ നടക്കുമ്പോഴുമെല്ലാം ഉള്ളിലെ ക്രിയാത്മകത ഉണരുന്നതായി നാം അറിയുന്നുണ്ട്.

ഇത്തരം ബാഹ്യമായ ഘടകങ്ങള്‍ ഉള്ളിലേക്ക് തിരിയാനും അവിടെ സ്വന്തം നന്മകള്‍ കണ്ടെത്താനും സഹായിക്കും. നിങ്ങളുടെ നന്മകളെ മറ്റാരും കണ്ടെത്തിപറയുന്നില്ലെങ്കിലും സാരമില്ല നിങ്ങളെങ്കിലും അത് കണ്ടെത്തുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണം.

സന്തോഷപ്രകൃതം മറ്റുള്ളവരെയും ആകര്‍ഷിക്കും

നിങ്ങളുടെ മുഖത്തെ സന്തോഷവും ജീവിതത്തോടുള്ള പോസിറ്റീവ് കാഴ്ചപ്പാടുമാണ് നിങ്ങളെ മറ്റുള്ളവരിലേക്ക് അടുപ്പിക്കുന്നത്. മൂടിക്കെട്ടിയ മുഖവും നിരാശാഭരിതമായ കാഴ്ചപ്പാടും നിങ്ങളെ എല്ലാവരില്‍ നിന്നും അകറ്റുകയേയുള്ളൂ. ചുറ്റിനും ആരൊക്കെയോ കൂട്ടുകൂടാനും കൂടെ നടക്കാനും ഉണ്ടെന്ന് മനസ്സിലാക്കുന്നത് നല്ലൊരു കാര്യമല്ലേ?

പുഞ്ചിരി കൂടെ കൊണ്ടുനടക്കുക

പുഞ്ചിരി ഒരു മനോഭാവമാണ്.ജീവിതത്തോടും വ്യക്തികളോടുമുള്ള ക്രിയാത്മകമായ മനോഭാവത്തിന്റെ സൂചനയാണത്. നിങ്ങള്‍ പുഞ്ചിരിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്കും പുഞ്ചിരി കിട്ടും. മറ്റുള്ളവരില്‍ നിന്ന് കിട്ടുന്ന പുഞ്ചിരി ജീവിതത്തെ നോക്കിയും പുഞ്ചിരിക്കാന്‍ നിങ്ങള്‍ക്ക് കഴിവുലഭിക്കും.

×